Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈദ്യുത വാഹന വ്യാപനത്തിന് ‘ബാറ്ററി സ്വാപ്പിങ്’

electric-car

ബാറ്ററികൾ മാറ്റി ഉപയോഗിക്കുന്ന ‘സ്വാപ്പിങ്’ രീതി വഴി ഇന്ത്യയിലെ വൈദ്യുത കാർ വിപ്ലവനത്തിനു ഹ്രസ്വകാലാടിസ്ഥാനത്തിൽ മുന്നേറാനാവുമെന്ന് ഏഷ്യൻ വികസന ബാങ്ക്(എ ഡി ബി). അന്തരീക്ഷ മലിനീകരണത്തെ ചെറുക്കാൻ മാർഗങ്ങൾ തേടുന്ന രാജ്യത്തിന് ഇതാണ് ഏറ്റവും അഭികാമ്യമെന്നും ബാങ്ക് കരുതുന്നു.

വൈദ്യുത വാഹന ഉപയോഗം പ്രോത്സാഹിപ്പിക്കാൻ  ഔദ്യോഗിക ഉപയോഗത്തിനായി കേന്ദ്ര സർക്കാർ 10,000 വൈദ്യുത കാറുകൾ വാങ്ങാനുള്ള ടെൻഡർ നടപടി പൂർത്തിയാക്കിയിരുന്നു. ഏറ്റവും താഴ്ന്ന വില വാഗ്ദാനം ചെയ്ത് ടാറ്റ മോട്ടോഴ്സും മഹീന്ദ്ര ആൻഡ് മഹീന്ദ്രയുമാണ് ഊർജ മന്ത്രാലയത്തിനു കീഴിലെ എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡ്(ഇ ഇ എസ് എൽ) നടത്തിയ ടെൻഡറിൽ വിജയിച്ചത്. അടുത്ത ഘട്ടത്തിൽ ഇക്കൊല്ലം അവസാനത്തോടെ അരലക്ഷം വൈദ്യുത ത്രിചക്ര വാഹനങ്ങൾ വാങ്ങാനും ഇ ഇ എസ് എൽ തയാറെടുക്കുന്നുണ്ട്.  

ഇന്ത്യയിൽ ലെഡ് ആസിഡ് ബാറ്ററി ഉപയോഗിക്കുന്ന ആറു ലക്ഷത്തോളം വൈദ്യുത റിക്ഷകൾ ഓടുന്നുണ്ടെന്നാണ് എ ഡി ബിയുടെ കണക്ക്; ഇവ പൂർണതോതിൽ ചാർജ് ചെയ്യാൻ എട്ടു മുതൽ ഒൻപതു മണിക്കൂർ സമയമെടുക്കും. കൂടാതെ ഓരോ രണ്ടു വർഷത്തിനിടയ്ക്കും ഈ ബാറ്ററികൾ മാറ്റുകയും വേണം. 

വെല്ലുവിളികൾ അവശേഷിക്കുമ്പോഴും വൈദ്യുത വാഹന വ്യാപനത്തിനുള്ള ഇന്ത്യയുടെ നടപടികൾ മുന്നോട്ടു തന്നെയാണു നീങ്ങുന്നതെന്നാണ് എ ഡി ബിയുടെ വിലയിരുത്തൽ. ബാറ്ററികൾ ചാർജ് ചെയ്യാനുള്ള അടിസ്ഥാന സൗകര്യങ്ങളിലെ അപര്യാപ്തതയാണ് ഈ രംഗത്തെ ഏറ്റവും വലിയ പോരായ്മയെന്നും ബാങ്കിലെ പ്രിൻസിപ്പൽ എനർജി സ്പെഷലിശ്റ്റ് സൊഹെയ്ൽ ഹസ്നിയും ഗയെം മോട്ടോർ വർക്സ് ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ രാജ ഗയെമും ചേർന്ന് എഴുതി ബ്ലോഗിൽ പറയുന്നു.

വൈദ്യുത വാഹനങ്ങൾ പെരുകുന്ന ഘട്ടത്തിൽ രാജ്യത്തു കൂടുതൽ ചാർജിങ് സ്റ്റേഷനുകൾ വേണ്ടിവരുമെങ്കിലും ഹ്രസ്വകാലാടിസ്ഥാനത്തിൽ ബാറ്ററി പങ്കുവയ്ക്കലാവും കൂടുതൽ പ്രായോഗികമായ മാർഗമെന്നും ബ്ലോഗ് രചയിതാക്കൾ വിലയിരുത്തുന്നു.