Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയിൽ സുസുക്കിയുടെ സഹായം തേടാൻ ടൊയോട്ട

toyota-suzuki

ഇന്ത്യയിലെ പ്രകടനം മെച്ചപ്പെടുത്താൻ സ്വന്തം ഉപസ്ഥാപനമായ ഡയ്ഹാറ്റ്സുവിനു പകരം പുതിയ പങ്കാളിയായ സുസുക്കിയിൽ പ്രതീക്ഷയർപ്പിച്ച് ടൊയോട്ട മോട്ടോർ കോർപറേഷൻ. ഇന്ത്യയ്ക്കു പകരം ഏഷ്യ പസഫിക് മേഖലയിലും ജപ്പാനിലുമായി ഡയ്ഹാറ്റ്സുവിന്റെ പ്രവർത്തനം തുടരാനാണ് പരിപാടിയെന്നു ടൊയോട്ട ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ(ഏഷ്യ, മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക) ഹിരൊയുകി ഫുകുയ് അറിയിച്ചു. ഏഷ്യ പസഫിക് മേഖലയിൽ ഇന്തൊനീഷയിലും മലേഷ്യയിലുമാണു നിലവിൽ ഡയ്ഹാറ്റ്സുവിനു സാന്നിധ്യമുള്ളത്. 

അതേസമയം ഉപസ്ഥാപനമായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് വഴി ഇന്ത്യൻ കാർ വിപണിയെ അടക്കിവാഴുകയാണ് സുസുക്കി മോട്ടോർ കോർപറേഷൻ. ഇന്ത്യൻ കാർ വിപണിയുടെ  പകുതിയോളം മാരുതി സുസുക്കിക്കു സ്വന്തമാണ്. ഇതുമായി താതരമ്യം ചെയ്താൽ ഇന്ത്യയിൽ ടൊയോട്ട വെറും വിദ്യാർഥി മാത്രമാണെന്നായിരുന്നു ഫുകുയിയുടെ വിലയിരുത്തൽ. അതുകൊണ്ടുതന്നെ ഇന്ത്യൻ വിപണിയെ ആഴത്തിലറിയുന്ന സുസുക്കിയിൽ നിന്നു ടൊയോട്ടയ്ക്കു ധാരാളം പഠിക്കാനുമുണ്ട്. വിദേശ വിപണികളിലെ ടൊയോട്ട — സുസുക്കി പ്രാതിനിധ്യത്തിനു നേർ വിപരീതമാണ് ഇന്ത്യയിലെ സ്ഥിതിയെന്നും അദ്ദേഹം ഓർമിപ്പിച്ചു.

നൂതന, ഭാവി സാങ്കേതികവിദ്യകളുടെ വികസനത്തിൽ സഹകരിക്കാൻ അടുത്തയിടെയാണ് ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ടയും സുസുക്കിയും ചർച്ചകൾ തുടങ്ങിയത്. കൂട്ടുകെട്ടിന്റെ ഭാവി സംബന്ധിച്ച് വ്യക്തത കൈവരുന്നതോടെ ഇന്ത്യയിൽ ഇരുകമ്പനികളും എപ്രകാരം സഹകരിക്കുമെന്ന ചിത്രവും തെളിയും. 

ചെറു കാർ നിർമാണത്തിലുള്ള വൈദഗ്ധ്യം മുൻനിർത്തി ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഡയ്ഹാറ്റ്സുവിന്റെ കൂട്ടുപിടിക്കാനായിരുന്നു ടൊയോട്ടയുടെ മുൻതീരുമാനം. എന്നാൽ സുസുക്കിയുമായി സഖ്യത്തിനൊരുങ്ങുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ ഡയ്ഹാറ്റ്സുവിന്റെ പിന്തുണ തേടുന്നതിൽ കാര്യമില്ലെന്നാണു ടൊയോട്ടയുടെ ഇപ്പോഴത്തെ വിലയിരുത്തൽ. ഡയ്ഹാറ്റ്സുവിനെ കളത്തിലിറക്കുന്നതിനു പകരം കുറഞ്ഞ ചെലവിൽ കാർ നിർമിക്കാൻ സുസുക്കിക്കുള്ള വൈദഗ്ധ്യം പ്രയോജനപ്പെടുത്തുന്നതാണ് അഭികാമ്യമെന്നും ടൊയോട്ട കരുതുന്നു.