Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാരുതിയോട് മത്സരിക്കാൻ 6 പുതു മോഡലുകളുമായി ഹോണ്ട

honda-hr-v

ഇന്ത്യയിലെ നില മെച്ചപ്പെടുത്താൻ അടുത്ത മൂന്നു വർഷത്തിനിടെ ആറു പുതിയ മോഡലുകൾ വിൽപ്പനയ്ക്കെത്തിക്കാൻ ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട മോട്ടോർ കമ്പനിക്കു പദ്ധതി. എന്നാൽ ഇതിൽ സങ്കര ഇന്ധന, വൈദ്യുത വാഹനങ്ങൾ ഉൾപ്പെടുന്നില്ലെന്നും ഹോണ്ട വ്യക്തമാക്കി. വൈദ്യുത വാഹന മേഖലയ്ക്കുള്ള കേന്ദ്ര സർക്കാർ നയം സംബന്ധിച്ച് വ്യക്തത കൈവന്ന ശേഷം ഈ വിഷയത്തിൽ തീരുമാനമെടുക്കുമെന്നാണു ഹോണ്ടയുടെ നിലപാട്.

ഇന്ത്യയ്ക്കായി ആറു പുതിയ മോഡലുകൾ അണിഞ്ഞൊരുങ്ങുന്നുണ്ടെന്ന് ഹോണ്ട മോട്ടോർ കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ തകഹിരൊ ഹചിഗൊയാണു വെളിപ്പെടുത്തിയത്. ഇതിൽ ബാറ്ററിയിൽ ഓടുന്ന മോഡലുകൾ ഉണ്ടാവില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

പുതിയ വാഹനങ്ങളെല്ലാം ഇന്ത്യയിൽ തന്നെ നിർമിച്ചു വിൽക്കാനാണു കമ്പനിയുടെ തീരുമാനം; ഉത്തർ പ്രദേശിലെ ഗ്രേറ്റർ നോയ്ഡയിലും രാജസ്ഥാനിലെ തപുകരയിലുമാണു ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡിന്റെ നിർമാണശാലകൾ പ്രവർത്തിക്കുന്നത്.

ഇന്ത്യയിൽ സങ്കര ഇന്ധന വാഹനങ്ങളുടെയും വൈദ്യുത വാഹനങ്ങളുടെയും ഭാവി തികഞ്ഞ അനിശ്ചിതത്വത്തിലാണെന്നു ഹചിഗൊ കരുതുന്നു. സങ്കര ഇന്ധന മോഡലുകളാണോ വൈദ്യുത വാഹനങ്ങളാണോ ഭാവിയിൽ ഇന്ത്യൻ വിപണിയിൽ വിൽപ്പന വളർച്ച നേടുകയെന്നതിലാണ് കമ്പനിയുടെ ആശങ്ക. ഈ സാഹചര്യത്തിൽ സർക്കാർ വ്യക്തമായ നയം പ്രഖ്യാപിച്ച ശേഷം ഇതുസംബന്ധിച്ചു തീരുമാനമെടുക്കാനാണ്  കമ്പനിയുടെ തീരുമാനം.

നിലവിലുള്ള അടിസ്ഥാന സൗകര്യം തന്നെ ഉപയോഗിക്കാമെന്നതാണ് സങ്കര ഇന്ധന മോഡലുകളുടെ നേട്ടമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പക്ഷേ കഴിഞ്ഞ ജൂലൈയിൽ ചരക്ക്, സേവന നികുതി(ജി എസ് ടി) നടപ്പായതോടെ സങ്കര ഇന്ധന വാഹനങ്ങളുടെ വില ഗണ്യമായി ഉയർന്നിരുന്നു. എങ്കിലും സർക്കാർ സഹായത്തിനായി കാത്തിരിക്കാതെ ഉപയോക്താക്കൾക്കു താങ്ങാവുന്ന വിലകളിൽ സങ്കര ഇന്ധന മോഡലുകൾ വിൽപ്പനയ്ക്കെത്തിക്കാനാണ് ഹോണ്ടയുടെ ശ്രമമെന്നും ഹചിഗൊ വെളിപ്പെടുത്തി.