Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈദ്യുത വാഹനം: 500 കോടി മുടക്കാൻ അശോക് ലേയ്‌ലൻഡ്

ashok-leyland

വൈദ്യുത വാഹന വിഭാഗത്തിലെ പ്രവർത്തനം ഊർജിതമാക്കാൻ അടുത്ത അഞ്ചു വർഷത്തിനകം 400 — 500 കോടി രൂപ വരെ നിക്ഷേപിക്കാൻ ഹിന്ദൂജ ഗ്രൂപ്പിൽപെട്ട വാണിജ്യ വാഹന നിർമാതാക്കളായ അശോക്  ലേയ്‌ലൻഡ് ഒരുങ്ങുന്നു. ഭാവിയുടെ സാധ്യതകൾ പൂർണമായും പ്രയോജനപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ഈ നിക്ഷേപത്തിനൊരുങ്ങുന്നതെന്നും കമ്പനി മാനേജിങ് ഡയറക്ടർ വിനോദ് കെ ദാസരി അറിയിച്ചു.

അതേസമയം, വൈദ്യുത വാഹന സാങ്കേതികവിദ്യയിൽ സർക്കാരും നിക്ഷേപം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മലിനീകരണ വിമുക്ത സാങ്കേതികവിദ്യകളുടെ പ്രചാരണത്തിനും ബാറ്ററിയുടെ വില കുറയാനും ഇത്തരം നടപടികൾ അനിവാര്യമാണെന്നും ദാസരി അഭിപ്രായപ്പെട്ടു. അടുത്ത അഞ്ചു മുതൽ 10 വർഷത്തിനകം രാജ്യം വൈദ്യുത വാഹനങ്ങളിലേക്കു മാറുമെന്നാണു പ്രതീക്ഷയെന്ന് ദാസരി വെളിപ്പെടുത്തി. മാറുന്ന സാഹചര്യത്തോടു പൊരുത്തപ്പെടാനും ഇപ്പോഴുള്ള വിൽപ്പന നിലനിർത്താനുമൊക്കെ ലക്ഷ്യമിട്ടാണു കമ്പനി 400 — 500 കോടി രൂപ നിക്ഷേപിക്കാൻ തയാറെടുക്കുന്നതെന്നും ദാസരി വിശദീകരിച്ചു.

വൈദ്യുത വാഹനം വാങ്ങാൻ ഇടപാടുകാരെ നിർബന്ധിക്കാൻ നിർമാാതക്കൾക്കു കഴിയില്ല. മാത്രമല്ല, ആകർഷകമെന്ന് ഉപയോക്താക്കൾക്കു തോന്നാതെ വൈദ്യുത വാഹന വിൽപ്പന ഉയരില്ലെന്നും ദാസരി വിലയിരുത്തി. 2030 ആകുമ്പോഴേക്ക് വൈദ്യുത വാഹനങ്ങൾ വ്യാപകമാക്കാൻ സർക്കാർ ആഗ്രഹിക്കുന്നെങ്കിൽ അതിനുള്ള അന്തരീക്ഷം സൃഷ്ടിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. ബാറ്ററി വില കുറയ്ക്കാൻ നടപടിയെടുക്കുക ഇതിൽ സുപ്രധാനമാണെന്നും ദാസരി ഓർമിപ്പിച്ചു. ഒപ്പം വൈദ്യുത വാഹനങ്ങൾക്കുള്ള അടിസ്ഥാന സൗകര്യം വികസിപ്പിക്കാനും വൈദ്യുത വാഹനങ്ങൾക്കുള്ള നിലവാരം നിർണയിക്കാനുമൊക്കെ നടപടി വേണം. 

അതിവേഗം ചാർജാവുന്ന ബാറ്ററി ഘടിപ്പിച്ച ബസ്സുകളും രാത്രികാലത്ത് ചാർജ് ചെയ്യാവുന്ന ബാറ്ററി ഉപയോഗിക്കുന്ന ബസ്സുകളുമൊക്കെയാണ് അശോക് ലേയ്ലൻഡിന്റെ പരിഗണനയിലുള്ളത്. കൂടാതെ സൺ മൊബിലിറ്റിയുമായി സഹകരിച്ച് ‘ബാറ്ററി സ്വാപ്പിങ്’ സാധ്യത പ്രയോജനപ്പെടുത്താനും അശോക് ലേയ്ലൻഡിനു പദ്ധതിയുണ്ട്.