Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടി വി എസ് ബൈക്കുകൾ ഡൊമിനിക്കൻ റിപബ്ലിക്കിലും

tvs-logo

കരീബിയൻ രാജ്യമായ ഡൊമിനിക്കൻ റിപബ്ലിക്കിലേക്കു പ്രവർത്തനം വ്യാപിപ്പിക്കാൻ ഇരുചക്രവാഹന നിർമാതാക്കളായ ടി വി എസ് മോട്ടോർ കമ്പനി തയാറെടുക്കുന്നു. രാജ്യത്തെ പ്രമുഖ വാഹന വ്യാപാരികളായ മോട്ടോപ്ലെക്സ് എസ് എ എസ് ഓഫ് ഗ്രുപൊ ബൊനാൻസയുമായി സഹകരിച്ചാണു ടി വി എസ് മോഡലുകൾ ഡൊമിനിക്കൻ റിപബ്ലിക്കിൽ വിൽപ്പനയ്ക്കെത്തുക. മോട്ടോപ്ലെക്സ് എസ് എ എസുമായുള്ള പങ്കാളിത്തം കരീബിയൻ മേഖലയിലെ സാന്നിധ്യം ശക്തമാക്കാൻ ടി വി എസ് മോട്ടോറിനെ സഹായിക്കുമെന്നാണു പ്രതീക്ഷ. ഈ മേഖലയിൽ എൺപതോളം ടച് പോയിന്റുകളാണ് മോട്ടോപ്ലെക്സ് എസ് എ എസ് ഓഫ് ഗ്രുപൊ ബൊനാൻസയ്ക്കുള്ളത്.

 ടി വി എസ് മോട്ടോർ കമ്പനിക്കായി ഡൊമിനിക്കൻ റിപബ്ലിക്കിൽനാൽപതോളം ഡീലർഷിപ്പുകളാവും മോട്ടോപ്ലെക്സ് എസ് എ എസ് ഓഫ് ഗ്രുപൊ ബൊനാൻസ സജ്ജീകരിക്കുക. ഇതിൽ ആദ്യ സെയിസ്, സർവീസ് , സ്പെയേഴ്സ് ഡീലർഷിപ് സാന്റൊ ഡൊമിംഗൊയിൽ പ്രവർത്തനം തുടങ്ങി. ഗീയർ രഹിത സ്കൂട്ടറായ ‘വീഗൊ’യും ‘അപ്പാച്ചെ ആർ ടി ആർ’, ‘സ്പോർട്’ ശ്രേണിയിലെ ബൈക്കുകളുമാണു ടി വി എസ് ഡൊമിനിക്കൻ റിപബ്ലിക്കിൽ വിൽപ്പനയ്ക്കെത്തിക്കുന്നത്.

അഞ്ചു മാസം മുമ്പാണ് ടി വി എസ് മധ്യ അമേരിക്കയിലേക്ക് വിൽപ്പന വ്യാപിപ്പിച്ചത്; പ്രാദേശിക ഗ്രൂപ്പായ മസീസയുമായി സഹകരിച്ചാണു ഗ്വാട്ടിമാല, ഹോണ്ടുറാസ്, എൽ സാൽവദോർ, കോസ്റ്റാറിക്ക, നിക്കരാഗ്വ എന്നീ രാജ്യങ്ങളിൽ ടി വി എസിന്റെ ഇരുചക്രവാഹനങ്ങൾ വിൽപ്പനയ്ക്കെത്തുന്നത്.  ഇന്ത്യയിൽ നിന്നുള്ള ഇരുചക്രവാഹന കയറ്റുമതിയിൽ നിലവിൽ രണ്ടാം സ്ഥാനത്താണു ടി വി എസ്; ബജാജ് ഓട്ടോ ലിമിറ്റഡിനാണ് ഒന്നാം സ്ഥാനം. നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ ടി വി എസ് 2.36 ലക്ഷം ഇരുചക്രവാഹനങ്ങളാണു കയറ്റുമതി ചെയ്തത്. ഇതേ കാലയളവിൽ ബജാജിന്റെ കയറ്റുമതിയാവട്ടെ 6.83 ലക്ഷം യൂണിറ്റായിരുന്നു.