Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലേയ്‍ലാന്റ ട്രക്കുകൾ കപ്പൽമാർഗം ബംഗ്ലദേശിലേക്ക്

leyland

ബംഗ്ലദേശിലേക്കുള്ള വാഹന കയറ്റുമതിക്കായി അശോക് ലേയ്്‍ലാന്റ് ജലഗതാഗത സംവിധാനം പരീക്ഷിക്കുന്നു. ‘റോൾ ഓൺ റോൾ ഓഫ്’(റോറോ) കം ജനറൽ കാർഗോ യാനം വഴി 185 ട്രക്കുകളാണു ചെന്നൈ തുറമുഖത്തു നിന്നു ബംഗ്ലദേശിലെ മോംഗ്ലയിലേക്ക് അശോക് ലേയ്്ലാൻഡ് കയറ്റി അയച്ചത്. കടൽമാർഗമാവുന്നതോടെ യാത്രാസമയത്തിൽ 15 - 20 ദിവസത്തെ കുറവ് പ്രതീക്ഷിക്കാമെന്നു നാഗ്പൂരിൽ നിന്നു ഡിജിറ്റൽ രീതിയിൽ കപ്പൽ ഫ്ളാഗ് ഓഫ് ചെയ്ത കേന്ദ്ര ഹൈവേ, ഷിപ്പിങ്, റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അഭിപ്രായപ്പെട്ടു.

ജലഗതാഗത മാർഗങ്ങൾക്കാണു കേന്ദ്ര സർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്നു ഗഡികരി വ്യക്തമാക്കി; റയിൽ, റോഡ് മാർഗങ്ങൾക്ക് അതു കഴിഞ്ഞു മാത്രമാണു സ്ഥാനം. കടത്തു കൂലി കുറയ്ക്കുന്നതിനും സമയം ലാഭിക്കുന്നതിനുമൊപ്പം മലിനീകരണം ഒഴിവാക്കാനും ജലഗതാഗത സംവിധാനങ്ങൾ സഹായിക്കുമെന്നു മന്ത്രി ഓർമിപ്പിച്ചു. തീരദേശ ജലഗതാഗതത്തിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി രാജ്യത്തിനുള്ളിലെ വാഹനനീക്കം ഊർജിതമാക്കാനും അദ്ദേഹം നിർമാതാക്കളോട് ആവശ്യപ്പെട്ടു.

ഇതുവരെ ബംഗ്ലദേശിലേക്കു കയറ്റുമതി ചെയ്യുന്ന വാഹനങ്ങൾ റോഡ് മാർഗമാണ് അശോക് ലേയ്്ലാൻഡ് ലക്ഷ്യത്തിലെത്തിച്ചിരുന്നത്; 1,500 കിലോമീറ്ററോളം താണ്ടിയാണു ട്രക്കുകൾ ബംഗ്ലദേശിലേത്തുന്നത്. 185 ട്രക്കുകൾ കപ്പൽ മാർഗം പോയതോടെ ഉപരിതല യാത്രാദൂരത്തിൽ മൂന്നു ലക്ഷം കിലോമീറ്ററിന്റെ കുറവ് കൈവരിച്ചെന്നാണു ഷിപ്പിങ് മന്ത്രാലയത്തിന്റെ കണക്ക്. കൂടാതെ ഇന്ത്യ-ബംഗ്ലദേശ് അതിർത്തിയിലെ പെട്രപോൾ-ബെനപോൾ ചെക്ക്പോസ്റ്റിലെ അനന്തമായ കാത്തുകിടപ്പും ഒഴിവാകും.

2015 ജൂണിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗ്ലദേശ് സന്ദർശിച്ച വേളയിലാണ് ഇരുരാജ്യങ്ങളുമായി തീരദേശ കപ്പൽ ഗതാഗതം സംബന്ധിച്ച കരാർ ഒപ്പുവച്ചത്. ഇതനുസരിച്ച് ഇന്ത്യയിൽ നിന്നു ബംഗ്ലദേശ് തുറമുഖങ്ങളിലേക്കുള്ള ചരക്ക് നീക്കത്തെ കോസ്റ്റൽ ഷിപ്പിങ് പരിധിയിൽ പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കപ്പലുമായും ചരക്കുമായും ബന്ധപ്പെട്ട വിവിധ നിരക്കുകളിൽ 40% ഇളവിനും അർഹതയുണ്ട്. റോറോ യാനങ്ങൾ ഉപയോഗിച്ചുള്ള കോസ്റ്റൽ ഷിപ്പിങ്ങിനാവട്ടെ വെസൽ, കാർഗോ ചാർജുകളിൽ 80% ഇളവാണ് അനുവദിക്കുന്നതെന്നും ഷിപ്പിങ് മന്ത്രാലയം അറിയിച്ചു.