Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡീലർഷിപ്പിനു ഭൂമി: 1000 കോടി മുടക്കാൻ മാരുതി

maruti-suzuki

പുതിയ ഡീലർഷിപ്പുകൾക്ക് സ്ഥലം വാങ്ങാൻ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (എം എസ് ഐ എൽ) ഇക്കൊല്ലം 1,000 കോടി രൂപ നീക്കിവച്ചു. വിപണന ശൃംഖല വിപുലീകരണത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭൂമി വാങ്ങി ഡീലർഷിപ്പ് സ്ഥാപിച്ച് തിരഞ്ഞെടുക്കപ്പെടുന്ന ഡീലർമാർക്കു പാട്ടത്തിനു നൽകാനാണു മാരുതി സുസുക്കിയുടെ പദ്ധതി. കഴിഞ്ഞ സെപ്റ്റംബറിനുള്ളിൽ രാജ്യത്തെ നൂറ്റി ഇരുപതോളം കേന്ദ്രങ്ങളിൽ ഡീലർഷിപ്പിനായി ഭൂമി വാങ്ങാൻ കമ്പനി നടപടി സ്വീകരിച്ചു കഴിഞ്ഞു. 

നടപ്പു സാമ്പത്തിക വർഷം 1,000 കോടി രൂപ ചെലവിൽ ഭൂമി വാങ്ങാനാണു തീരുമാനമെന്ന് എം എസ് ഐ എൽ ചീഫ് ഫിനാൻഷ്യൽ ഓഫിസർ അജയ് സേഥ് വെളിപ്പെടുത്തി. അടുത്ത മൂന്നു വർഷത്തിനകം 1,500 പുതിയ ഡീലർഷിപ്പുകൾ തുറക്കാനാണു കമ്പനി തയാറെടുക്കുന്നത്. ഇപ്പോൾതന്നെ രാജ്യത്തെ ഏറ്റവും വലിയ വാഹന വ്യാപാര ശൃംഖലയാണു മാരുതി സുസുക്കിയുടേത്; 1,700 നഗരങ്ങളിലായി 2,069 ഡീലർഷിപ്പുകളാണു മാരുതിക്കുള്ളത്. ഇതിനു പുറമെ പ്രീമിയം മോഡലുകളുടെ വിൽപ്പനയ്ക്കുള്ള 280 ‘നെക്സ’ ഡീലർഷിപ്പുകളും കമ്പനിക്കുണ്ട്. കൂടാതെ 3,293 സർവീസ് സെന്ററുകളും മാരുതി സുസുക്കി സ്ഥാപിച്ചിട്ടുണ്ട്.

രാജ്യത്തെങ്ങും ഭൂമി വില കുത്തനെ ഉയരുന്നതാണു പുതിയ തന്ത്രം പരീക്ഷിക്കാൻ മാരുതി സുസുക്കിയെ പ്രേരിപ്പിച്ചത്. വിപണന സാധ്യതയേറിയ മേഖലകളിൽ വസ്തു വില ക്രമാതീതമായി ഉയർന്നത് ഡീലർഷിപ്പുകളുടെ ലാഭക്ഷമതയെ പ്രതികൂലമായി ബാധിച്ചു തുടങ്ങിയെന്നും സേഥ് വിശദീകരിച്ചു. ഈ സാഹചര്യത്തിലാണു ധനലഭ്യത മികച്ച നിലയിലായതിനാൽ സ്വന്തമായി ഭൂമി വാങ്ങാൻ മാരുതി സുസുക്കി തീരുമാനിച്ചത്; നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിലെ കണക്കനുസരിച്ച് മാരുതി സുസുക്കിയുടെ ധനശേഖരം 31,000 കോടി രൂപയാണ്.

വാർഷിക വിൽപ്പന 2020 ആകുമ്പോഴേക്ക് 20 ലക്ഷം യൂണിറ്റാക്കി ഉയർത്തുക എന്ന ലക്ഷ്യം മുൻനിർത്തിയാണു മാരുതി സുസുക്കി പുതിയ വിപണന തന്ത്രങ്ങൾ ആവിഷ്കരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം മാരുതി സുസുക്കി വിറ്റത് 15 ലക്ഷം യൂണിറ്റായിരുന്നു.