Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജെ ഡി പവർ സർവേ: ഹ്യുണ്ടേയ് ഒന്നാമത്

Hyundai Creta

വാഹന ഉടമസ്ഥർക്കു മികച്ച വിൽപ്പനാന്തര സേവനം ഉറപ്പാക്കുന്നതിൽ ദക്ഷിണ കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡ്(എച്ച് എം ഐ എൽ) മുന്നിലെന്നു ജെ ഡി പവർ സർവേ ഫലം. 923 പോയിന്റോടെ ഹ്യുണ്ടേയ് ഒന്നാമതെത്തിയപ്പോൾ 893 പോയിന്റ് വീതം നേടി മാരുതി സുസുക്കിയും ടാറ്റ മോട്ടോഴ്സും രണ്ടാം സ്ഥാനം നേടി. 2015 മേയ് മുതൽ 2016 ഓഗസ്റ്റ് വരെയുള്ള കാലത്തിനിടെ പുതിയ കാർ വാങ്ങായി 7,878 പേർക്കിടയിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണു ജെ ഡി പവറിന്റെ വിലയിരുത്തൽ. 

വിൽപ്പനാന്തര സേവനത്തിന്റെ അടിസ്ഥാനത്തിലാണു രാജ്യത്തെ വാഹന ഉടമകളുടെ ഉപഭോക്തൃ സംതൃപ്തി പ്രധാനമായും നിശ്ചയിക്കപ്പെടുന്നതെന്നു ജെ ഡി പവർ ഡയറക്ടർ കൗസ്തവ് റോയ് വിശദീകിക്കുന്നു. വാഹനങ്ങളുടെ സർവീസിങ് സംബന്ധിച്ച് അഡ്വൈസർമാർ നൽകുന്ന മാർഗനിർദേശങ്ങളുടെ വ്യക്തതയും സുതാര്യതയും ആവൃത്തിയുമൊക്കെയാണ് ഉപഭോക്തൃ സംതൃപ്തി നിർണയത്തിൽ പ്രധാനമാവുന്നത്. മികച്ച ആശയ വിനിമയത്തിനൊപ്പം ആകർഷകമായ വിൽപ്പനാന്തര സേവനവും നിർവഹിക്കുന്ന ഡീലർഷിപ്പുകൾക്ക് ഉപയോക്താക്കൾക്കിടയിൽ മികച്ച സ്വീകാര്യത കൈവരിക്കാനാവും. ഇത്തരം ഡീലർഷിപ്പുകളിലേക്ക് സുഹൃത്തുക്കളെയും പരിചയക്കാരെയുമൊക്കെ ശുപാർശ ചെയ്യാൻ കാർ ഉടമകൾ സന്നദ്ധരാവുമെന്നും റോയ് വിശദീകരിക്കുന്നു. 

രണ്ടാം സ്ഥാനം മാരുതിയുമായി പങ്കിടുമ്പോഴും ജെ ഡി പവർ സർവേയിൽ മുൻവർഷത്തെ അപേക്ഷിച്ച് ഒരു സ്ഥാനം മുന്നേറാനായത് ടാറ്റ മോട്ടോഴ്സിന് നേട്ടമായി. കമ്പനി പിന്തുടരുന്ന ഉപഭോക്തൃ കേന്ദ്രീകൃത സമീപനത്തിനുള്ള അംഗീകാരമാണ് ഈ മുന്നേറ്റമെന്നാണു ടാറ്റ മോട്ടോഴ്സ് പ്രസിഡന്റ്(പാസഞ്ചർ വെഹിക്കിൾ ബിസിനസ്) മയങ്ക് പരീക്കിന്റെ വിലയിരുത്തൽ.  സർവേഫലപ്രകാരം മഹീന്ദ്ര ആൻഡ് മഹീന്ദ്രയ്ക്കാണു മൂന്നാം സ്ഥാനം. നിസ്സാൻ, ഡാറ്റ്സൻ, ഹോണ്ട, ഫോഡ്, ടൊയോട്ട, ഷെവർലെ തുടങ്ങിയ നിർമാതാക്കളാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.