Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ക്രേറ്റ’യ്ക്ക് പുതുനിറം; ‘എസ് എക്സ് പ്ലസ്’ പതിപ്പും

Hyundai Creta Earth Brown Hyundai Creta Earth Brown

സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി) വിഭാഗത്തിൽ ‘കാപ്റ്ററി’നെ പടയ്ക്കിറക്കാൻ റെനോ തയാറെടുക്കുന്നതിനിടെ ‘ക്രേറ്റ’യ്ക്ക് പുതുവർണവും വകഭേദവുമായി ഹ്യുണ്ടേയ് മോട്ടോർ. പുതുതായി അവതരിപ്പിക്കുന്ന ‘ക്രേറ്റ എസ് എക്സ് പ്ലസ്’ ഡീസൽ, പെട്രോൾ എൻജിനുകളോടെ വിൽപ്പനയ്ക്കുണ്ട്. നിലവിൽ ‘ക്രേറ്റ’യ്ക്കുണ്ടായിരുന്ന പാഷൻ റെഡ് — ഫാന്റം ബ്ലാക്ക് ഇരട്ട വർണ സങ്കലനം പിൻവലിക്കാനും ഹ്യുണ്ടേയ് തീരുമാനിച്ചിട്ടുണ്ട്. പകരം എർത്ത് ബ്രൗൺ എന്ന പുതിയ നിറം അവതരിപ്പിച്ചു. ഇതിനു പുറമെ പോളാർ വൈറ്റ്, സ്ലീക്ക് സിൽവർ, സ്റ്റാർഡസ്റ്റ്, മിസ്റ്റിക് ബ്ലൂ നിറങ്ങളിലും ഫാന്റം ബ്ലാക്കിനൊപ്പം വെള്ള ഇരട്ട വർണ സങ്കലനത്തിലും ‘ക്രേറ്റ’ ലഭിക്കും. 

‘എസ് എക്സ് പ്ലസ്’ വകഭേദത്തിന്റെ അകത്തളത്തിലും ഇരട്ട വർണസങ്കലനമാണു ഹ്യുണ്ടേയ് തിരഞ്ഞെടുത്തിരിക്കുന്നത്. ബീജ് നിറമുള്ള സീറ്റ് ഫാബ്രിക്കിനും ബ്രൗൺ ഇൻസർട്ടുകൾക്കുമൊപ്പം ലക്ഷ്വർ ബ്രൗൺ പായ്ക്കാണ് ‘ക്രേറ്റ എസ് എക്സ് പ്ലസി’നുള്ളിലുള്ളത്. ആൻഡ്രോയ്ഡ് ഓട്ടോ, ആപ്പ്ൾ കാർ പ്ലേ, മിറർ ലിങ്ക് എന്നിവയ്ക്കു യോജിച്ച ഏഴ് ഇഞ്ച് ടച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനവും ഈ ‘ക്രേറ്റ’യിലുണ്ട്.

അതേസമയം സാങ്കേതിക വിഭാഗത്തിൽ മാറ്റമൊന്നുമില്ലാതെയാണ് ‘ക്രേറ്റ എസ് എക്സ് പ്ലസ്’ എത്തുന്നത്; എസ് യു വിക്കു കരുത്തേകുക 1.4 ലീറ്റർ,1.6 ലീറ്റർ സി ആർ ഡി ഐ ഡീസൽ, 1.6 ലീറ്റർ വി ടി വി ടി പെട്രോൾ എൻജിനുകളാണ്. പെട്രോൾ എൻജിനു പരമാവധി 121 പി എസ് കരുത്തും 151 എൻ എം ടോർക്കും സൃഷ്ടിക്കാനാവും. ശേഷി കുറഞ്ഞ ഡീസൽ എൻജിൻ 88 പി എസ് കരുത്തും 219 എൻ എം ടോർക്കും സൃഷ്ടിക്കുമ്പോൾ ശേഷിയേറിയ ഡീസലിൽ പിറക്കുക 126 പി എസ് കരുത്തും 260 എൻ എം വരെ ടോർക്കുമാണ്. മാനുവൽ, ഓട്ടമാറ്റിക് ഗീയർബോക്സുകളോടെ ‘ക്രേറ്റ’ വിപണിയിലുണ്ട്.