Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്നോവയെ വെല്ലാൻ യു 321, നീളം കൂടിയ ടി യു വി 300; യുവി സെഗ്‌മെന്റ് പിടിക്കാൻ മഹീന്ദ്ര

സ്പോർട് യൂട്ടിലിറ്റി വാഹനമായ ‘ടി യു വി 300’ നീളമേറിയ രൂപത്തിൽ അവതരിപ്പിക്കാൻ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം) തയാറെടുക്കുന്നു. ‘സൈലോ’യ്ക്കു പകരക്കാരനാവേണ്ട മോഡലിന് ‘ടി യു വി 300 പ്ലസ്’ എന്നാണു പേരിട്ടിരിക്കുന്നത്. അധികം വൈകാതെ ‘ടി യു വി 300 പ്ലസ്’ വിൽപ്പനയ്ക്കെത്തുമെന്നാണു സൂചന. ഉൽപ്പാദനസജ്ജമായ ‘ടി യു വി 300 പ്ലസി’ന്റെ ആദ്യ ചിത്രങ്ങളും പുറത്തെത്തിയിട്ടുണ്ട്. ‘ടി യു വി 300’ പോലെ വാഹനത്തിന്റെ നീളത്തിന് ആനുപാതികമായ അളവുകളോടെയാണ് ‘ടി യു വി 300 പ്ലസി’ന്റെ രൂപകൽപ്പന. ഒപ്പം പിൻഭാഗത്ത് പാർശ്വങ്ങളിലേക്കു കൂടി കവിഞ്ഞു കിടക്കുന്ന രീതിയിലുള്ള പുത്തൻ ടെയ്ൽലൈറ്റുകളും കമ്പനി രൂപകൽപ്പന ചെയ്തിട്ടുണ്ട്. 

അകത്തും പുറത്തുമൊക്കെ ‘ടി യു വി 300’ എസ് യു വിയുമായി പ്രകടമായ സാമ്യമുണ്ടെങ്കിലും ‘ടി യു വി 300 പ്ലസി’നു കരുത്തേകുക പുത്തൻ എൻജിനാവും. വാഹനത്തിലെ 1.99 ലീറ്റർ എൻജിന് 120 ബി എച്ച് പിയോളം കരുത്ത് സൃഷ്ടിക്കാനാവും. ഡൽഹി രാജ്യതലസ്ഥാന മേഖലയിൽ വിൽപ്പനയ്ക്കെത്തുന്ന ‘സ്കോർപിയൊ’യിൽ ഉപയോഗിക്കുന്ന എൻജിനാണ് ‘ടി യു വി 300 പ്ലസി’നായി മഹീന്ദ്ര കടമെടുത്തിരിക്കുന്നത്. വ്യത്യസ്ത സീറ്റിങ് നിലവാരത്തിൽ ‘ടി യു വി 300 പ്ലസ്’ വിപണിയിലുണ്ടാവുമെന്നാണു വിവരം; താഴ്ന്ന വകഭേദത്തിൽ ഒൻപതു സീറ്റു വരെ ഉണ്ടാവും. 

പഴയ പ്ലാറ്റ്ഫോം അടിത്തറയാക്കുന്ന ‘സൈലോ’ 2009 മുതൽ ഇന്ത്യയിൽ വിൽപ്പനയ്ക്കുണ്ട്. 2012ൽ സമഗ്രമായി പരിഷ്കരിച്ച ‘സൈലോ’യിൽ 2014ൽ അല്ലറ ചില്ലറ മിനുക്കുപണികളും കമ്പനി നടത്തിയിരുന്നു. എന്നാൽ പ്രായാധിക്യം പ്രകടമായ സാഹചര്യത്തിലാണു ‘സൈലോ’യ്ക്ക് പകരം ‘ടി യു വി 300 പ്ലസ്’ പുറത്തിറക്കാൻ മഹീന്ദ്രയെ പ്രേരിപ്പിക്കുന്നത്.  ഇതിനു പുറമെ ടൊയോട്ടയുടെ ‘ഇന്നോവ ക്രിസ്റ്റ’യെ നേരിടാനായി വിവിധോദ്ദേശ്യ വാഹന(എം പി വി)മായ ‘യു 321’ അടുത്ത മാർച്ചിനകം പുറത്തിറക്കാനും മഹീന്ദ്ര ഒരുങ്ങുന്നുണ്ട്. പിന്നാലെ സാങ്യങ് ‘ടിവൊലി’ അടിസ്ഥാനമാക്കി വികസിപ്പിക്കുന്ന  പുത്തൻ കോംപാക്ട് എസ് യു വി(കോഡ് നാമം: എസ് 201)യും അടുത്ത വർഷം മധ്യത്തോടെ മഹീന്ദ്ര വിൽപ്പനയ്ക്കെത്തിക്കും. പോരെങ്കിൽ അടുത്ത ദീപാവലിയോടെ മഹീന്ദ്ര ബാഡ്ജിൽ തന്നെ പുത്തൻ ‘സാങ്യോങ് റെക്സ്റ്റണും’ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുമെന്നു കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.