Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊണ്ടുപോയി ‘മോദി’യെ കാണിക്കൂ; ഫോണിൽ ആർസി ബുക്ക് കാണിച്ചയാൾക്ക് ശകാരവും 5900 പിഴയുമായി പൊലീസ്

Representative Image Representative Image

പ്രധാന രേഖകൾ നഷ്ടപ്പെടാതെ സൂക്ഷിക്കാനായാണ് സർക്കാർ ഡിജി ലോക്കർ ആപ്പ് പുറത്തിറക്കിയത്. ആധാർ കാർഡ് മാത്രമല്ല ആർസി ബുക്ക്,  ഡ്രൈവിങ് ലൈസൻസ്, ഇൻഷുറൻസ് തുടങ്ങിയ വാഹന സംബന്ധമായ രേഖകളെല്ലാം ഡിജി ലോക്കറിൽ സൂക്ഷിച്ച് വാഹന പരിശോധനയിൽ കാണിക്കാം എന്ന് മോട്ടോർ‌ വാഹന വകുപ്പ് പല തവണ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഉത്തർപ്രദേശിലെ അലഹബാദിൽ ഡിജി ആപ്പിൽ രേഖകൾ ഹാജറാക്കിയ ബൈക്കർക്ക് ലഭിച്ചത് പിഴയും ശകാരവും.

അലഹബാദ് സ്വദേശി ഇഷാനാണ് ദുരവസ്ഥ നേരിടേണ്ടി വന്നത്. ഡിജി ആപ്പിൽ ഹാജരാക്കിയ രേഖകൾ സ്വീകരിച്ചില്ലെന്ന് മാത്രമല്ല, ഇതെല്ലാം മോദിെയ കൊണ്ടുപോയി കാണിക്കാൻ പറഞ്ഞ് രേഖകൾ കാണിച്ചില്ല എന്ന കുറ്റത്തിന് 5900 രൂപ പിഴയും ഈടാക്കി. സംഭവം ഇഷാൻ ട്വിറ്ററിൽ കുറച്ചതോടെ വൈറൽ ആയിരിക്കുകയാണ്. 

കോളജിൽ നിന്ന് തിരിച്ച് വീട്ടിലേയ്ക്ക് പോകവേയാണ് ഇത്തരത്തിലൊരു അനുഭവം ഇഷാൻ നേരിട്ടത്. മോഷ്ടിക്കപ്പെട്ട് സ്കൂട്ടർ കണ്ടുപിടിക്കാനുള്ള പരിശോധനയിലായിരുന്നു പൊലീസ്. രേഖകളുടെ ഫോട്ടാസ്റ്റാറ്റ് കോപ്പി കാണിച്ചെങ്കിലും ഒറിജിനൽ ഡിജി ആപ്പ് വഴി കാണിച്ചപ്പോഴായിരുന്നു ഈ പ്രതികരണമെന്നും മോദിയെ കാണിച്ചാൽ മതി എന്നു പറഞ്ഞാണ് 5900 ഫൈൻ ഈടാക്കിയതെന്നുമാണ്  ഇഷാൻ പറയുന്നത്. 

രേഖകൾ നഷ്ടപ്പെടാതെ സൂക്ഷിക്കാൻ ഡിജി ലോക്കർ

പണമിടപാടുകൾക്ക് പേപ്പർ നോട്ടുകൾ ഉപയോഗിക്കാൻ നിയന്ത്രണങ്ങൾ വന്നതോടെ സാധാരണക്കാർ വരെ ഡിജിറ്റൽ പണമിടപാട് സംവിധാനങ്ങളുമായി പൊരുത്തപ്പെട്ട് വരുന്നു. നോട്ടുകൾ മാത്രമല്ല, പ്രധാനപ്പെട്ട രേഖകളും സർട്ടിഫിക്കറ്റുകളും കടലാസ് രൂപം കൈവെടിഞ്ഞ് മൊബൈലുകളിലേക്കും ടാബുകളിലേക്കും കുടിയേറി കഴിഞ്ഞു. വാഹനം ചെക്ക് ചെയ്യാൻ പൊലീസ് കൈകാണിക്കുമ്പോൾ ആർസി ബുക്കും, ഡ്രൈവിങ് ലൈസൻസും കയ്യിൽ കരുതാൻ മറന്നുപോയാൽ ഇനി ഫൈൻ കട്ട് വരില്ല. ഡിജിറ്റലായി സൂക്ഷിച്ചിരിക്കുന്ന രേഖകൾ സ്മാർട്ഫോണിന്റെ സ്‌ക്രീനിൽ തെളിയിച്ച് പൊലീസിനെ കാണിക്കാം, സല്യൂട്ടും വാങ്ങി കടന്നും പോകാം. നിത്യജീവിതം മാറ്റിമറിക്കാൻ പോകുന്ന ഡിജിറ്റൽ ലോക്കറുകളെകുറിച്ച് അറിയാനും സ്വന്തം ജീവിതത്തിലും അവ പ്രാവർത്തികമാക്കാനും ഇനിയും വൈകിക്കൂടാ.

ഡിജിറ്റൽ രേഖകൾ

കട്ടികടലാസുകളിൽ മനോഹരമായി അച്ചടിച്ചു ലഭിക്കുന്ന ഇൻഷുറൻസ് പോളിസികൾ, ഓഹരി സർട്ടിഫിക്കറ്റുകൾ, മ്യുച്വൽ ഫണ്ട് സർട്ടിഫിക്കറ്റുകൾ തുടങ്ങിയവയൊക്കെ ഇലക്ട്രോണിക് രേഖകളായി അവസ്ഥാന്തരം സംഭവിച്ചു കഴിഞ്ഞു. കടലാസ് രേഖകൾ കംപ്യൂട്ടർ ടെക്‌നോളജി ഉപയോഗിച്ച് ഇലക്ട്രോണിക് രൂപത്തിൽ സൂക്ഷിക്കുന്നതിനെയാണ് ഡിജിറ്റൈസേഷൻ എന്നു പറയുന്നത്. ഒരു കേന്ദ്രീകൃത വിവരശേഖരത്തിൽ സൂക്ഷിച്ചിരിക്കുന്ന രേഖകൾ ഉടമകൾക്ക് ആവശ്യമായ സമയത്ത് അവ പരിശോധനകൾക്കും മറ്റുമായി ലഭ്യമാക്കുന്ന സംവിധാനവും ഡിജിറ്റൈസേഷന്റെ ഭാഗമായി ഉണ്ടാകും. ഓഹരികളും മറ്റു സാമ്പത്തിക രേഖകളും കൂടാതെ പെൻഷൻകാരുടെ ലൈഫ് സർട്ടിഫിക്കറ്റ്, സർക്കാർ നൽകുന്ന ജാതി തെളിയിക്കുന്നതിനും മറ്റുമുള്ള സർട്ടിഫിക്കറ്റുകൾ വരെ ഇപ്പോൾ ഇലക്ട്രോണിക് രേഖകളായാണു ലഭ്യമാക്കുന്നത്. പല സർവകലാശാലകളിലും ഡിഗ്രികളുടെ കടലാസ് രൂപം അപ്രത്യക്ഷമായി കഴിഞ്ഞു.

എവിടെ സൂക്ഷിക്കും, എങ്ങനെ കാണിക്കും

കടലാസ് സർട്ടിഫിക്കറ്റുകൾ മനോഹരമായ ഫോൾഡറുകളിൽ ബാങ്ക് ലോക്കറുകളിൽ നഷ്ടപ്പെടാതെ സൂക്ഷിക്കാമായിരുന്നു. ഇലക്ട്രോണിക് രേഖകൾ വ്യക്തിഗത കംപ്യൂട്ടറുകളിലും മറ്റും സൂക്ഷിച്ചാൽ വിവരം നഷ്ടപ്പെടുന്നതിന് മാത്രമല്ല, മറ്റുള്ളവർ ദുരുപയോഗം നടത്തുന്നതിനുമുള്ള സാധ്യതകളുമുണ്ട്. അസ്സൽ സർട്ടിഫിക്കറ്റുകൾ അധികാരികൾക്കും മറ്റും കാട്ടികൊടുത്ത് ആധികാരികത തെളിയിക്കുന്നത് എങ്ങനെയെന്ന് സംശയവും സ്വാഭാവികം. ഇതിനൊക്കെ ഉപരിയായി അപേക്ഷകളും മറ്റു സമർപ്പിക്കുമ്പോൾ ഡിജിറ്റൽ രേഖകളുടെ ഫോട്ടോ കോപ്പികൾ എങ്ങനെ എടുക്കുമെന്നും അത് എങ്ങനെ സെൽഫ് അറ്റസ്റ്റ് ചെയ്യുമെന്നും സംശയമുണ്ടാകും.

ഡിജി ലോക്കർ തന്നെ പരിഹാരം

ഡ്രൈവിങ് ലൈസൻസ്, വാഹന റജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, ബിരുദ സർട്ടിഫിക്കറ്റുകൾ എന്നിങ്ങനെ ഡിജിറ്റലായി ലഭിക്കുന്ന രേഖകൾ സുരക്ഷിതമായി സൂക്ഷിക്കാനുള്ള ഡിജിറ്റൽ സങ്കേതമാണ് ഡിജി ലോക്കർ. ഉപയോഗിക്കുന്ന ഉപകരണത്തിന്റെ മെമ്മറിയിൽ സൂക്ഷിക്കാതെ ഇന്റർനെറ്റ് ശൃംഖല വഴി പ്രാപ്യമാകാവുന്ന വിവരശേഖര സൗകര്യമായ ക്ലൗഡ് കംപ്യൂട്ടിങ് സംവിധാനത്തിലാണ് ഡിജി ലോക്കറിൽ ഇത്തരം രേഖകൾ സൂക്ഷിക്കുക. മൊബൈൽ നമ്പർ, ആധാർ നമ്പർ എന്നിവ ബന്ധപ്പെടുത്തി ഒരു ഡിജി ലോക്കർ അക്കൗണ്ട് തുടങ്ങിയാൽ നിങ്ങളുടെ രേഖകൾ സുരക്ഷിതമായി സൂക്ഷിച്ച് വയ്ക്കാൻ ഒരു ഇലക്ട്രോണിക് സേഫ് എന്ന രീതിയിൽ പ്രവർത്തിക്കും.

ലളിതം സുഗമം

ഡിജി ലോക്കർ ആപ്ലിക്കേഷൻ മൊബൈലിലേക്കു ഡൗൺലോഡ് ചെയ്‌തെടുത്തോ കംപ്യൂട്ടർ ഉപയോഗിച്ച് ഡിജി ലോക്കർ വെബ്‌സൈറ്റ് ഉപയോഗിച്ച് മൊബൈൽ നമ്പർ നൽകിയാൽ ഒരു വൺ ടൈം പാസ്‌വേർഡ് ലഭിക്കും. ഈ സുരക്ഷ നമ്പരും ഒരു യൂസർ നെയിമും പാസ്‌വേർഡും കൂടി നൽകിയാൽ ഡിജിറ്റൽ ലോക്കർ അക്കൗണ്ട് തുറന്നു. കേന്ദ്ര സർക്കാരിന്റെ അനുഗ്രഹാശിസ്സുകളോടെയാണ് ഡിജിറ്റൽ ലോക്കർ സംവിധാനം പ്രവർത്തിക്കുന്നത്. ആധാർ നമ്പർ ലഭിച്ചിട്ടുള്ളവർ ഇ-ആധാർ എന്നറിയപ്പെടുന്ന ഡിജിറ്റൽ ആധാർ കൂടി ഡിജി ലോക്കർ അക്കൗണ്ടിൽ ബന്ധപ്പെടുത്തിയാൽ ഡിജിറ്റൽ രേഖകൾ സ്വീകരിക്കുക, സൂക്ഷിച്ച് വയ്ക്കുക, പരിശോധനയ്ക്കായി കാണിച്ചു കൊടുക്കുക എന്നിങ്ങനെ എല്ലാവിധ സേവനങ്ങളും മൊബൈൽ ഫോണിൽ കൂടി തന്നെ സാധ്യമാക്കാം. കൂടാതെ, സ്വയം സാക്ഷ്യപ്പെടുത്തിയ ഡിജിറ്റൽ സർട്ടിഫിക്കറ്റ് കോപ്പികൾ അപേക്ഷകളോടൊപ്പം അയച്ച് കൊടുക്കുന്നതിനും ഡിജി ലോക്കർ സൗകര്യമൊരുക്കും.

അതീവ സുരക്ഷിതം

ഡിജിറ്റൽ രേഖകൾ ഇലക്ട്രോണിക് സിഗ്‌നേച്ചറുകൾ ഉപയോഗിച്ച് സുരക്ഷിതമാക്കിയ രേഖകളാണ്. റോഡ് ട്രാൻസ്‌പോർട്ട് സ്ഥാപനങ്ങൾ നൽകുന്ന ലൈസൻസുകൾ സർട്ടിഫിക്കറ്റുകൾ തുടങ്ങി യൂണിവേഴ്‌സിറ്റി ബിരുദങ്ങൾ വരെ ഇത്തരത്തിൽ ഇന്ത്യൻ വിവര സാങ്കേതിക നിയമപ്രകാരം ഡിജിറ്റൽ സിഗ്‌നേച്ചറുകൾ ഉപയോഗിച്ച് സുരക്ഷിതമാക്കിയിരിക്കുന്നതിനാൽ അവയുടെ ആധികാരികത ആർക്കും പരിശോധിക്കാവുന്നതുമാണ്. ഒട്ടുമിക്ക സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളും തങ്ങളുടെ ഡിജിറ്റൽ രേഖകൾ ഡിജി ലോക്കറിലൂടെ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് ഇതിനോടകം തന്നെ റജിസ്റ്റർ ചെയ്തിട്ടുണ്ട്. അതീവ സുരക്ഷയുള്ള സോഫ്റ്റ്‌വെയറുകൾ, കോഡിങ് സ്റ്റാൻഡേർഡ്‌സ്, 256 ബിറ്റ് സുരക്ഷ ഇൻക്രിപ്‌റ്റേഷൻ സാങ്കേതിക വിദ്യ എന്നിവയെല്ലാം ഡിജി ലോക്കറുകളെ സുരക്ഷിതമാക്കുന്നു. അനധികൃതമായി ലോക്കർ ഉപയോഗിക്കുമ്പോഴും അനുവദനീയമല്ലാത്ത ഇടപാടുകൾ തടയുന്നതിനും സെക്യുരിറ്റി ഓഡിറ്റ് ഉൾപ്പെടെയുള്ള സംവിധാനങ്ങളുണ്ട്. ഉടമയുടെ വ്യക്തമായ സമ്മതത്തോടെ മാത്രമേ ഡിജി ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന രേഖകൾ മറ്റ് സ്ഥാപനങ്ങൾക്ക് കൈമാറുകയുമുള്ളൂ. മാത്രമല്ല, ലോക്കറിൽ നടത്തുന്ന എല്ലാ ഇടപാടുകളുടെയും വിവരങ്ങൾ മൊബൈലിലെ ആപ്പിൽ രേഖപ്പെടുത്തിയിട്ടുമുണ്ടാകും. കൈവിരൽ അടയാളം ഉപയോഗിച്ച് ഡിജിറ്റൽ ലോക്കറിലെ അനധികൃത കടന്നുകയറ്റം തടയുകയുമാകാം.