Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജൂണിലെത്തും ബാറ്ററിയിൽ ഓടുന്ന ‘ജുപ്പീറ്റർ’

TVS Jupiter Classic TVS Jupiter Classic, Representative Image

മികച്ച വിൽപ്പന കൈവരിച്ചു മുന്നേറുന്ന ഗീയർരഹിത സ്കൂട്ടറായ ‘ജുപ്പീറ്ററി’ന്റെ വൈദ്യുത വകഭേദം പുറത്തിറക്കാൻ ടി വി എസ് മോട്ടോർ കമ്പനി ഒരുങ്ങുന്നു. വരുന്ന ജൂണോടെ പുതിയ വൈദ്യുത സ്കൂട്ടർ വിൽപ്പനയ്ക്കെത്തിക്കുമെന്നു കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ പുതിയ മോഡൽ ബാറ്ററിയിൽ ഓടുന്ന ‘ജുപ്പീറ്റർ’ ആവുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. ലിതിയം അയോൺ ബാറ്ററി ഊർജം പകരുന്ന സ്കൂട്ടറിന് ഒറ്റത്തവണ ചാർജ് ചെയ്താൽ 50 കിലോമീറ്റർ പിന്നിടാൻ സാധിക്കുമെന്നാണു പ്രതീക്ഷ.

മലിനീകരണ സാധ്യത ഒഴിവാക്കാൻ വൈദ്യുത വാഹനങ്ങളെ അകമഴിഞ്ഞു പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നയത്തിൽ പ്രതീക്ഷയർപ്പിച്ചാണ് ടി വി എസ് അടക്കമുള്ള കമ്പനികളുടെ ഇത്തരം നീക്കങ്ങൾ. 2030 മുതൽ വൈദ്യുത വാഹനങ്ങൾ മാത്രം വിൽക്കാൻ അനുവദിക്കുന്നതടക്കമുള്ള നടപടികളാണു കേന്ദ്ര സർക്കാരിന്റെ പരിഗണനയിലുള്ളത്. ഇതൊക്കെ മുൻനിർത്തിയാണു വിവിധ വാഹന നിർമാതാക്കൾ ബാറ്ററിയിൽ ഓടുന്ന മോഡലുകൾ വികസിപ്പിക്കുന്നത്.

വൈദ്യുത വാഹനങ്ങൾ വികസിപ്പിക്കുന്ന ആതർ എനർജിക്ക് 205 കോടി രൂപ ധനസഹായം ലഭ്യമാക്കിയാണു പ്രമുഖ ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ മോട്ടോ കോർപ് അവരുടെ പ്രതിബദ്ധത വ്യക്തമാക്കിയത്. യമഹ, ബജാജ്, ഇലക്ട്രോക്കെ തുടങ്ങിയ നിർമാതാക്കളും അടുത്ത വർഷം വൈദ്യുത വാഹനങ്ങൾ വിൽ്പപനയ്ക്കെത്തിക്കാൻ ആലോചിക്കുന്നുണ്ട്. 

 ഹീറോ ഇലക്ട്രിക്, ആംപിയർ വെഹിക്കിൾസ് തുടങ്ങിയ കമ്പനികൾ കഴിഞ്ഞ മൂന്നു നാലു വർഷമായി വൈദ്യുത വാഹനങ്ങൾ വിൽക്കുന്നുമുണ്ട്. മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഉടമസ്ഥതയിൽ യു എസിൽ പ്രവർത്തിക്കുന്ന ജെൻസീയാവട്ടെ ഇന്ത്യയിലേക്കു വിപണനം വ്യാപിപ്പിക്കാനും ഒരുങ്ങുന്നുണ്ട്. 2019ൽ വൈദ്യുത സ്കൂട്ടറുകൾ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിക്കാനാണു കമ്പനിയുടെ പദ്ധതി. കഴിഞ്ഞ എട്ടു വർഷത്തിനിടെ നാലര ലക്ഷത്തോളം വൈദ്യുത ഇരുചക്രവാഹനങ്ങളാണ് ഇന്ത്യയിൽ വിറ്റുപോയത്. വരുന്ന മൂന്നു നാലു വർഷം കൊണ്ട് രാജ്യത്തെ വൈദ്യുത വാഹന വിൽപ്പന പ്രതിവർഷം 50 ലക്ഷത്തോളം യൂണിറ്റായി ഉയരുമെന്നാണു കണക്കാക്കുന്നത്.