Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുത്തൻ ‘ഇകോസ്പോർട്’ വിൽപ്പന ‘ആമസോൺ’ വഴിയും

Ford EcoSport Ford EcoSport

കോംപാക്ട് എസ് യു വിയായ ‘ഇകോസ്പോർട്ടി’ന്റെ പുതുതലമുറ മോഡൽ ഇ കൊമേഴ്സ് സൈറ്റായ ആമസോൺ വഴി വിൽക്കാൻ യു എസ് നിർമാതാക്കളായ ഫോഡ് ധാരണയിലെത്തി. ഞായറാഴ്ച രാവിലെ മുതൽ 24 മണിക്കൂർ സമയത്തേക്കാണ് ആമസോൺ വെബ്സൈറ്റ് വഴി പുത്തൻ ‘ഇകോസ്പോർട്’ ബുക്ക് ചെയ്യാൻ അവസരം. ആമസോൺ വഴി ബുക്കിങ് നടത്തുന്ന ആദ്യത്തെ 123 പേർക്കാവും പുതിയ ‘ഇകോസ്പോർട്’ സ്വന്തമാവുക. വരുന്ന ഒൻപതിനാണ് ഫോഡ് ‘ഇകോസ്പോർട്ടി’ന്റെ ഇന്ത്യയിലെ അരങ്ങേറ്റം.

ford-ecosport-2017-3

ഉപയോക്താക്കളെ കുടുംബാംഗങ്ങളെപോലെ പരിഗണിക്കുന്നതാണു ഫോഡിന്റെ രീതിയെന്ന് കമ്പനി വൈസ് പ്രസിഡന്റ്(മാർക്കറ്റിങ്) രാഹുൽ ഗൗതം അഭിപ്രായപ്പെട്ടു. അതുകൊണ്ടുതന്നെ അവർക്കു പരമാവധി സുഖസൗകര്യം ഉറപ്പിക്കുകയാണു ഫോഡിന്റെ ലക്ഷ്യം. കോംപാക്ട് എസ് യു വി വിഭാഗത്തിൽ ‘ഇകോസ്പോർട്ടി’നുള്ളതു പോലെ ഇ കൊമേഴ്സ് മേഖലയിൽ മികച്ച ജനപ്രീതിയുള്ള ആമസോണുമായി സഹകരിക്കുന്നതിൽ അഭിമാനമുണ്ടെന്നും ഗൗതം വ്യക്തമാക്കി.

ford-ecosport-2017-2

ഇഷ്മുള്ളതെന്തും സ്വന്തമാക്കാൻ ഉപയോക്താക്കൾ തേടിയെത്തുന്ന ഓൺലൈൻ വ്യാപാരകേന്ദ്രമായി ആമസോൺ  ഡോട്ട്  ഇൻ മാറിയിട്ടുണ്ട്; അവർക്ക് ആഗ്രഹമുള്ളതെന്തും ലഭ്യമാക്കാൻ ആമസോണിനു സാധിക്കുന്നുമുണ്ടെന്നു ഗൗതം വിലയിരുത്തി. 24 മണിക്കൂർ നീളുന്ന എക്സ്ക്ലൂസീവ് ഓൺലൈൻ ബുക്കിങ്ങിലൂടെ വേറിട്ട അനുഭവമാകും ‘ഇകോസ്പോർട്’ ആരാധകരെയും ആമസോൺ ഇടപാടുകാരെയും കാത്തിരിക്കുന്നതെന്നും അദ്ദേഹം കരുതുന്നു.

ford-ecosport-2017

‘ഇകോസ്പോർട്’ ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായി  പ്രത്യേക ബ്രാൻഡ് പേജ് തന്നെ ആമസോൺ സജ്ജമാക്കും. വാഹനം സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം ഇഷ്ട നിറം തിരഞ്ഞെടുക്കാനും പേജിൽ സൗകര്യമുണ്ടാവും. 10,000 രൂപ അഡ്വാൻസ് ഈടാക്കിയാണ് ആമസോൺ പുതിയ ‘ഇകോസ്പോർട്’ ബുക്കിങ് സ്വീകരിക്കുക; സാധാരണ ആമസോൺ ഉൽപന്നങ്ങൾക്കു ബാധകമായ പെയ്മെന്റ് സാധ്യതകളെല്ലാം ‘ഇകോസ്പോർട്ടി’നും അനുവദിക്കും.

പുതിയ 1.5 ലീറ്റർ, ടി ഐ — വി സി ടി പെട്രോൾ എൻജിനോടെയാവും അടുത്തതലമുറ ‘ഇകോസ്പോർട്’ എത്തുക; മുൻ എൻജിനെ അപേക്ഷിച്ച് ചെറുതും ഭാരം കുറഞ്ഞതും കരുത്തുറ്റതും കാര്യക്ഷമതയേറിയതുമായ ഈ 1.5 ലീറ്റർ എൻജിന് 123 പി എസ് വരെ കരുത്തും സൃഷ്ടിക്കാനാവും. പരിഷ്കരിച്ച മുൻഭാഗവും വലിപ്പമേറിയ ട്രപ്പീസോയ്ഡൽ ഗ്രില്ലുമൊക്കെയായി മൊത്തം 1,600 പുത്തൻ ഘടകങ്ങളുമായാണ് ഫോഡ് അടുത്തതലമുറ ‘ഇകോസ്പോർട്ടി’നെ പടയ്ക്കിറക്കുന്നത്. മികച്ച സുരക്ഷയ്ക്കായി ആറ് എയർബാഗ്, വലിയ പ്രൊജക്ടർ ഹെഡ്ലാംപ്, ഫോഗ് ലാംപ് ബെസൽ തുടങ്ങിയവയും ഈ ‘ഇകോസ്പോർട്ടി’ലുണ്ട്.