Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യു എസിൽ വാഹനം നിർമിക്കാനൊരുങ്ങി മഹീന്ദ്ര

mahindra-logo

യു എസിൽ പുതിയ വാഹന നിർമാണശാല സ്ഥാപിക്കുമെന്നു മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം). ഓബെൺ ഹിൽസിലെ റെക്സ് റോഡിലാണു മഹീന്ദ്രയുടെ നാലു ലക്ഷം ചരുതശ്ര അടി വിസ്തൃതിയുള്ള വാഹന നിർമാണശാല സ്ഥാപിതമാവുക. ഈ മേഖലയിൽ കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടെ ഉയരുന്ന ആദ്യ വാഹന നിർമാണശാലയാവും മഹീന്ദ്രയുടേത്. പുതിയ നിർമാണശാലയുടെ വിശദാംശങ്ങൾ 20നു മാധ്യമ സമ്മേളനവും മഹീന്ദ്ര നോർത്ത് അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്. ഓബെൺ ഹിൽസിൽ സംഘടിപ്പിക്കുന്ന മാധ്യമ സമ്മേളനത്തിൽ പ്രാദേശിക രാഷ്ട്രീയ നേതാക്കളും പങ്കെടുക്കും.

മഹീന്ദ്രയുടെ യു എസ് നിർമാണശാലയെപ്പറ്റി കഴിഞ്ഞ 25ന് യു എസ് സ്റ്റേറ്റ് ടാക്സ് സെക്രട്ടറി റെക്സ് ടില്ലേഴ്സണാണു ന്യൂഡൽഹിയിൽ സൂചന നൽകിയത്. ഓഫ് റോഡ് യൂട്ടിലിറ്റി വാഹന നിർമാണം ലക്ഷ്യമിട്ടാണു മഹീന്ദ്ര ഓബെൺ ഹിൽസിൽ പുതിയ ശാല സ്ഥാപിക്കുന്നത്. എന്നാൽ എപ്പോഴാണു ശാല ഉൽപ്പാദനസജ്ജമാവുകയെന്നു മഹീന്ദ്ര സൂചനയൊന്നും നൽകിയിട്ടില്ല.

യു എസ് വാഹന വിപണിയിൽ പ്രവേശിക്കാൻ ദശാബ്ദത്തോളമായി മഹീന്ദ്ര തീവ്രശ്രമം നടത്തുന്നുണ്ട്. യൂട്ടിലിറ്റി വാഹനങ്ങൾക്കൊപ്പം പിക് അപ്പുകളും വിൽപ്പനയ്ക്കെത്തിക്കാനും മുന്നൂറോളം ഡീലർഷിപ്പുകളുള്ള വിപണന ശൃംഖല സ്ഥാപിക്കാനുമൊക്കെ മഹീന്ദ്രയ്ക്കു പദ്ധതിയുണ്ട്. എന്നാൽ 2010ൽ നിയമ പോരാട്ടത്തിൽ കലാശിച്ചതോടെ മഹീന്ദ്രയുടെ ഇത്തരം ശ്രമങ്ങൾ പാളം തെറ്റുകയായിരുന്നു.

മഹീന്ദ്ര പണമായി 95 ലക്ഷം ഡോളറും (61.47 കോടി രൂപ) 10 കോടി ഡോളർ(647.04 കോടി ഡോളർ) മൂല്യം കണക്കാക്കുന്ന രഹസ്യങ്ങളും തട്ടിയെടുത്തെന്ന് ആരോപിച്ചാണു യു എസിലെ ഡീലർമാർ 2012ൽ കോടതിയിലെത്തിയത്. ഡീലർമാർ നൽകിയ സൗജന്യ പ്രചാരം മഹീന്ദ്രയ്ക്കു യു എസിൽ ശക്തമായ അടിത്തറ സ്ഥാപിച്ചു നൽകിയെന്നും പരാതിയിൽ ആരോപിച്ചിരുന്നു. 

ഡീലർമാരുടെ ആരോപണം നിഷേധിച്ച മഹീന്ദ്രയാവട്ടെ മുൻനിശ്ചയപ്രകാരം പിക് അപ് ട്രക്കുകൾ വിൽക്കാനാവാതെ പോയത് അന്നത്തെ വിതരണക്കാരായിരുന്ന, അറ്റ്ലാന്റ അസ്ഥാനമായ ഗ്ലോബൽ വെഹിക്കിൾസ് യു എസ് എ ഇൻകോർപറേറ്റഡിന്റെ പരാജയം മൂലമാണെന്നും വാദിച്ചു. കേസിന്റെ ഇപ്പോഴത്തെ സ്ഥിതി വ്യക്തമല്ലെങ്കിലും കഴിഞ്ഞ വർഷം പരിഷ്കരിച്ച പരാതിയുമായി ആറു ഡീലർമാർ കൂടി കോടതിയിലെത്തിയിരുന്നു. പിന്നീട് 2013ലാണു മഹീന്ദ്ര ട്രോയിൽ നോർത്ത് അമേരിക്കയിലെ ആസ്ഥാനം സ്ഥാപിക്കുന്നത്; ഡിസൈൻ, എൻജിനീയറിങ്, വാഹന വികസന സൗകര്യങ്ങളെല്ലാമുള്ള കേന്ദ്രമാണ് ഇപ്പോൾ മഹീന്ദ്രയ്ക്കു യു എസിലുള്ളത്. 2014ൽ 110 എൻജിനീയർമാരെ കൂടി നിയമിച്ചു മഹീന്ദ്ര കേന്ദ്രം വികസിപ്പിക്കുകയും ചെയ്തിരുന്നു.