Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെട്രോൾ എൻജിനുമായി ‘എക്സ് യു വി 500’

Mahindra XUV 500 Mahindra XUV 500

സ്പോർട് യൂട്ടിലിറ്റി വാഹനമായ ‘എക്സ് യു വി 500’ പെട്രോൾ എൻജിനോടെ വിൽപ്പനയ്്ക്കെത്തിക്കാൻ മഹീന്ദ്ര ആൻഡ് മഹീന്ദ്ര (എം ആൻഡ് എം) ഒരുങ്ങുന്നു. ഡീസൽ എൻജിനുള്ള ‘എക്സ് യു വി 500’ വകഭേദങ്ങൾക്ക് ‘ഡബ്ല്യു’ സ്രേണിയിൽ പേരു നൽകുന്ന മഹീന്ദ്ര പെട്രോൾ മോഡലുകൾക്കായി ‘ജി’ ആണു തിരഞ്ഞെടുത്തിരിക്കുന്നത്.

‘എക്സ് യു വി 500’ തുടക്കത്തിൽ ഒറ്റ മോഡൽ മാത്രമാണു പെട്രോൾ എൻജിനോടെ വിപണിയിലുണ്ടാവുക. 2.2 ലീറ്റർ പെട്രോൾ എൻജിനോടെ എത്തുന്ന മോഡലിനെ ‘എക്സ് യു വി 500 ജി നയൻ’ എന്നാവുമത്രെ മഹീന്ദ്ര വിളിക്കുക. പരമാവധി 140 ബി എച്ച് പി കരുത്തും 320 എൻ എം വരെ ടോർക്കുമാണ് പുതിയ പെട്രോൾ എൻജിൻ സൃഷ്ടിക്കുക. ‘എം ഹോക്ക്’ 2.2 ലീറ്റർ ഡീസലിന്റെ എൻജിൻ ബ്ലോക്ക് തന്നെ അടിത്തറയാക്കിയാണ് മഹീന്ദ്ര ഈ പെട്രോൾ എൻജിൻ വികസിപ്പിച്ചത്. 

‘ജി നയനി’ൽ ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സാവും ട്രാൻസ്മിഷൻ. മാനുവൽ ട്രാൻസ്മിഷനുള്ള പെട്രോൾ ‘എക്സ് യു വി 500’ പതിപ്പുകൾ പിന്നാലെ പ്രതീക്ഷിക്കാം. ‘ജി നയനി’ൽ ടച്സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനം നിലനിർത്തുമെങ്കിലും ലതർ സീറ്റും അലോയ് വീലുമൊന്നും ഉണ്ടാവില്ലെന്നാണു സൂചന. സുരക്ഷയ്ക്കായി ഇരട്ട എയർബാഗും ഈ മോഡലിലുണ്ടാവും. എഫ് സി എയുടെ ‘ജീപ്പ് കോംപസി’ന്റെ പെട്രോൾ പതിപ്പിനോടാണ് ‘എക്സ് യു വി 500 ജി നയൻ’ മത്സരിക്കുക. ‘കോംപസി’ലെ 1.4 ലീറ്റർ ടർബോ പെട്രോൾ എൻജിന് 163 ബി എച്ച് പി വരെ കരുത്ത് സൃഷ്ടിക്കാൻ പ്രാപ്തിയുണ്ട്.