Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘അപ്പാച്ചെ ആർ ടി ആറി’ന് എഫ് ഐ പതിപ്പ്

apache-200

പ്രകടനക്ഷമതയേറിയ ബൈക്കായ ‘അപ്പാച്ചെ ആർ ടി ആർ 200’ ഇലക്ട്രോണിക് ഫ്യുവൽ ഇഞ്ചക്ഷൻ(ഇ എഫ് ഐ) സഹിതം വിൽപ്പനയ്ക്കെത്തിയെന്നു ടി വി എസ് മോട്ടോർ കമ്പനി. ട്വിൻ സ്പ്രേ ട്വിൻ പോർട്ട് ഇ എഫ് ഐ ടെക്നോളജി സഹിതമെത്തുന്ന ബൈക്കിന് ‘അപ്പാച്ചെ ആർ ടി ആർ 200 എഫ് ഐ ഫോർ വി’ എന്നാണു പേരെന്നും കമ്പനി അറിയിച്ചു. ഡ്രൈവിങ്ക്ഷമത മെച്ചപ്പെടുത്താനും ത്രോട്ടിൽ റസ്പോൺസ് വേഗത്തിലാക്കാനും അന്തരീക്ഷ മലിനീകരണം കുറയ്ക്കാനുമൊക്കെ പുതിയ സാങ്കേതികവിദ്യ സഹായിക്കുമെന്നാണു നിർമാതാക്കളുടെ അവകാശവാദം. രാജ്യത്തെ പ്രധാന നഗരങ്ങളിൽ മാത്രമാണു തുടക്കത്തിൽ ‘അപ്പാച്ചെ ആർ ടി ആർ 200 എഫ് ഐ ഫോർ വി’ ലഭിക്കുക; 1,07,005 രൂപയാണു ബൈക്കിന് ഡൽഹി ഷോറൂമിലെ വില. 

വ്യത്യസ്ത സാഹചര്യങ്ങളിൽ എൻജിനിൽ നിന്നുള്ള കരുത്ത് പൂർണമായും വിനിയോഗിക്കാനും ഈ സാങ്കേതികവിദ്യ വഴി തെളിക്കും; ഇതോടെ ‘അപ്പാച്ചെ ആർ ടി ആർ 200’ ബൈക്കിന്റെ പ്രകടനക്ഷമത കൂടുതൽ ഉയരുമെന്നും ടി വി എസ് വ്യക്തമാക്കുന്നു. 8,500 ആർ പി എമ്മിൽ 21 പി എസ് വരെ കരുത്തും 7000 ആർ പി എമ്മിൽ 18.1 എൻ എം വരെ ടോർക്കുമാണ് ഫ്യുവൽ ഇഞ്ചക്ഷൻ സാങ്കേതികവിദ്യയുടെ പിൻബലമുള്ള ‘അപ്പാച്ചെ’യിലെ എൻജിൻ സൃഷ്ടിക്കുക. 

മണിക്കൂറിൽ 129 കിലോമീറ്ററാണു ബൈക്കിന് ടി വി എസ് വാഗ്ദാനം ചെയ്യുന്ന പരമാവധി വേഗം. കൂടാതെ നിശ്ചലാവസ്ഥയിൽ നിന്നു മണിക്കൂറിൽ 60 കിലോമീറ്റർ വേഗം കൈവരിക്കാൻ ‘അപ്പാച്ചെ ആർ ടി ആർ 200 എഫ് ഐ ഫോർ വി’ക്കു വെറും 3.9 സെക്കൻഡ് മതിയെന്നും ടി വി എസ് അവകാശപ്പെടുന്നു.  കാഴ്ചയിൽ വ്യത്യസ്തതയ്ക്കായി റോയൽ ക്രൗൺ ഫ്ളൈ സ്ക്രീൻ എന്നു പേരിട്ട വൈസർ സഹിതമാണ് ‘അപ്പാച്ചെ ആർ ടി ആർ 200 എഫ് ഐ ഫോർ വി’ എത്തുന്നത്. കൂടാതെ പേൾ വൈറ്റ്, മാറ്റ് യെലോ നിറങ്ങളിലാവും ബൈക്ക് വിൽപ്പനയ്ക്കെത്തുക.