Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെസ്പയുടെ വൈദ്യുത സ്കൂട്ടർ അടുത്ത വർഷം

Vespa E Bike Vespa E Bike

പാരമ്പര്യ രൂപകൽപ്പനയും ആധുനിക സാങ്കേതികവിദ്യയും സമന്വയിക്കുന്ന സ്കൂട്ടറുകളുമായി വെസ്പ. അടുത്ത വർഷം നിരത്തിലെത്തുമെന്നു പ്രതീക്ഷിക്കുന്ന ‘ഇലട്രിക്ക’യിലാണു വെസ്പ പാരമ്പര്യ സ്പർശമുള്ള രൂപത്തിനൊപ്പം ബാറ്ററി സാങ്കേതികവിദ്യയും സമന്വയിപ്പിക്കുന്നത്.

സാധാരണ ഗതിയിൽ രണ്ടു കിലോവാട്ടും പരമാവധി നാലു കിലോവാട്ടും ഊർജം സൃഷ്ടിക്കാൻ കഴിയുന്ന ബാറ്ററിപായ്ക്കാവും പുത്തൻ സ്കൂട്ടറിനു കരുത്തേകുക. പിൻബലമേകുന്നത് വൈദ്യുത മോട്ടോർ ആണെങ്കിലും ആക്സിലറേഷനിലടക്കം പരമ്പരാഗത ഇന്ധനത്തിൽ ഓടുന്ന, 50 സി സി എൻജിനുള്ള സ്കൂട്ടറുകളേക്കാൾ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാൻ ‘ഇലട്രിക്ക’യ്ക്കാവുമെന്നാണു വെസ്പയുടെ അവകാശവാദം. വൈദ്യുത മോട്ടോർ ഒഴിവാക്കുന്നതിനാൽ പരിസ്ഥിതി മലിനീകരണത്തിനു പുറമെ ശബ്ദശല്യവും ഒഴിവാകുമെന്നും വെസ്പ വിശദീകരിക്കുന്നു.

നാലു മണിക്കൂർ കൊണ്ടാണ് ‘ഇലട്രിക്ക’യിലെ ബാറ്ററി പൂർണതോതിൽ ചാർജാവുക; ഒറ്റത്തവണ ചാർജ് ചെയ്താൽ 100 കിലോമീറ്റർ ഓടാനും ഈ സ്കൂട്ടറിനു കഴിയും. പോരെങ്കിൽ ഇരട്ടി സഞ്ചാരപരിധി(റേഞ്ച്) വാഗ്ദാനം ചെയ്യുന്ന ‘ഇലട്രിക്ക എക്സും’ വെസ്പ പുറത്തിറക്കും; പവർ യൂണിറ്റിനൊപ്പം ലിതിയം അയോൺ ബാറ്ററി സഹിതമുള്ള ചെറു ജനറേറ്റർ ഘടിപ്പിച്ചാണ് വെസ്പ ഈ നേട്ടം കൈവരിക്കുന്നത്.

കൂടാതെ വെസ്പ മൾട്ടിമീഡിയ പ്ലാറ്റ്ഫോമിന്റെ പുത്തൻ പതിപ്പിലൂടെ കണക്റ്റഡ് എക്സ്പീരിയൻസും ‘ഇലട്രിക്ക’യിൽ വാഗ്ദാനമുണ്ട്. ഉടമസ്ഥന്റെ സ്മാർട്ഫോണിനെ സ്കൂട്ടറുമായി ബന്ധിപ്പിക്കുന്ന സംവിധാനത്തിനു കളർ ടി എഫ് ടി ഡിസ്പ്ലേയുമുണ്ട്.

പ്രത്യേക ക്രോം ഗ്രേ ഫിനിഷ് സഹിതമാണ് വെസ്പയുടെ ‘ഇലട്രിക്ക’ വിൽപ്പനയ്ക്കെത്തുക. പോന്റെഡെറ ശാലയിൽ മാത്രം നിർമിക്കുന്ന ‘ഇലട്രിക്ക’ അടുത്ത വർഷം വിൽപ്പയ്ക്കെത്തുമെന്നും വെസ്പ വ്യക്തമാക്കിയിട്ടുണ്ട്.