Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈദ്യുത ‘സിറ്റാരൊ’യുമായി മെഴ്സീഡിസ്

Mercedes Benz Citaro Mercedes Benz Citaro

പൂർണമായും ബാറ്ററിയിൽ ഓടുന്ന സിറ്റി ബസ് പുറത്തിറക്കാൻ ജർമൻ നിർമാതാക്കളായ മെഴ്സീഡിസ് ബെൻസ് തയാറെടുക്കുന്നു. രാജ്യാന്തരതലത്തിൽ മികച്ച വിൽപ്പനയുള്ള മോഡലായ ‘സിറ്റാരൊ’യുടെ വൈദ്യുത പതിപ്പാണു കമ്പനി പുറത്തിറക്കുക. 

അന്തരീക്ഷ മലിനീകരണം പൂർണമായും ഒഴിവാക്കുന്നതിനു പുറമെ നഗരങ്ങളിലെ ശബ്ദശല്യവും ഇല്ലാതാക്കുമെന്നതാണു പുതിയ ബസ്സിന്റെ സവിശേഷതയെന്ന് ഡെയ്മ്ലർ ബസസ് മേധാവി ഹാർട്മുട് ഷിക് വിശദീകരിക്കുന്നു. ഏറ്റവും കഠിനമായ സാഹചര്യങ്ങൾ നേരിടാനുള്ള പരീക്ഷണങ്ങളാണു നിലവിൽ പുരോഗമിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. ബാറ്ററി ഇലക്ട്രിക് ഡ്രൈവുള്ള ‘സിറ്റാരൊ’ പുത്തൻ നാഴികക്കല്ലായി മാറുമെന്നും ഷിക് അവകാശപ്പെട്ടു.

അടുത്തയിടെയാണ് ‘സിറ്റാരൊ’ ഉൽപ്പാദനം അര ലക്ഷം പിന്നിട്ടതിന്റെ ആഘോഷം മെഴ്സീഡിസ് ബെൻസ് സംഘടിപ്പിച്ചത്. ഇതോടൊപ്പം തന്നെ ആഗോളതലത്തിൽ ഏറ്റവുമധികം വിൽക്കപ്പെടുന്ന സിറ്റി ബസ് മോഡലിന്റെ വികസനവും കമ്പനി തുടരുകയായിരുന്നു. കാര്യക്ഷമതയേറിയ സങ്കര ഇന്ധന മോഡലായ ‘സിറ്റാരൊ ഹൈബ്രിഡ്’അവതരിപ്പിച്ച പിന്നാലെയാണു മെഴ്സീഡിസ് ബെൻസ് ബാറ്ററിയിൽ ഓടുന്ന ‘സിറ്റാരൊ’ യാഥാർഥ്യമാക്കുന്നത്. 

ലിതിയം അയോൺ ബാറ്ററികളാണ് സിറ്റാരൊ ഇലക്ട്രിക്കി’നു കരുത്തേകുക. മൊഡ്യൂലർ ആകൃതിയിലുള്ള ബാറ്ററി പായ്ക്കുകൾ ഉപയോഗിക്കുന്നതിനാൽ വ്യത്യസ്ത നഗരങ്ങളിലെ വേറിട്ട ആവശ്യങ്ങൾക്കും സാഹചര്യങ്ങൾക്കും അനുസൃതമായി ബസ് പരിഷ്കരിക്കാനാവുമെന്നാണു മെഴ്സീഡിസ് ബെൻസിന്റെ പക്ഷം. ഡിപ്പോയിൽ നിർത്തിയിടുന്ന വേളയിൽ പവർ സോക്കറ്റിൽ നിന്നു ബാറ്ററി ചാർജ് ചെയ്യുന്നതിനു പുറമെ ഇന്റർമീഡിയറ്റ് ചാർജിങ് സൊല്യൂഷൻ സാധ്യതയോടെയാണു മെഴ്സീഡിസ് ബെൻസ് പുതിയ ‘സിറ്റാരൊ’ അവതരിപ്പിക്കുന്നത്. പിൻ ആക്സിലിൽ ഇടം പിടിക്കുന്ന വൈദ്യുത വീൽ ഹബ് മോട്ടോറുകളാണു ബസ്സിനു കരുത്തേകുക; ‘സിറ്റാരൊ ജി ബ്ലൂ ടെക് ഹൈബ്രിഡി’ൽ പരീക്ഷിച്ചു വിജയിച്ച സാങ്കേതികവിദ്യയുമാണിത്.