Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒറ്റ ചാർജിൽ 500 ഓടുന്ന ടെസ്‌ലയുടെ ബാറ്ററി ട്രക്ക് അരങ്ങേറ്റം വ്യാഴാഴ്ച

Tesla Semi Electric Truck Tesla Semi Electric Truck

ബാറ്ററിയിൽ ഓടുന്ന ട്രക്ക് വ്യാഴാഴ്ച അനാവരണം ചെയ്യുമെന്നു യു എസ് നിർമാതാക്കളായ ടെസ്‌ല. ഭാഗികമായി ബാറ്ററിയെ ആശ്രയിക്കുന്ന ഈ ട്രക്ക് നേരത്തെ ഒക്ടോബർ 26ന് അരങ്ങേറ്റം കുറിക്കാനിരുന്നതാണ്; എന്നാൽ ‘മോഡൽ ത്രീ’ നിർമാണവുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങളെ തുടർന്നു ട്രക്കിന്റെ അവതരണ ചടങ്ങ് നീട്ടാൻ ടെസ്‌ല മേധാവി എലോൺ മസ്ക് തീരുമാനിക്കുകയായിരുന്നു.  കലിഫോണിയയിലെ ഹാത്രോണിലാവും വൈദ്യുത സെമി ട്രക്ക് അനാവരണ ചടങ്ങ്. 2016 മുതൽ ഇലക്ട്രിക് സെമി ട്രക്ക് വികസന രംഗത്തുള്ള ടെസ്‌ല ഈ വാഹനം സെപ്റ്റംബറിൽ അനാവരണം ചെയ്യുമെന്നാണു മുമ്പു പ്രഖ്യാപിച്ചിരുന്നത്. ചെയ്യുമെന്നാണു നേരത്തെ പ്രഖ്യാപിച്ചിരുന്നത്.

പൊതുജനങ്ങൾക്കു മുമ്പിൽ ആദ്യമായി അവതരിപ്പിക്കുമ്പോൾ തന്നെ വൈദ്യുത സെമി ട്രക്കിന്റെ ‘ടെസ്റ്റ് റൈഡും’ പ്രതീക്ഷിക്കാമെന്നു കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ എലോൺ മസ്ക് നേരത്തെ വ്യക്തമാക്കിയിരുന്നു. ബാറ്ററിയുടെ കൂടി സഹായത്തോടെ ഓടുന്ന ട്രക്കിനെക്കുറിച്ചുള്ള ആദ്യ പ്രഖ്യാപനം കഴിഞ്ഞ ഏപ്രിലിൽ ട്വിറ്റർ വഴിയാണു മസ്ക് നടത്തിയത്. തുടർന്ന് ബാറ്ററിയിൽ ഓടുന്ന ട്രക്കിന്റെ ആദ്യ ചിത്രവും പ്രകടനം സംബന്ധിച്ച വിശദാംശങ്ങളുമൊക്കെ കഴിഞ്ഞ ജൂണിൽ ‘ടെഡി’ലെ അഭിമുഖ വേളയിലാണു മസ്ക് പങ്കുവച്ചത്. ‘അസ്വാഭാവികം’ എന്ന വിശേഷണത്തോടെ സോഷ്യൽ മീഡിയയിലും മസ്ക് ഈ ആശയം പ്രചരിപ്പിച്ചിരുന്നു. 

ഇലക്ട്രിക് സെമി ട്രക്കുകളും പിക് അപ്പുകളും ബസ് പോലെ കൂടുതൽ യാത്രക്കാരെ വഹിക്കാവുന്ന വാഹനങ്ങളുമൊക്കെ ഉൾപ്പെടുന്ന സുസ്ഥിര ഊർജ ആവാസവ്യവസ്ഥയെക്കുറിച്ചായിരുന്നു ജൂലൈയിൽ ടെസ്‌ല ബ്ലോഗിൽ മസ്കിന്റെ പോസ്റ്റ്. സൗരോർജവും ബാറ്ററി സംവിധാനവും ചേർന്നാവും ഇത്തരം വാഹനങ്ങൾക്കു കരുത്തേകുകയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ആഗോളതലത്തിൽ പരിസ്ഥിതി മലിനീകരണ നിയന്ത്രണ വ്യവസ്ഥകൾ കർശനമാക്കുന്നതാണു മസ്കിന്റെ ഇലക്ട്രിക് സെമി ട്രക്ക് പോലുള്ള ആശയങ്ങൾക്ക് സ്വീകാര്യത വർധിപ്പിക്കുന്നത്. പരിസ്ഥിതി സൗഹൃദമായ പുത്തൻ നിലവാരം കൈവരിക്കാൻ മലിനീകരണ വിമുക്തമായ വാഹനങ്ങൾക്കു മാത്രമേ സാധിക്കൂ എന്നതാണു സ്ഥിതി.

യു എസ് എൻജിൻ നിർമാതാക്കളായ കമ്മിൻസ് നേരത്തെ ‘ക്ലാസ് സെവൻ’ സെമി ട്രക്ക് കൺസപ്റ്റ് അനാവരണം ചെയ്തിരുന്നു. വൈദ്യുത മോട്ടോറിൽ നിന്നും 140 കിലോവാട്ട് അവർ ബാറ്ററി പായ്ക്കിൽ നിന്നും ഊർജം കണ്ടെത്തുന്ന ട്രക്കിന് ‘ഇയോസ്’ എന്നാണ കമ്പനി നൽകിയിരിക്കുന്ന പേര്. ഒറ്റ പ്രാവശ്യം ചാർജ് ചെയ്യാൻ 300 മുതൽ 500 വരെ കിലോമീറ്റർ ഓടാൻ ട്രക്കിന് സാധിക്കും എന്നാണ് ടെസ്‌ല അവകാശപ്പെടുന്നത്. എൻജിനീയറിങ് സ്ഥാപനമായ റൂഷിന്റെ സഹകരണത്തോടെയാണു കമ്മിൻസ് ഈ സെമി ട്രക്ക് യാഥാർഥ്യമാക്കിയത്. 2019 മുതൽ ഈ സെമി ട്രക്ക് ബസ് ഓപ്പറേറ്റർമാർക്കും വാണിജ്യ ട്രക്ക് കമ്പനികൾക്കുമൊക്കെ വിൽക്കാനാണു കമ്മിൻസിന്റെ പദ്ധതി.