Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

10,000 വൈദ്യുത കാർ കൂടി വാങ്ങാൻ ഇ ഇ എസ് എൽ

electric-car

ഊർജ മന്ത്രാലയത്തിനുകീഴിലെ എനർജി എഫിഷ്യൻസ് സർവീസസ് ലിമിറ്റഡ്(ഇ ഇ എസ് എൽ) 10,000 വൈദ്യുത കാറുകൾ കൂടി വാങ്ങാൻ ഒരുങ്ങുന്നു. 2030ൽ പൂർണമായും വൈദ്യുത കാറുകളിലേക്കു മാറാനുള്ള കേന്ദ്ര സർക്കാർ നയത്തിന്റെ ഭാഗമായുള്ള പുതിയ ടെൻഡറിന്റെ നടപടികൾ മാർച്ചിലോ ഏപ്രിലിലോ ആരംഭിക്കുമെന്നാണു സൂചന.

പുതിയ 10,000 വൈദ്യുത കാർ വാങ്ങാനുള്ള ടെൻഡർ നടപടികൾ മാർച്ച് — ഏപ്രിൽ മാസങ്ങളിൽ പ്രതീക്ഷിക്കാമെന്ന് ഇ ഇ എസ് എൽ മാനേജിങ് ഡയറക്ടർ സൗരഭ് കുമാറാണു വെളിപ്പെടുത്തിയത്. നടപ്പു സാമ്പത്തിക വർഷം 3,500 കോടി രൂപയുടെ വരുമാനമാണ് ഇ ഇ എസ് എൽ പ്രതീക്ഷിക്കുന്നത്; ഇതിൽ 250 കോടിയുടെ അറ്റാദായവും കമ്പനി പ്രതീക്ഷിക്കുന്നുണ്ട്. 

വൈദ്യുത വാഹനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള സർക്കാർ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തരം വാഹനങ്ങളുടെ ബാറ്ററി ചാർജിങ്ങിനുള്ള അടിസ്ഥാന സൗകര്യ വികസനത്തിലും കൂടുതൽ പങ്കാളിത്തം നേടാൻ ഇ ഇ എസ് എല്ലിനു പദ്ധതിയുണ്ട്. ഇതിനു പുറമെ ബാറ്ററിയിൽ ഓടുന്ന ബസ്സുകൾ വാങ്ങാനും ഇ ഇ എസ് എൽ ആലോചിക്കുന്നുണ്ട്. രാജ്യതലസ്ഥാന മേഖല(എൻ സി ആർ)യിലെ അന്തരീക്ഷ മലിനീകരണം കുത്തനെ ഉയരുന്ന സാഹചര്യത്തിൽ മലിനീകരണ വിമുക്തമായ പൊതുഗതാഗത സംവിധാനം ലക്ഷ്യമിട്ടു ബാറ്ററിയിൽ ഓടുന്ന ബസ്സുകൾ വാങ്ങാൻ ഡൽഹി സർക്കാരിനു പദ്ധതിയുണ്ട്. 

കൂടാതെ ബാറ്ററി ചാർജ് ചെയ്യാനുള്ള അടിസ്ഥാന സൗകര്യ വികസനത്തിലും രാജ്യത്ത് വൻ സാധ്യതയുണ്ടെന്നാണ് ഇ ഇ എസ് എല്ലിന്റെ വിലയിരുത്തൽ. വെറും അഞ്ചോ പത്തോ നിമിഷത്തിനകം ബാറ്ററി ചാർജ് ചെയ്യാവുന്ന സാങ്കേതികവിദ്യകൾ ലഭ്യമാണെന്നും എന്നാൽ ഇവയ്ക്ക് വൻചെലവാണെന്നതാണു പ്രശ്നമെന്നും ഇ ഇ എസ് എൽ വിശദീകരിക്കുന്നു.

അതേസമയം, എ സി, ഡി സി ഇലക്ട്രിക് വെഹിക്കിൾ ചാർജറുകൾക്കുള്ള ടെൻഡറുകൾ ഇ ഇ എസ് എൽ പുറപ്പെടുവിച്ചിട്ടുണ്ട്. ഓട്ടർനേറ്റ് കറന്റിൽ പ്രവർത്തിക്കുന്ന ചാർജറുകളിൽ വാഹന ബാറ്ററി പൂർണ തോതിൽ ചാർജ് ആവാൻ ആറോ ഏഴോ മണിക്കൂർ വേണ്ടി വരുമ്പോൾ വെറും 45 — 60 മിനിറ്റിൽ ഇതേ ലക്ഷ്യം കൈവരിക്കുമെന്നതാണു ഡയറക്ട് കറന്റ് ചാർജറുകളുടെ മികവ്.