Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വില കുറഞ്ഞ ഹൈബ്രിഡ് കാറുകളുമായി മാരുതിയോട് ഏറ്റുമുട്ടാൻ ഹോണ്ട

Honda Urban Concept Honda Urban Concept

ഇന്ത്യ പോലെ വിലയുടെ കാര്യത്തിൽ കടുംപിടുത്തമുള്ള വിപണികൾക്കായി വില കുറഞ്ഞ സങ്കര ഇന്ധന കാറുകൾ വികസിപ്പിക്കാൻ ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട തയാറെടുക്കുന്നു. ചരക്ക്, സേവന നികുതി(ജി എസ് ടി) പ്രകാരം സങ്കര ഇന്ധന കാറുകൾക്ക് 43% നികുതിയാണ് ഇന്ത്യ ഈടാക്കുന്നത്; വൈദ്യുത കാറുകളുടെ നികുതിയാവട്ടെ 12 ശതമാനവുമാണ്.

എങ്കിലും നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗിക്കുന്നു എന്നതാണു സങ്കര ഇന്ധന മോഡലുകളുടെ നേട്ടമെന്നു ഹോണ്ട മോട്ടോർ കമ്പനി പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ തകഹിരൊ ഹചിഗൊ കരുതുന്നു. വിലയുടെ കാര്യത്തിലടക്കം ഉപയോക്താക്കൾക്ക് സ്വീകാര്യമായ സങ്കര ഇന്ധന മോഡലുകൾ പുറത്തിറക്കാനാണു കമ്പനിയുടെ ശ്രമമെന്നും അദ്ദേഹം വിശദീകരിച്ചു. 

ഇന്ത്യയിലെ സർക്കാർ പിന്തുടരേണ്ട നയങ്ങളെക്കുറിച്ച് ആലോചിച്ചു സമയം കളയുന്നതിൽ അർഥമില്ലെന്നും ഹചിഗൊ വ്യക്തമാക്കുന്നു; പകരം ന്യായമായ വിലയ്ക്ക് സങ്കര ഇന്ധന കാറുകൾ അവതരിപ്പിക്കുന്നതിലാവണം കമ്പനിയുടെ ശ്രദ്ധ. 2030 ആകുന്നതോടെ മൊത്തം വിൽപ്പനയിൽ 65% വൈദ്യുത വാഹനങ്ങളിൽ നിന്നു നേടാനാണു ഹോണ്ട ലക്ഷ്യമിടുന്നത്. ഇതിൽ തന്നെ 50 ശതമാനത്തോളം സങ്കര ഇന്ധന, പ്ലഗ് ഇൻ ഹൈബ്രിഡുകളുടെ വിഹിതമാവുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അവശേഷിക്കുന്ന 15% ആവും ഇന്ധന സെൽ സാങ്കേതികവിദ്യ അടക്കം പൂർണമായും മലിനീകരണ വിമുക്തമായ വാഹനങ്ങളുടെ സംഭാവന. 

ഇതോടൊപ്പം ഗ്യാസൊലിൻ(പെട്രോൾ) എൻജിനുകൾ കൂടുതൽ കാര്യക്ഷമമാക്കാനും ഹോണ്ട ശ്രമിക്കുമെനന് ഹചിഗൊ വെളിപ്പെടുത്തി. ആഗോളതലത്തിൽ 20 ലക്ഷത്തോളം സങ്കര ഇന്ധന കാറുകൾ വിറ്റ പാരമ്പര്യമാണ് ഹോണ്ടയുടേത്. എങ്കിലും ഇന്ത്യയിൽ ഇത്തരം കാറുകൾ എത്രത്തോളം വളർച്ച നേടുമെന്ന കാര്യത്തിൽ കമ്പനിക്കു വ്യക്തമായ ധാരണയില്ല. അതുപോലെ ഇന്ത്യയിൽ വൈദ്യുത കാറുകൾ കൈവരിക്കാനിടയുള്ള സ്വീകാര്യത സംബന്ധിച്ചും ഹോണ്ടയ്ക്കു വ്യക്തതയില്ലെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.