Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നൂറു കി.മീ വേഗത്തിലെത്താൻ 1.9 സെക്കൻഡ്, കൂടിയ വേഗം 400 കി.മീ സൂപ്പർ കാറുകളെ തോൽപ്പിക്കാൻ ടെസ്‍‌ല ‘റോഡ്സ്റ്റർ’

Tesla Roadster Tesla Roadster

പരമ്പരാഗത കാറുകളെ നിഷ്പ്രഭമാക്കുന്ന പ്രകടന മികവോടെ ടെസ്‍‌ലയുടെ പുത്തൻ ‘റോഡ്സ്റ്റർ’ വരുന്നു. ബാറ്ററിയിൽ ഓടുന്ന ‘സെമി ട്രക്ക്’ അനാവരണം ചെയ്ത പിന്നാലെയാണ് യു എസിലെ വൈദ്യുത വാഹന നിർമാതാക്കളായ ടെസ്‍‌ലയുടെ സ്ഥാപകൻ എലോൺ മസ്ക് 2020ൽ പുറത്തെത്തുമെന്നു കരുതുന്ന പുത്തൻ ‘റോഡ്സ്റ്ററി’ന്റെ വിശദാംശങ്ങൾ പങ്കുവച്ചത്. നിശ്ചലാവസ്ഥയിൽ നിന്ന് വെറും 1.9 സെക്കൻഡിൽ 100 കിലോമീറ്റർ വേഗം കൈവരിക്കാൻ ‘റോഡ്സ്റ്റർ’ ആണു മസ്കിന്റെ സ്വപ്നം. ഒറ്റത്തവണ ചാർജ് ചെയ്താൽ ആയിരത്തോളം കിലോമീറ്റർ ഓടാൻ പ്രാപ്തിയുള്ള കാറിന് ടെസ്‍‌ല വാഗ്ദാനം ചെയ്യുന്ന പരമാവധി വേഗമാവട്ടെ മണിക്കൂറിൽ 400 കിലോമീറ്റർ ആണ്. 

കാറുകളുടെ വേഗമളക്കുന്ന ക്വാർട്ടർ മൈൽ പരീക്ഷയിലും ‘റോഡ്സ്റ്റർ’ നിലവിലുള്ള കാറുകളുടെ നിഷ്പ്രഭമാക്കും; വെറും 8.8 സെക്കൻഡിൽ ‘റോഡ്സ്റ്റർ’ ക്വാർട്ടർ മൈൽ പിന്നിടുമെന്നാണു മസ്കിന്റെ അവകാശവാദം.അവിശ്വസനീയ ടോർക്കാണു ‘റോഡ്സ്റ്ററി’ൽ മസ്ക് വാഗ്ദാനം ചെയ്യുന്നത്: 10,000 എൻ എം. നിലവിലുള്ള ടയറുകൾക്ക് ഈ ടോർക്ക് അതിജീവിക്കാൻ കഴിയില്ലെന്നതിനാൽ ‘റോഡ്സ്റ്ററി’നായി സ്മാർട് ട്രാക്ഷൻ കൺട്രോൾ സഹിതമുള്ള പുത്തൻ ടയർ വികസിപ്പിക്കേണ്ടി വരും. പ്രകടനക്ഷമതയിൽ പുത്തൻ ഉയരങ്ങൾ കീഴടക്കുന്ന ‘റോഡ്സ്റ്ററി’ന്റെ ആദ്യ മാതൃക തയാറാണെന്നും മസ്ക് പ്രഖ്യാപിക്കുന്നു. വാണിജ്യാടിസ്ഥാനത്തിലുള്ള നിർമാണത്തോടടുക്കുമ്പോൾ ഇതേ കാറിനു കൂടുതൽ വേഗവും കൂടുതൽ സഞ്ചാരശേഷിയുമൊക്കെ പ്രതീക്ഷിക്കാമെന്നും മസ്ക് വ്യക്തമാക്കുന്നു. ആധുനിക കാലത്ത് ബാറ്ററികൾക്കു കരുത്തേറുന്നതും ഭാരം കുറയുന്നതുമൊക്കെയാണു ‘റോഡ്സ്റ്റർ’ പോലുള്ള വിസ്മയങ്ങൾ യാഥാർഥ്യമാക്കുന്നത്.  

മൂന്നു വൈദ്യുത മോട്ടോറുകളാവും ‘റോഡ്സ്റ്ററി’നു കരുത്തേകുക; മുന്നിൽ ഒന്നും പിന്നിൽ രണ്ടും മോട്ടോറുകൾ ചേരുന്നതോടെ കാർ ഓൾ വീൽ ഡ്രൈവാകും. കാറിനു കാഴ്ചപ്പകിട്ടേകുകയും ഗുരുത്വാകർഷണ കേന്ദ്രം താഴ്ന്നതലത്തിലാക്കുകയും ചെയ്യുന്ന തരത്തിൽ സ്ഥാപിച്ച 250 കിലോവാട്ട് അവർ ബാറ്ററിയാണു കാറിനു കരുത്തേകുക. പേരിനോടു നീതി പുലർത്തുംവിധം അഴിച്ചുമാറ്റാവുന്ന ഹാർഡ് ടോപ് സഹിതമാവും ‘ടെസ്‍‌ല റോഡ്സ്റ്ററി’ന്റെ വരവ്. സാധാരണയിൽ നിന്നു വ്യത്യസ്തമായി രണ്ടിനു പകരം നാലു സീറ്റും കാറിലുണ്ടാവും; ‘പോർഷെ 911’ ആണ് ഇക്കാര്യത്തിൽ ടെസ്ലയ്ക്കു മാതൃക.

പേരും പെരുമയുമൊക്കെയേറുമ്പോൾ ടെസ്‍‌ലയുടെ ‘റോഡ്സ്റ്ററി’നു വിലയുമേറും; ബുക്കിങ്ങിന് അരലക്ഷം അടക്കം മൊത്തം രണ്ടു ലക്ഷം ഡോളർ(1.30 കോടിയോളം രൂപ) ആവും അടിസ്ഥാന മോഡലിനു വില. ‘ഫൗണ്ടർ ശ്രേണി’യിൽ പെടുത്തി രണ്ടര ലക്ഷം ഡോളർ(ഏകദേശം 1.63 കോടി രൂപ) വിലയ്ക്ക് 1,000 ‘റോഡ്സ്റ്ററും’ ടെസ്‍‌ല വിൽപ്പനയ്ക്കെത്തിക്കുന്നുണ്ട്.