Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈദ്യുത കാർ: കനത്ത നിക്ഷേപത്തിനു ഫോക്സ്‌വാഗൻ

DB2017AU00511 Volkswagen ID Buzz

വൈദ്യുത കാർ രംഗത്തു പ്രബല ശക്തിയായി മാറുകയെന്ന ലക്ഷ്യത്തോടെ അടുത്ത അഞ്ചു വർഷത്തിനിടെ വൻതോതിലുള്ള നിക്ഷേപത്തിന് ഫോക്സ്വാഗൻ ഒരുങ്ങുന്നു. വൈദ്യുത വാഹന വിഭാഗത്തിലെ മേധാവിത്തത്തിനായി ആകെ 3,400 കോടി യൂറോ(ഏകദേശം 2,60,352 കോടി രൂപ) ആണു യൂറോപ്പിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ ഫോക്സ്‌വാഗൻ വകയിരുത്തുന്നത്.

വൈദ്യുത കാറുകൾക്കു പുറമെ സ്വയം ഓടുന്ന കാറുകളുടെയും പുത്തൻ മൊബിലിറ്റി സംവിധാനങ്ങൾക്കുമെല്ലാമായി 2022നകം ഇത്രയും തുക മുതൽമുടക്കാനാണു ഫോക്സ്വാഗന്റെ പദ്ധതി. 2022 ആകുമ്പോഴേക്ക് ഗ്രൂപ്പിന്റെ മൊത്തം നിക്ഷേപം 7,200 കോടി യൂറോ(ഏകദേശം 5,51,333 കോടി രൂപ) ആവുമെന്നാണു കണക്കാക്കുന്നത്. പദ്ധതികൾ അംഗീകരിക്കപ്പെട്ടതോടെ 2025 ആകുന്നതോടെ ആഗോളതലത്തിൽ തന്നെ വൈദ്യുത വാഹന വിഭാഗത്തിൽ ഒന്നാം സ്ഥാനത്തെത്താനുള്ള പ്രവർത്തനങ്ങൾക്കാണു ഫോക്സ്‌വാഗൻ തുടക്കം കുറിക്കുന്നതെന്ന് കമ്പനി ചീഫ് എക്സിക്യൂട്ടീവ് മത്തിയാസ് മ്യുള്ളർ അവകാശപ്പെട്ടു. 

യു എസിലെ കർശന മലിനീകരണ നിയന്ത്രണ പരീക്ഷ ജയിക്കാൻ ഡീസൽ എൻജിനുകളിൽ കൃത്രിമം കാട്ടി കുടുങ്ങും വരെ വൈദ്യുത വാഹനങ്ങളോടും സ്വയം ഓടുന്ന കാറുകൾക്കുള്ള സാങ്കേതികവിദ്യയോടുമൊന്നും ഫോക്സ്വാഗൻ കാര്യമായ ആഭിമുഖ്യം പ്രകടിപ്പിച്ചിരുന്നില്ല. എന്നാൽ ‘ഡീസൽഗേറ്റ്’ വിവാദവും തുടർന്നു നേരിട്ട ശതകോടികളുടെ നഷ്ടപരിഹാര ബാധ്യതയുമൊക്കെയാണു കമ്പനിക്കു വീണ്ടുവിചാരം സൃഷ്ടിച്ചത്. പോരെങ്കിൽ വൈദ്യുത കാറുകൾക്ക് പ്രത്യേക ക്വോട്ട നിശ്ചയിക്കാനുള്ള ചൈനീസ് സർക്കാരിന്റെ തീരുമാനവും ഫോക്സ്വാഗന്റെ നിലപാട് മാറ്റത്തെ സ്വാധീനിച്ചിട്ടുണ്ടെന്നാണു സൂചന. 

ഇതോടെ മലിനീകരണ വിമുക്തമായ കാറുകളുടെ വികസനവും സ്വയം ഓടുന്ന വാഹനങ്ങൾക്കുള്ള സാങ്കേതികവിദ്യ വികസനവുമൊക്കെ ഫോക്സ്‌വാഗൻ ത്വരിതഗതിയിലാക്കിയിട്ടുണ്ട്. 2030 ആകുമ്പോഴേക്ക് ഗ്രൂപ്പിന്റെ മോഡൽ ശ്രേണിയിലെ മുന്നൂറോളം വാഹനങ്ങളുടെ വൈദ്യുത പതിപ്പ് യാഥാർഥ്യമാക്കാനാണു ഫോക്സ്‌വാഗൻ ലക്ഷ്യമിട്ടിരിക്കുന്നത്.