Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡീസൽ വേണ്ട, ഇനി ബസ് കാപ്പിയിലോടും

Bio Bean Bus Bio Bean Bus

ലണ്ടൻ നിവാസികൾക്കു കാപ്പിയോടുള്ള പ്രിയം ഇപ്പോൾ നഗരത്തിലെ ബസ്സുകൾക്കുള്ള മലിനീകരണ സാധ്യത കുറഞ്ഞ ഇന്ധനമായി മാറുന്നു. കാപ്പിപ്പൊടി നിർമാണത്തിൽ നിന്നുള്ള മാലിന്യത്തിൽ നിന്നുള്ള ഇന്ധനം ഉപയോഗിച്ചു ലണ്ടൻ നഗരത്തിന്റെ മുഖമുദ്രയായ ഡബ്ൾ ഡെക്കർ ബസ്സടക്കം ഓടിക്കാനാണു പുതിയ നീക്കം. കാപ്പിപ്പൊടി പൊടിച്ചപ്പോൾ ലഭിച്ച മാലിന്യത്തിൽ നിന്നു തയാറാക്കിയ ആറായിരത്തോളം ലീറ്റർ എണ്ണയാണ് ലണ്ടൻ നഗരത്തിലെ ഗതാഗത അതോറിട്ടിയുടെ ബസ്സുകളുടെ ഇന്ധനടാങ്കിൽ ഇടംപിടിക്കുന്നത്. സിറ്റി സർവീസ് നടത്തുന്ന ഒരു ബസ്സിന് വർഷം മുഴുവൻ ഓടാൻ ഇത്രയും ഇന്ധനം മതിയെന്നാണു കണക്ക്.

നാലു വർഷമായി കാപ്പിപ്പൊടി മാലിന്യത്തിൽ നിന്ന് ഇന്ധനം വികസിപ്പിക്കുന്ന ബ്രിട്ടീഷ് സ്റ്റാർട് അപ് കമ്പനിയായ ബയോ ബീനാണ് പുതിയ പദ്ധതി ആവിഷ്കരിച്ചത്. ഊർജ മേഖലയിലെ പ്രമുഖരായ റോയൽ ഡച് ഷെല്ലാണു പദ്ധതിക്ക് സാമ്പത്തിക, സാങ്കേതിക സഹായം ലഭ്യമാക്കുന്നത്.  ലണ്ടൻ നിവാസികൾ പ്രതിദിനം ശരാശരി 2.3 കപ് കാപ്പി കുടിക്കുന്നുണ്ടെന്നാണു കണക്ക്; ഇപ്രകാരം വർഷം തോറും ധാതുസമ്പന്നമായ രണ്ടു ലക്ഷം ടൺ കാപ്പിപ്പൊടി മാലിന്യം സൃഷ്ടിക്കപ്പെടുന്നുണ്ടെന്ന് ബയോ ബീൻ വെളിപ്പെടുത്തുന്നു. 

ഇതുവരെ ഈ മാലിന്യം ചതുപ്പുകൾ നികത്താനാണ് ഉപയോഗിച്ചിരുന്നത്; ഇവിടെ കാപ്പിപ്പൊടി അഴുകി മീതെയ്നും കാർബൺ ഡയോക്സൈഡുമൊക്കെയായി മാറുകയാണെന്ന് ബയോ ബീൻ സ്ഥാപകൻ ആർതർ കേ വിശദീകരിക്കുന്നു. ഇതിനു പകരം കാപ്പിപ്പൊടി മാലിന്യം ശേഖരിച്ച് പുനരുപയോഗിക്കാവുന്ന ഇന്ധനമായി മാറ്റാനാണ് ബയോ ബീൻ ശ്രമിക്കുന്നത്. പരമ്പരാഗത ഇന്ധനങ്ങൾക്കു പകരമാണ് കാപ്പിപ്പൊടി മാലിന്യത്തിൽ നിന്നുള്ള എണ്ണ ഉപയോഗിക്കുന്നത് എന്നതിനാൽ ഈ നടപടി ഇരട്ടിലാഭമാണു സമ്മാനിക്കുന്നതെന്നും ആർതർ കേ അവകാശപ്പെടുന്നു.

ലണ്ടൻ നഗരത്തിലെ കോഫി ഷോപ്പുകളിൽ നിന്ന് പുറന്തള്ളുന്ന കാപ്പിപ്പൊടി മാലിന്യമാണ് ബയോ ബീനിന്റെ അസംസ്കൃത വസ്തു. തുടർന്ന് ഈ മാലിന്യം കേംബ്രിജ്ഷെറിലെ ശാലയിലെത്തിച്ചാണ് ഇന്ധനത്തിൽ കലർത്താവുന്ന എണ്ണമായി രൂപാന്തരപ്പെടുത്തുന്നത്. ഇത്തരത്തിൽ തയാറാക്കിയ ‘കാപ്പി എണ്ണ’ യു കെയിലെ ഏറ്റവും വലിയ ജൈവ ഇന്ധന നിർമാതാക്കളായ അർജന്റ് എനർജിക്കു കൈമാറുന്നു. ജന്തു, ജൈവ ഇന്ധനങ്ങൾക്കൊപ്പം ‘കാപ്പി എണ്ണ’ കൂടി കലർത്തി അർജന്റ് എനർജി പുതിയ ഇന്ധനം സൃഷ്ടിക്കുന്നു; ഇതിൽ 80% പരമ്പരാഗത ഡീസലും ബാക്കി ജൈവ ഇന്ധനങ്ങളുമാവും.

സാധാരണ ഇന്ധനത്തിനു പകരം പുതിയ മിശ്രിതം ഉപയോഗിക്കുന്നതോടെ ബസ് സൃഷ്ടിക്കുന്ന കാർബൺ മലിനീകരണത്തിൽ 10 — 15% കുറവാണു കണക്കാക്കുന്നത്. പോരെങ്കിൽ ‘കാപ്പി എണ്ണ’ കലർന്ന ഇന്ധനം ഉപയോഗിക്കാനായി എൻജിനിൽ പരിഷ്കാരം നടത്തേണ്ടെന്ന നേട്ടവുമുണ്ടെന്ന് ബയോ ബീൻ ചൂണ്ടിക്കാട്ടുന്നു.  ലണ്ടൻ നഗരത്തിലെ 9,300 ബസ്സുകളിലായി നഗരവാസികൾ പ്രതിവർഷം 200 കോടിയിലേറെ ട്രിപ്പുകൾ നടത്തുന്നുണ്ടെന്നാണു കണക്ക്. ലണ്ടനിലെ ബസ്സുകളിൽ 2,000 എണ്ണം മാത്രമാണു ഡീസൽ ഇലക്ട്രിക് സംവിധാനത്തിലുള്ളത്.  ബസ്സുകൾക്കു പുറമെ ടാക്സികളിലും കാറുകളിലും ട്രക്കുകളിലുമൊക്കെ ‘കാപ്പി എണ്ണ’ കലർന്ന ഇന്ധനം ഉപയോഗിക്കാമെന്നാണു ബയോ ബീനിന്റെ അവകാശവാദം. അടുത്തഘട്ടത്തിൽ പ്രതിവർഷം 3,800 കോടി കപ്പ് കാപ്പി കുടിക്കുന്ന ഫ്രാൻസിനെയാണു കമ്പനി നോട്ടമിട്ടിരിക്കുന്നത്.