Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതുച്ചേരി റജിസ്ട്രേഷൻ; 17.68 ലക്ഷം രൂപ നികുതിയടച്ച് ഫഹദ് ഫാസിൽ

Fahadh Fazil Fahadh Fazil

വ്യാജരേഖ ചമച്ച് വ്യാജ വിലാസത്തിൽ പുതുച്ചേരിയിൽ ആഡംബര കാർ റജിസ്റ്റർ ചെയ്തു നികുതി വെട്ടിച്ചെന്ന പരാതിയെ തുടർന്ന് നടൻ ഫഹദ് ഫാസിൽ തന്റെ വാഹനത്തിന്റെ നികുതി അടച്ചു. PY 05 9899 റജിസ്ട്രേഷനുള്ള ബെൻസ് കാറിന്റെ നികുതിയായി 17.68 ലക്ഷം രൂപയാണ് ഫഹദ് ഫാസിൽ അടച്ചത്. ആലപ്പുഴ ആർടി ഓഫീസില്‍ നികുതി അടച്ച അദ്ദേഹത്തിന്റെ വാഹന റജിസ്ട്രേഷൻ കേരളത്തിലേക്ക് മാറ്റാൻ ഒരാഴ്ച സമയം അനുവദിച്ചിട്ടുണ്ടെന്നും ആർടി ഓഫീസിൽ നിന്നും അറിയിച്ചു. ഫഹദിന്റെ ബെൻസ് ഇ 63 എഎംജിക്ക് ഏകദേശം 93 ലക്ഷം രൂപയാണ് ‍എക്സ്ഷോറൂം വില.

ചലച്ചിത്ര താരങ്ങളായ അമല പോളിനും ഫഹദ് ഫാസിലിനും നടൻ സുരേഷ് ഗോപിക്കും നേരത്തെ കൈംബ്രാഞ്ച് നോട്ടിസ് അയച്ചിരുന്നു.  പുതുച്ചേരിയിൽ താമസിക്കുന്നതായി രേഖ ഉണ്ടാക്കാനായി ഇൻഷുറൻസ് പോളിസി, വ്യാജ വാടക കരാർ എന്നിവ ഉണ്ടാക്കിയതായി പ്രാഥമികാന്വേഷണത്തിൽ ക്രൈംബ്രാഞ്ച് കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി.

കേരളത്തില്‍ 20 ലക്ഷത്തില്‍ മുകളിലുള്ള വാഹനങ്ങള്‍ക്ക് 20 ശതമാനം റോഡ് ടാക്‌സ് നല്‍കേണ്ടി വരുമ്പോള്‍ പുതുച്ചേരിയില്‍ നല്‍കേണ്ടത് ഏകദേശം 102500 രൂപ മാത്രം. വ്യാജ വിലാസം ഉണ്ടാക്കാനുള്ള നിരക്കും ഏജന്റിന്റെ ഫീസുമടക്കം ഏകദേശം 2 ലക്ഷം രൂപ മാത്രമേ ചിലവ് വരൂ. അതുകൊണ്ടു തന്നെയാണ് കോടിക്കണക്കിന് രൂപ വിലയുള്ള വാഹനങ്ങള്‍ക്ക് പോണ്ടിച്ചേരി റജിസ്‌ട്രേഷനുകള്‍ സ്വന്തമാക്കുന്നത്. 

കേരളത്തിലെ ടാക്‌സ് 

അഞ്ച് ലക്ഷം രൂപ വരെ വിലയുള്ള കാറുകള്‍ക്ക് വിലയുടെ 6 ശതമാനം 

അഞ്ചു മുതല്‍ പത്തു ലക്ഷം വരെ വിലയുള്ള കാറുകള്‍ക്ക് വിലയുടെ 8 ശതമാനം

പത്തു ലക്ഷം മുതല്‍ പതിനഞ്ചു ലക്ഷം വരെ വിലയുള്ള കാറുകള്‍ക്ക് വിലയുടെ 10 ശതമാനം

പതിനഞ്ചു ലക്ഷം മുതല്‍ 20 ലക്ഷം വരെ വിലയുള്ള കാറുകള്‍ക്ക് വിലയുടെ 15 ശതമാനം

20 ലക്ഷത്തിന് മുകളിലോട്ട് 20 ശതമാനം

പുതുച്ചേരി റജിസ്‌ട്രേഷന്‍ 

20 ലക്ഷം രൂപ വരെയുള്ള വാഹനങ്ങള്‍ക്ക് ഏകദേശം 52000 രൂപ 

20 ലക്ഷത്തിന് മുകളിലേയ്ക്ക് ഏകദേശം 102500 രൂപയുമാണ്