Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ സാൻട്രോ അടുത്ത വർഷം

Hyundai IX Metro Concept Hyundai IX Metro Concept

കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടേയ്‌യെ ഇന്ത്യയിൽ ജനപ്രിയ ബ്രാൻഡാക്കി മാറ്റിയ സാൻട്രോയുടെ പുതിയ രൂപം അടുത്ത വർഷമെത്തും. എന്നാൽ വിപണിയിലെത്തും മുമ്പേ തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി മുന്നേറുകയാണ് പുതിയ സാൻട്രോയുടെ സ്പൈ ചിത്രങ്ങൾ‌. ഇന്ത്യയിൽ പരീക്ഷണയോട്ടം നടത്തുന്ന സാൻട്രോയുടെ ചിത്രങ്ങളാണ് പ്രചരിക്കുന്നത്. ഹ്യുണ്ടേയ്‌ 2009 ൽ പ്രദർശിപ്പിച്ച മെട്രോ കൺസെപ്റ്റിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും പുതിയ സാൻട്രോ നിർമിക്കുക.

hyundai-ix-metro-concept-1 Hyundai IX Metro Concept

1998ൽ ഇന്ത്യൻ വിപണിയിലെത്തിയ സാൻട്രോയെ ഹ്യുണ്ടേയ് വിപണിയിൽ നിന്ന് പിൻവലിച്ചത് 2014 ലായിരുന്നു. നിലവിൽ ഹ്യുണ്ടേയ്‌ ലൈനപ്പിലുള്ള ഐ10 നെ പിൻവലിച്ചാണ് ഹ്യുണ്ടേയ്‌യുടെ നിത്യഹരിത മോഡലായ സാൻട്രോയെ തിരിച്ചെത്തിക്കാൻ കമ്പനി ആലോചിക്കുന്നത്. ബ്രാൻഡ് നാമം നിലനിർത്തി പൂർണ്ണമായും പുതിയൊരു കാറായിരിക്കും കമ്പനി പുറത്തിറക്കുക. നിർത്തലാക്കി മൂന്ന് വർഷമാകുമ്പോഴും ബ്രാൻഡ് എന്ന നിലയിൽ ‘സാൻട്രോ’യ്ക്കുള്ള സ്വീകാര്യതയും ഉപയോക്താക്കൾക്കിടയിലുള്ള താൽപര്യവുമാണത്രെ ഹ്യുണ്ടേയ് മാനേജ്മെന്റിനെ ഇങ്ങനെ ചിന്തിപ്പിക്കുന്നത്.

hyundai-ix-metro-concept-23 Hyundai IX Metro Concept

ഡീലർഷിപ്പുകളിലെത്തുന്നവരിൽ പലരും ഇപ്പോഴും ‘സാൻട്രോ’ അന്വേഷിക്കുന്നു; എന്തിനാണ് കാർ നിർത്തിയതെന്ന് ചോദിക്കുന്നവരുമേറെ. ‘സാൻട്രോ’യുടെ പിൻമാറ്റത്തോടെ ‘ടോൾ ബോയ്’ വിഭാഗത്തിൽ മാരുതി സുസുക്കിയുടെ ‘വാഗൻ ആറി’ന് എതിരില്ലാതായി എന്ന വസ്തുതയും അവശേഷിക്കുന്നു.

ഹ്യുണ്ടേയ് ഇന്ത്യയുടെ അരങ്ങേറ്റ മോഡലായി 1998 സെപ്റ്റംബറിലായിരുന്നു ‘സാൻട്രോ’യുടെ വരവ്. ഇന്ത്യയ്ക്ക് അപരിചിതമായ ‘ടോൾ ബോയ്’ രൂപകൽപ്പനയ്ക്കു പുറമെ രണ്ടു പതിറ്റാണ്ടായി വിപണി വാഴുന്ന കാർബുറേറ്റഡ് എൻജിനു പകരം മൾട്ടി പോയിന്റ് ഫ്യുവൽ ഇഞ്ചക്ഷൻ (എം പി എഫ് ഐ) എൻജിനും ‘സാൻട്രോ’യുടെ സവിശേഷതയായിരുന്നു. 16 വർഷം നീണ്ട ജൈത്രയാത്രയ്ക്കൊടുവിൽ ‘സാൻട്രോ’ വിരമിക്കുമ്പോൾ കാറിന്റെ ആഭ്യന്തര വിപണിയിലെ മൊത്തം വിൽപ്പന 13.60 ലക്ഷം യൂണിറ്റായിരുന്നു. പിന്നെ വിദേശത്തു വിറ്റ 5.35 ലക്ഷം ‘സാൻട്രോ’കളും. 2014 അവസാനം വിട ചൊല്ലുന്ന വേളയിലും ‘സാൻട്രോ’ മാസം തോറും 2,400 — 2,500 യൂണിറ്റിന്റെ വിൽപ്പ നേടുന്നുണ്ടായിരുന്നു. 2014 — 15ന്റെ ആദ്യ പകുതിയിൽ വിറ്റതാവട്ടെ 14,595 ‘സാൻട്രോ’കളാണ്.