Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇക്കൊല്ലം 17% വിൽപ്പന വളർച്ച നേടാൻ ഹോണ്ട

honda-cars-logo

നടപ്പു സാമ്പത്തിക വർഷത്തെ വാഹന വിൽപ്പനയിൽ 17% വളർച്ച കൈവരിക്കാനാവുമെന്നു ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡിനു പ്രതീക്ഷ. അടുത്ത മൂന്നു വർഷത്തനകം ആറു പുതിയ മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നും കമ്പനി സീനിയർ വൈസ് പ്രസിഡന്റ്(മാർക്കറ്റിങ് ആൻഡ് സെയിൽസ്) ജ്ഞാനേശ്വർ സെൻ അറിയിച്ചു.  കഴിഞ്ഞ ഏപ്രിൽ — ഒക്ടോബർ കാലത്ത് 1,05,503 യൂണിറ്റായിരുന്നു ഹോണ്ടയുടെ വിൽപ്പന; മുൻവർഷം ഇതേ കാലത്തെ അപേക്ഷിച്ച് 17% അധികമാണിത്. മാർച്ച് വരെയുള്ള കാലത്തും ഇതേ വളർച്ച നിലനിർത്താനാവുമെന്ന് സെൻ പ്രതീക്ഷ പ്രകടിപ്പിച്ചു. 2016 — 17ൽ 1.57 ലക്ഷത്തോളം കാറുകളായിരുന്നു ഹോണ്ട ഇന്ത്യയിൽ വിറ്റത്.

നിലവിലുള്ളവയുടെ പരിഷ്കരിച്ച പതിപ്പും പുത്തൻ അവതരണങ്ങളും അടക്കമാണ് ഹോണ്ട വരുന്ന മൂന്നു വർഷത്തിനിടെ ആറു പുതിയ വാഹനങ്ങൾ വിൽപ്പനയ്ക്കെത്തിക്കുക. ഇതോടൊപ്പം മാർച്ചിനുള്ളിൽ രാജ്യത്തെ ഡീലർഷിപ്പുകളുടെ എണ്ണം 360 ആക്കി ഉയർത്താനും ഹോണ്ടയ്ക്കു പദ്ധതിയുണ്ട്; നിലവിൽ 348 ഡീലർഷിപ്പുകളാണ് ഹോണ്ടയ്ക്കുള്ളത്.

ജപ്പാനും ചൈനയ്ക്കും പിന്നിലായി ഏഷ്യ ഓഷ്യാനിയ മേഖലയിൽ ഹോണ്ടയുടെ ഏറ്റവും വലിയ വിപണിയായും ഇന്ത്യ മാറിയിട്ടുണ്ടെന്നു സെൻ വെളിപ്പെടുത്തി. ഇതിനു പുറമെ 16 രാജ്യങ്ങളിലേക്കു ഹോണ്ട ഇന്ത്യയിൽ നിർമിച്ച എൻജിനുകളും യന്ത്രഘടകങ്ങളും കയറ്റുമതിയും ചെയ്യുന്നുണ്ട്. ക്രാങ്ക് ഷാഫ്റ്റ്, ഫോർജിങ്, മാനുവൽ ട്രാൻസ്മിഷൻ തുടങ്ങിയവയുടെ കയറ്റുമതി വഴി 2016 — 17ൽ 1,140 കോടി രൂപ വരുമാനമുണ്ടാക്കിയെന്നും സെൻ അറിയിച്ചു. രാജസ്ഥാനിലെ തപുകര ശാലയിൽ നിർമിച്ച 1.6 ലീറ്റർ ഡീസൽ എൻജിനുകൾ തായ്ലൻഡിലേക്കാണ് ഹോണ്ട കയറ്റുമതി ചെയ്യുന്നത്.

അതേസമയം ഇന്ത്യയിൽ നിന്നുള്ള കാർ കയറ്റുമതി തീരെ കുറവാണെന്നും സെൻ വ്യക്തമാക്കി; പ്രതിവർഷം 5,000 യൂണിറ്റോളം മാത്രമാണു കമ്പനിയുടെ കയറ്റുമതി. തപുകരയിലും ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയ്ഡയിലുമുള്ള ശാലകളിലായി പ്രതിവർഷം 2.40 ലക്ഷം യൂണിറ്റ് ഉൽപ്പാദനശേഷിയാണു ഹോണ്ടയ്ക്കുള്ളത്. നിലവിൽ സ്ഥാപിത ശേഷിയുടെ 77 ശതമാനത്തോളമാണു കമ്പനി വിനിയോഗിക്കുന്നത്.