Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘സ്വിഫ്റ്റ്’ നിർമാണം ഗുജറാത്തിനു മാറ്റാൻ മാരുതി

swift-deca-edition Swift Dacia Edition

മാതൃസ്ഥാപനമായ  സുസുക്കി മോട്ടോർ കോർപറേഷൻ(എസ് എം സി) ഗുജറാത്തിൽ സ്ഥാപിച്ച കാർ നിർമാണശാലയുടെ ശേഷിവിനിയോഗം വർധിപ്പിക്കാൻ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ഒരുങ്ങുന്നു. 2020 വരെ ആസൂത്രണം ചെയ്ത മോഡൽ അവതരണങ്ങൾക്കായി സുസുക്കി മോട്ടോർ ഗുജറാത്തി(എസ് എം ജി)ന്റെ നിർമാണശാല പ്രയോജനപ്പെടുത്താനാണു മാരുതി സുസുക്കിയുടെ നീക്കം.

മൂന്നു വർഷത്തിനകം ഇന്ത്യയിലെ വാർഷിക ഉൽപ്പാദനം 20 ലക്ഷം യൂണിറ്റിലെത്തിക്കാൻ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് നേരത്തെ ലക്ഷ്യമിട്ടിരുന്നതാണ്. അടുത്ത ഘട്ടത്തിൽ 2025 ആകുമ്പോഴേക്ക് വാർഷിക ഉൽപ്പാദനം 30 ലക്ഷത്തിലെത്തിക്കാനാണു മാരുതിയുടെ തയാറെടുപ്പ്. പ്രവർത്തനം തുടങ്ങി ഒന്നര പതിറ്റാണ്ട് പിന്നിടുമ്പോഴായിരുന്നു മാരുതി സുസുക്കിയുടെ വാർഷിക ഉൽപ്പാദനം 10 ലക്ഷം യൂണിറ്റായി ഉയർന്നത്. അതേസമയം പ്രതിവർഷം 30 ലക്ഷം യൂണിറ്റിലെത്തിക്കുന്നതു സംബന്ധിച്ച് അന്തിമ തീരുമാനമൊന്നുമായിട്ടില്ലെന്നാണ് കമ്പനി ചെയർമാൻ ആർ സി ഭാർഗവയുടെ നിലപാട്. 

അടുത്ത മാസത്തോടെ നിരത്തിലെത്തുന്ന പുതുതലമുറ ‘സ്വിഫ്റ്റ്’ ഹാച്ച്ബാക്കിന്റെ നിർമാണത്തിനും സുസുക്കിയുടെ ഗുജറാത്ത്ശാലയെ ആശ്രയിക്കാനാണു മാരുതി സുസുക്കിയുടെ തീരുമാനം. അടുത്ത വർഷം ഫെബ്രുവരിയോടെ പുത്തൻ ‘സ്വിഫ്റ്റി’ന്റെ ഉൽപ്പാദനം പൂർണതോതിലെത്തിക്കാനാവുമെന്നാണു കമ്പനിയുടെ പ്രതീക്ഷ. ഇതോടെ ഗുജറാത്ത് ശാലയുടെ പ്രതിദിന ഉൽപ്പാദനം 900 — 1,000 യൂണിറ്റായും ഉയരും. ഇപ്പോൾ ദിവസേന 500— 550 ‘ബലേനൊ’ പ്രീമിയം ഹാച്ച്ബാക്കാണ് ഗുജറാത്തിൽ ഉൽപ്പാദിപ്പിക്കുന്നത്. 

നിലവിലുള്ള ശാലകളിൽ നിന്നു മാരുതി സുസുക്കിക്ക് വർഷം തോറും രണ്ടര ലക്ഷത്തിലേറെ ‘സ്വിഫ്റ്റ്’ നിർമിക്കാനാവാത്ത സാഹചര്യമാണ്. ഈ സാഹചര്യത്തിലാണു ‘സ്വിഫ്റ്റ്’ ഉൽപ്പാദനം പൂർണമായി തന്നെ ഗുജറാത്തിലേക്കു മാറ്റാൻ മാരുതി സുസുക്കി ആലോചിക്കുന്നത്. നിലവിൽ ഹരിയാനയിലെ മനേസാറിലുള്ള ശാലയിൽ നിന്നാണു ‘സ്വിഫ്റ്റ്’ വിൽപ്പനയ്ക്കെത്തുന്നത്. 

‘സ്വിഫ്റ്റ’ ഗുജറാത്തിലേക്കു പോകുമ്പോഴുള്ള ഒഴിവ് നികത്താൻ ‘ബലേനൊ’യുടെ ഉൽപ്പാദനം മനേസാർ ശാലയെ ഏൽപ്പിക്കാനും മാരുതി സുസുക്കി ആലോചിക്കുന്നുണ്ട്. ഗുജറാത്തിൽ രണ്ടാം അസംബ്ലി ലൈൻ പ്രവർത്തനക്ഷമമാവും വരെ ഈ രീതി തുടരാനാണു പദ്ധതി. പുതിയ മോഡലെന്ന നിലയിൽ അടുത്ത വർഷത്തെ ഉൽപ്പാദന പദ്ധതിയിൽ പുതുതലമുറ ‘സ്വിഫ്റ്റി’നാവും പരിഗണന ലഭിക്കുക.