Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സീറ്റ്ബെൽറ്റ് ധരിക്കാതെ യാത്രചെയ്യുന്നതിൽ സ്ത്രീകൾ മുന്നിലെന്ന് പഠനം

seat-belt

ഇന്ത്യയിൽ വാഹനമോടിക്കുന്ന നാലിൽ ഒരാൾ മാത്രമേ സീറ്റ് ബെൽറ്റ് ധരിക്കുന്നുള്ളുവെന്നും ദക്ഷിണേന്ത്യയിൽ സീറ്റ്ബെൽറ്റ് ഉപയോഗിക്കുന്നവർ തീർത്തും കുറവാണെന്നും പഠനറിപ്പോർട്ട്. വാഹനമോടിക്കുന്ന പുരുഷൻമാരിൽ 68 ശതമാനം പേർ സീറ്റുബെൽറ്റ് ഉപേക്ഷിക്കുമ്പോൾ 81 ശതമാനം സ്ത്രീകളാണ് സീറ്റ്ബെൽറ്റ് ഉപയോഗിക്കാതെ വാഹനമോടിക്കുന്നത്. സീറ്റ്ബെൽറ്റ് നിർബന്ധിതമാക്കാൻ കർശന ശിക്ഷണനടപടികൾക്കു ശുപാർശ ചെയ്യുകയും ചെയ്യുന്നുണ്ട് റിപ്പോർട്ട്. സീറ്റുബെൽറ്റ് യൂസ് ഓഫ് ഇന്ത്യ എന്ന പേരിൽ മാരുതി സുസുക്കിയാണു സർവേ നടത്തിയത്. 17 നഗരങ്ങളിലെ 2500 ഡ്രൈവർമാരെയും വാഹന ഉപയോക്താക്കളെയും അടിസ്ഥാനമാക്കിയാണു സർവേ.

പൊലീസ് പിടിക്കുമെന്ന ഭയവും പിഴശിക്ഷയും ഭയന്നാണു 80 ശതമാനത്തിലധികം ഉപയോക്താക്കളും സീറ്റുബെൽറ്റു ധരിക്കുന്നതെന്നും സർവേ വെളിപ്പെടുത്തുന്നു. കർശന നടപടികൾക്കിടയിലും സീറ്റുബെൽറ്റ് ഉപയോഗിക്കുന്നതിൽ ഡൽഹി സമീപനഗരമായ മീററ്റിനു പിന്നിലായെന്നതു കൗതുകമായി.

കഴിഞ്ഞ വർഷം റോഡപകടത്തിൽ മരിച്ച 5638 പേരിൽ 15 പേർ മരിച്ചതു സീറ്റുബെൽറ്റ് ഉപയോഗിക്കാത്തതു മൂലമാണ്. സീറ്റുബെൽറ്റ് ഉപയോഗിക്കുന്നതിലൂടെ 45 ശതമാനം മരണനിരക്കും 50 ശതമാനം സാരമായ പരിക്കുകൾ കുറയ്ക്കാമെന്നും രാജ്യാന്തര പഠനങ്ങൾ വെളിപ്പെടുത്തുന്നു. സീറ്റുബെൽറ്റ് ഉപയോഗിക്കാത്തവർ വാഹനത്തിൽ നിന്നു പുറത്തേക്കു തെറിച്ചുപോകാനുള്ള സാധ്യത 30 മടങ്ങ് അധികമാണെന്നും പഠനം പറയുന്നു.

നാഗ്പൂരിലെ 90 ശതമാനം ഡ്രൈവർമാരും ജയ്പൂർ, ചണ്ഡിഗഡ് നഗരങ്ങളിലെ 80 ശതമാനം ഡ്രൈവർമാരും സീറ്റ്ബെൽറ്റ് ഉപയോഗിക്കുന്നു. കോയമ്പത്തൂരിൽ സീറ്റുബെൽറ്റ് ആരും ഉപയോഗിക്കുന്നില്ല. ഇന്‍ഡോർ, ബെംഗളൂരു നഗരങ്ങളും സീറ്റ്ബെൽറ്റ് ഉപയോഗിക്കുന്നതിൽ വളരെ പിന്നിലാണ്. മേഖലകളിൽ ദക്ഷിണമേഖലയാണ് പിന്നിൽ. 89 ശതമാനം ആളുകള്‍ സീറ്റ്ബെൽറ്റ് ഉപേക്ഷിക്കുമ്പോൾ പശ്ചിമമേഖലയിൽ ഇത് 79 ശതമാനമാണ്. പിൻനിരയാത്രികരിൽ നാലു ശതമാനം മാത്രമാണ് ഈ സുരക്ഷാസംവിധാനം ഉപയോഗിക്കുന്നത്. മുന്‍ കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ഡേയുടെ മരണത്തിനു കാരണമായതും സീറ്റ്ബെൽറ്റ് ധരിക്കാത്തതാണെന്നു കണ്ടെത്തിയിരുന്നു.

സീറ്റുബെൽറ്റ് ധരിക്കാത്തപക്ഷം കാറിനുള്ളിലെ എയർബാഗുകൾ നിഷ്ഫലമാണ്. മാത്രമല്ല ഇവ കൂടുതൽ പരിക്കുകൾക്കു കാരണവുമായേക്കാമെന്നു മാരുതി സുസുക്കിയുടെ റിസർച്ച് ആൻഡ് ഡിവലപ്മെന്റ് തലവൻ സി. വി. രാമൻ പറയുന്നു. ഒരു നല്ല ശതമാനം ആളുകളും സീറ്റുബെൽറ്റ് ഉപേക്ഷിക്കുന്നത് വസ്ത്രം മുഷിയുന്നത് ഒഴിവാക്കാനാണെന്നും സർവേ വെളിപ്പെടുത്തുന്നു.