Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീപ്പ് കോംപസ് തിരിച്ചുവിളിക്കുന്നു

Jeep Compass Jeep Compass

എയർ ബാഗിന്റെ നിർമാണപിഴവിന്റെ പേരിൽ ഫിയറ്റ് ക്രൈസ്ലർ ഓട്ടമൊബീൽസ് (എഫ് സി എ) ഇന്ത്യ പുത്തൻ മോഡലായ ‘ജീപ്പ് കോംപസ്’ തിരിച്ചുവിളിക്കുന്നു. കഴിഞ്ഞ സെപ്റ്റംബർ അഞ്ചിനും നവംബർ 19നുമിടയ്ക്കു നിർമിച്ച 1,200 ‘ജീപ്പ് കോംപസ്’ തിരിച്ചുവിളിച്ചു മുന്നിൽ യാത്രക്കാരുടെ ഭാഗത്തെ എയർബാഗ് മാറ്റി നൽകാനാണു കമ്പനിയുടെ തീരുമാനം. എയർബാഗ് മൊഡ്യൂൾ അസംബ്ലി പ്രക്രിയയ്ക്കിടെ അവിചാരിതമായി ഫാസ്റ്റ്നറുകൾ മൊഡ്യൂളിൽ കടന്നിരിക്കാൻ സാധ്യതയുണ്ടെന്നു സപ്ലയർ അറിയിച്ച സാഹചര്യത്തിലാണ് ഈ നടപടിയെന്നും എഫ് സി എ ഇന്ത്യ വിശദീകരിക്കുന്നു. എന്നാൽ ആരാണ് നിർമാണപിഴവുള്ള എയർബാഗ് വിതരണം ചെയ്തതെന്നു കമ്പനി വ്യക്തമാക്കിയിട്ടില്ല. 

നിലവിൽ ഉടമകൾക്കു കൈമാറിയ ‘ജീപ്പ് കോംപസു’കളിലാണ് പരിശോധന ആവശ്യമെന്നും കമ്പനി വെളിപ്പെടുത്തി. തിരിച്ചുവിളിക്കുന്ന വാഹനങ്ങളിൽ ഒരു ശതമാനത്തിൽ മാത്രമാണു നിർമാണ പിഴവുള്ള എയർബാഗിന്റെ സാന്നിധ്യം പ്രതീക്ഷിക്കുന്നതെന്നും കമ്പനി അവകാശപ്പെടുന്നു.അപകടവേളയിൽ എയർബാഗ് വിന്യസിക്കപ്പെടുമ്പോൾ ഫാസ്റ്റ്നറിന്റെ സാന്നിധ്യം ഭീഷണി സൃഷ്ടിക്കുമെന്നാണ് എഫ് സി എ ഇന്ത്യയുടെ വിലയിരുത്തൽ. ഈ ഭീഷണി ഒഴിവാക്കാനാണു ‘ജീപ്പ് കോംപസ്’ തിരിച്ചുവിളിച്ച് എയർബാഗ് മാറ്റി നൽകാനുള്ള തീരുമാനമെന്നും കമ്പനി വിശദീകരിച്ചു.

നിർമാണപിഴവുള്ള എയർബാഗുകളുടെ വിന്യാസം മൂലം ആർക്കെങ്കിലും പരുക്കേറ്റതായി റിപ്പോർട്ടില്ലെന്നും എഫ് സി എ ഇന്ത്യ വ്യക്തമാക്കി. എങ്കിലും മുൻകരുതലെന്ന നിലയിൽ കഴിഞ്ഞ സെപ്റ്റംബർ അഞ്ചിനും നവംബർ 19നുമിടയ്ക്കു നിർമിച്ച ‘കോംപസി’ൽ മുൻസീറ്റിലെ യാത്ര ഒഴിവാക്കുന്നതാണ് അഭികാമ്യമെന്നും കമ്പനി കരുതുന്നു.  പരിശോധന ആവശ്യമുള്ള വാഹന ഉടമകളെ കമ്പനി ഡീലർമാർ വരും ആഴ്ചകളിൽ നേരിട്ടു വിവരം അറിയിക്കും. നിർമാണപിഴവുള്ള എയർബാഗുകൾ സൗജന്യമായി മാറ്റി നൽകുമെന്നും എഫ് സി എ ഇന്ത്യ വാഗ്ദാനം ചെയ്യുന്നു.