Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൽ സി വി ലാഭത്തിലായെന്ന് അശോക് ലേയ്‌ലൻഡ്

ashok-leyland-dost

ലഘു വാണിജ്യ വാഹന(എൽ സി വി) വിഭാഗത്തിന്റെ പ്രവർത്തനം ലാഭത്തിലെത്തിച്ചെന്ന് അശോക് ലേയ്‌ലൻഡ്. നിസ്സാന്റെ പിൻമാറ്റത്തെതുടർന്നു വിഭാഗത്തിന്റെ പൂർണ നിയന്ത്രണം ഏറ്റെടുത്ത്് ഒറ്റ വർഷത്തിനുള്ളിലാണ് ഈ നേട്ടമെന്നും ഹിന്ദൂജ ഗ്രൂപ്പിൽപെട്ട അശോയക് ലേയ്‌ലൻഡ് അവകാശപ്പെട്ടു.

കഴിഞ്ഞ ജൂലൈ — സെപ്റ്റംബർ ത്രൈമാസത്തിലാണ് അശോക് ലേയ്‌ലൻഡിന്റെ പ്രവർത്തനം ഇതാദ്യമായി ലാഭത്തിൽ കലാശിച്ചത്. പൂർണതോതിലുള്ള കണക്കെടുക്കുമ്പോൾ എൽ സി വി വിഭാഗം ലാഭത്തിലെത്തിയെന്ന് അശോക് ലേയ്‌ലൻഡ് ചീഫ് ഫിനാൻഷ്യൽ ഓഫിസറായ ഗോപാൽ മഹാദേവനും സ്ഥിരീകരിക്കുന്നു. 

ജാപ്പനീസ് വാഹന നിർമാതാക്കളായ നിസ്സാനുമായി ചേർന്നു രൂപീകരിച്ച മൂന്നു സംയുക്ത സംരംഭങ്ങളിലെയും ഓഹരികൾ ഒരു വർഷം മുമ്പാണ് അശോക് ലേയ്ലൻഡ് ഏറ്റെടുത്തത്. ഇതോടെ സംയുക്ത സംരംഭമായി തുടങ്ങിയ സ്ഥാപനങ്ങളുടെ പൂർണ നിയന്ത്രണം അഞ്ചാം വർഷത്തോടെ അശോക് ലേയ്‌ലൻഡിനു സ്വന്തമായി. 

എൽ സി വി വിഭാഗത്തിന്റെ പുനഃസംഘടനയും തീരുമാനങ്ങൾ എടുക്കുന്നതിലെ തടസ്സങ്ങൾ നീക്കിയതുമൊക്കെയാണ് പ്രവർത്തനം ലാഭത്തിലെത്താൻ കാരണമെന്നു മഹാദേവൻ വിശദീകരിക്കുന്നു. ഒറ്റ സംരംഭമായി ഈ വിഭാഗം നടത്തിക്കൊണ്ടുപോകാനാണു കമ്പനി ശ്രമിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

പ്രവർത്തനം സംബന്ധിച്ച അനിശ്ചിതത്വം നീങ്ങിയത് എൽ സി വി ഡീലർമാരെയും സന്തുഷ്ടരാക്കിയിട്ടുണ്ട്. എൽ സി വി വിഭാഗത്തിൽ അശോക് ലേയ്‌ലൻഡ് കൂടുതൽ മോഡലുകൾ പുറത്തിറക്കുമെന്ന പ്രതീക്ഷയും സജീവമാണ്.

രാജ്യാന്തര, ആഭ്യന്തര വിപണികൾ ലക്ഷ്യമിട്ട് അടുത്ത 12 മാസത്തിനകം അഞ്ചോ ആറോ പുതിയ എൽ സി വി മോഡലുകൾ അശോക് ലേയ്‌ലൻഡ് പുറത്തിറക്കുമെന്നാണു സൂചന. കൂടുതൽ ഭാരം വഹിക്കാൻ ശേഷിയുള്ള മോഡലുകൾക്കൊപ്പം ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് ലേ ഔട്ടുള്ള വകഭേദങ്ങളും പരിഗണനയിലുണ്ടെന്ന് മഹാദേവൻ വെളിപ്പെടുത്തി. 

എൽ സി വി വിഭാഗത്തിൽ ‘ദോസ്തി’നും ‘പാർട്ണറി’നുമിടയ്ക്കു പുത്തൻ മോഡലുകൾക്കു സാധ്യതയുണ്ടെന്നാണ് അശോക് ലേയ്‌ലൻഡിന്റെ വിലയിരുത്തൽ. ഉയർന്ന ഭാരവാഹക ശേഷിയുള്ള വിഭാഗങ്ങളിലും പുതിയ മോഡലുകൾക്ക് ഇടമുണ്ടെന്ന് കമ്പനി കരുതുന്നു.