Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സേബറിനൊപ്പം ആൽഫ റോമിയൊ എഫ് വണ്ണിലേക്ക്

Sauber F1 Team Sauber F1 Team

സേബറിനൊപ്പം എഫ് വണ്ണിലേക്കു മടങ്ങാൻ ആൽഫ റോമിയൊ എഫ് വൺ. ഫോർമുല വൺ ലോക ചാപ്യൻഷിപ്പിന്റെ പുതിയ സീസണിൽ മത്സരരംഗത്തു തിരിച്ചെത്താൻ ആൽഫ റോമിയോ ഒരുങ്ങുന്നു. സേബർ എഫ് വണ്ണുമായി സഹകരിച്ചാവും ഇറ്റാലിയൻ നിർമാതാക്കളായ ആൽഫ റോമിയോയുടെ മടങ്ങിവരവ്. 

വിപുലമായ സാങ്കേതിക സഹകരണത്തിനാണ് ആൽഫ റോമിയോയും സേബറുമായി ധാരണയായിരിക്കുന്നത്. ടൈറ്റിൽ സ്പോൺസറായി ആൽഫ റോമിയോ എത്തുന്നതോടെ ടീമിന്റെ പേരു തന്നെ ‘ആൽഫ റോമിയോ സേബർ എഫ് വൺ ടീം’ എന്നു മാറുന്നുണ്ട്.

മൂന്നു പതിറ്റാണ്ടു നീണ്ട ഇടവേളയ്ക്കൊടുവിലാണ് ‘ആൽഫ റോമിയോ ഫോർമുല വണ്ണിൽ തിരിച്ചെത്തുന്നത്. ആൽഫ റോമിയോ ഫോർമുല വണ്ണിൽ മടങ്ങിയെത്തണമെന്ന കാര്യത്തിൽ ഫിയറ്റ് ക്രൈസ്ലർ ഓട്ടമൊബീൽ(എഫ് സി എ) മേധാവി സെർജിയൊ മാർക്കിയോണിക്കു പ്രത്യേക നിർബന്ധമുണ്ടായിരുന്നു. സേബറിന്റെ ഫോർമുല വൺ കാറുകൾക്ക് എൻജിൻ നൽകുന്നത് ഫെറാരിയാണെന്നതും സേബർ — ആൽഫ റോമിയോ സഖ്യതീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്. 

ആൽഫ റോമിയോ എന്ന ബ്രാൻഡിനെ പരിഷ്കരിക്കുന്നതിൽ സേബർ എഫ് വൺ ടീമുമായുള്ള സഖ്യം നിർണായകമാവുമെന്നു സെർജിയൊ മാർക്കിയോണി അഭിപ്രായപ്പെട്ടു. എഫ് വണ്ണിലെ ഉജ്വല പാരമ്പര്യം ആവർത്തിക്കാനാണു മൂന്നു പതിറ്റാണ്ടു നീണ്ട ഇടവേളയ്ക്കൊടുവിൽ ആൽഫ റോമിയൊ എഫ് വണ്ണിൽ തിരിച്ചെത്തുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. സേബർ ഫോർമുല വണ്ണുമായി സാങ്കേതികവിദ്യ പങ്കുവയ്ക്കുന്നത് ആൽഫ റോമിയൊയ്ക്ക് നേട്ടമാവുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

ഗ്രാൻപ്രി റേസിങ്ങിൽ മികച്ച വിജയങ്ങൾ കൊയ്ത ചരിത്രമുള്ള ആൽഫ റോമിയൊയുമായി സഹകരിക്കുന്നതിൽ അഭിമാനമുണ്ടെന്നായിരുന്നു സേബർ ചെയർമാൻ പാസ്കൽ പിക്കിയുടെ പ്രതികരണം. സാങ്കേതിക, എൻജിനീറിങ് വിഭാഗങ്ങളിൽ മികച്ച വികസനം സ്വായത്തമാക്കാൻ ഈ സഖ്യം സേബറിനെ സഹായിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. 

ഫോർമുല വണ്ണിൽ 1979 മുതൽ 1985 വരെ സജീവസാന്നിധ്യമായിരുന്നു ആൽഫ റോമിയോ. രണ്ടായിരം കാലഘട്ടത്തിൽ ടൂറിങ് കാർ ചാംപ്യൻഷിപ്പിലും കമ്പനി സജീവ സാന്നിധ്യമായിരുന്നു.