Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയിൽ 60,799 പെട്രോൾ പമ്പുകൾ

Fuel Price Representative Image

രാജ്യത്തെ പെട്രോൾ പമ്പുകളുടെ എണ്ണം ഒക്ടോബർ അവസാനത്തോടെ 60,799 ആയി ഉയർന്നു. ഇതോടെ പെട്രോൾ പമ്പുകളുടെ എണ്ണത്തിൽ യു എസിനും ചൈനയ്ക്കും പിന്നിൽ മൂന്നാം സ്ഥാനത്തായി ഇന്ത്യയെന്നും പെട്രോളിയം മന്ത്രാലയത്തിനു കീഴിലെ പെട്രോളിയം പ്ലാനിങ് ആൻഡ് അനാലിസിസ് സെല്ലിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. യു എസിലും ചൈനയിലും ഒരു ലക്ഷത്തോളം പെട്രോൾ പമ്പുകളാണു നിലവിലുള്ളത്. കഴിഞ്ഞ ആറു വർഷത്തിനിടെ പെട്രോൾ പമ്പുകളുടെ എണ്ണത്തിൽ 45% വളർച്ചയാണ് ഇന്ത്യ കൈവരിച്ചത്.

ഇന്ത്യയിൽ 2011ൽ 41,947 പെട്രോൾ പമ്പുകളാണ് ഉണ്ടായിരുന്നത്; ഇതിൽ 2,983 എണ്ണം(അഥവാ 7.1%) ആയിരുന്നു സ്വകാര്യ കമ്പനികളായ റിലയൻസ് ഇൻഡസ്ട്രീസിന്റെയും എസ്സാർ ഓയിലിന്റെയും വിഹിതം. ഇപ്പോഴാവട്ടെ 5,474 പമ്പുകളാണു സ്വകാര്യ മേഖലയ്ക്കുള്ളത്; മൊത്തം പമ്പുകളുടെ ഒൻപതു ശതമാനത്തോളം വരുമിത്. 3,980 പമ്പുകളുമായി എസ്സാർ ഓയിലാണ് സ്വകാര്യ മേഖലയിൽ ഒന്നാം സ്ഥാനത്ത്. 

വൈദ്യുത വാഹനങ്ങളുടെയും ബദൽ ഇന്ധനങ്ങളുടെയും പ്രചാരമേറിയതോടെ വിവിധ ലോകരാജ്യങ്ങളിൽ പെട്രോൾ പമ്പുകളുടെ എണ്ണത്തിൽ ഇടിവു രേഖപ്പെടുത്തുന്നുണ്ട്. എന്നാൽ ആഗോളതലത്തിൽ തന്നെ പെട്രോളിയം ഉൽപന്ന  ഉപയോഗത്തിൽ മുൻനിരയിലുള്ള ഇന്ത്യയിൽ പെട്രോൾ പമ്പുകളുടെ എണ്ണം ക്രമമായി ഉയരുകയാണ്. 

ജപ്പാനെ പിന്തള്ളി പെട്രോളിയം ഉൽപന്ന ഉപയോഗത്തിൽ ഇന്ത്യ മൂന്നാം സ്ഥാനം നേടിയത് 2015ലായിരുന്നു. നിലവിൽ യു എസും ചൈനയും മാത്രമാണ് പെട്രോളിയം ഉപയോഗത്തിൽ ഇന്ത്യയ്ക്കു മുന്നിലുള്ളത്. നടപ്പു സാമ്പത്തിക വർഷം ഏപ്രിൽ — ഒക്ടോബർ കാലത്തിനിടെ ഇന്ത്യയിലെ ഇന്ധന ഉപയോഗത്തിൽ 9.5% വളർച്ചയാണു രേഖപ്പെടുത്തിയത്.

രാജ്യത്ത് 2011 — 2017 കാലത്ത് 18,852 പുതിയ പെട്രോൾ പമ്പുകൾ പ്രവർത്തനം തുടങ്ങിയെന്നു കണക്കുകൾ വ്യക്മതാക്കുന്നു. ആകെയുള്ള 60,799 പമ്പുകളിൽ 55,325 എണ്ണവും പൊതുമേഖല എണ്ണ കമ്പനികളുടെ നിയന്ത്രണത്തിലാണ്. 

ഇന്ത്യൻ ഓയിൽ കോർപറേഷന് 26,489 പെട്രോൾ പമ്പുകളാണുള്ളത്; ഇതിൽ 7,232 എണ്ണം ഗ്രാമീണ മേഖലയിലാണ്. 14,675 പമ്പുകളോടെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷനാണു രണ്ടാം സ്ഥാനത്ത്; കമ്പനിക്ക് ഗ്രാമീണ മേഖലയിൽ 3,159 പമ്പുകളാണുള്ളത്. ഭാരത് പെട്രോളിയം കോർപറേഷന്റെ 14,161 ഔട്ട്ലെറ്റിൽ 2,548 പമ്പുകളാണു ഗ്രാമീണ മേഖലയിൽ സ്ഥിതി ചെയ്യുന്നത്.

സ്വകാര്യ മേഖലയിലെ റിലയൻസ് ഇൻഡസ്ട്രീസിന് 1,400 പമ്പുകളുള്ളപ്പോൾ റോയൽ ഡച് ഷെല്ലിന് 90 സ്റ്റേഷനുകളാണുള്ളത്. അതേസമയം റഷ്യയിലെ റോസ്നെഫ്റ്റിനെ ഏറ്റെടുത്തു കരുത്തു കാട്ടിയ എസ്സാർ ഓയിലിന് 3,980 ഔട്ട്ലെറ്റുണ്ട്. 2011ൽ 1,382 പമ്പുകളാണു കമ്പനിക്കുണ്ടായിരുന്നത്. പോരെങ്കിൽ 2019 മാർച്ചോടെ പമ്പുകളുടെ എണ്ണം 5,600 ആക്കാനും കമ്പനി ലക്ഷ്യമിടുന്നു. അതേസമയം വരുംവർഷങ്ങളിൽ 2,000 വീതം പുതിയ പമ്പുകൾ തുറക്കാനാണു പൊതുമേഖല എണ്ണ കമ്പനികളുടെ പദ്ധതി.

ഇതിനു പുറമെ രാജ്യത്ത് 1,273 സമ്മർദിത പ്രകൃതി വാതക(സി എൻ ജി) ഔട്ട്ലെറ്റുകളുമുണ്ട്; ഇതിൽ 423 എണ്ണവും ഡൽഹിയിലാണ്.