Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹ്യുണ്ടേയിയോടു സഹകരിക്കാൻ എഫ് സി എ

FCA & Hyundai FCA & Hyundai

ദക്ഷിണ കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയിയുമായി സാങ്കേതികതലത്തിൽ സഹകരിക്കാനുള്ള സാധ്യത തേടി ഫിയറ്റ് ക്രൈസ്ലർ ഓട്ടമൊബീൽസ്(എഫ് സി എ). സാങ്കേതിക സഹകരണത്തിനപ്പുറം കമ്പനികളുടെ ലയനത്തെക്കുറിച്ചു ചർച്ച ചെയ്യുന്നില്ലെന്നും എഫ് സി എ ചീഫ് എക്സിക്യൂട്ടീവ് സെർജിയൊ മാർക്കിയോണി വ്യക്തമാക്കി. യു എസ് എതിരാളികളായ ജനറൽ മോട്ടോഴ്സുമായി കൂട്ടുകൂടാൻ 2015 നടത്തിയ പാഴ്ശ്രമത്തെ തുടർന്ന് ലയന സാധ്യതയും എഫ് സി എയുമായി അഭേദ്യമായ ബന്ധമുണ്ട്. ചൈനീസ് നിർമാതാക്കൾക്കും ഹ്യുണ്ടേയിക്കും എഫ് സി എയിൽ താൽപര്യമുണ്ടെന്നു വാർത്ത പ്രചരിച്ചതു കഴിഞ്ഞ ഓഗസ്റ്റിൽ കമ്പനിയുടെ ഓഹരി വില കുത്തനെ ഉയർത്തിയിരുന്നു.

എന്നാൽ ഹ്യുണ്ടേയിൽ നിന്ന് ഇപ്പോൾ തന്നെ എഫ് സി എ വാഹനഘടകങ്ങൾ വാങ്ങുന്നുണ്ടെന്നും ഈ ബന്ധം കൂടുതൽ വിപുലീകരിക്കാൻ മാത്രമാണ് ആലോചനയെന്നുമാണ് മാർക്കിയോണിയുടെ നിലപാട്. ട്രാൻസ്മിഷൻ വികസനത്തിനും ഹൈഡ്രജൻ ഇന്ധനമാക്കുന്ന ഇന്ധന സെൽ വാഹനങ്ങൾ നിരത്തിലിറക്കാനുമൊക്കെ ഹ്യുണ്ടേയിയുടെ സഹകരണം തേടാനാണ് എഫ് സി എ ആലോചിക്കുന്നത്. അതുകൊണ്ടുതന്നെ ഈ ഘട്ടത്തിൽ ഹ്യുണ്ടേയ് ബന്ധത്തെപ്പറ്റി പ്രഖ്യാപനമൊന്നും നടത്താനില്ലെന്നും മാർക്കിയോണി വ്യക്തമാക്കുന്നു. പോരെങ്കിൽ സാങ്കേതികതലത്തിലെ സഹകരണം ലയനത്തിൽ കലാശിക്കില്ലെന്നും അദ്ദേഹത്തിന് ബോധ്യമുണ്ട്.ഇറ്റാലിയൻ — യു എസ് വാഹന നിർമാതാക്കളായ എഫ് സി എയെ നയിക്കുന്ന മാർക്കിയോണി(65)യുടെ കാലാവധി 2019 ഏപ്രിലിൽ അവസാനിക്കുകയാണ്. അതിനു മുമ്പ് 2018 മധ്യത്തിൽ അവതരിപ്പിക്കേണ്ടതും 2022 വരെയുള്ള പ്രവർത്തനത്തിനു ദിശാബോധം നൽകുന്നതുമായ ബിസിനസ് പ്ലാനിന്റെ പണിപ്പുരയിലാണ് അദ്ദേഹം. പ്രവർത്തനം ലഘൂകരിക്കുകയെന്ന ലക്ഷ്യത്തോടെ കമ്പനിയുടെ കംപോണന്റ് വിഭാഗങ്ങളിൽ രണ്ടെണ്ണം വേർപെടുത്താൻ എഫ് സി എ ആലോചിക്കുന്നുണ്ട്.

ലൈറ്റിങ്, എൻജിൻ, ഇലക്ട്രോണിക്സ്, സസ്പെൻഷൻ, എക്സോസ്റ്റ് നിർമാണ രംഗത്തുള്ള മാഗ്നെറ്റി മാരെല്ലിയെയും റോബോട്ടിക്സ് നിർമാതാക്കളായ കൊമാവുവിനെയും പ്രത്യേക വിഭാഗങ്ങളാക്കാനുള്ള ആലോചനയാണു സജീവം. റോബോട്ടിക്സിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലുള്ള സാധ്യതയാണു കൊമാവുവിനെ സ്വതന്ത്രമാക്കാനുള്ള നീക്കത്തിനു പിൻബലമേകുന്നത്. 

അതേസമയം എഫ് സി എയുടെ ഘടകനിർമാണ വിഭാഗങ്ങളിൽ ഏറ്റവും ചെറുതായ ടെക്സിഡിനെ വേർപെടുത്താൻ തൽക്കാലം പദ്ധതിയില്ല; കാസ്റ്റിങ് മേഖലയിലാണ് ഈ കമ്പനിയുടെ പ്രവർത്തനം. കംപോണന്റ് വിഭാഗങ്ങളെ അടുത്ത വർഷം അവസാനിക്കുംമുമ്പ് സ്വതന്ത്രമാക്കാനാണു മാർക്കിയോണിയുടെ പദ്ധതി. അതേസമയം എഫ് സി എയുടെ സ്പോർട്സ് കാർ ബ്രാൻഡുകളായ ആൽഫ റോമിയൊയെയും മസെരാട്ടിയെയും അടുത്ത കാലത്തൊന്നും വേർപെടുത്തില്ലെന്നും മാർക്കിയോണി വ്യക്തമാക്കുന്നുണ്ട്.