Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹോണ്ട ഇരുചക്രവാഹന വിൽപ്പന: മൂന്നിലൊന്നും ഇന്ത്യയിൽ

honda-logo

ആഭ്യന്തര വിപണിയിലെ മിന്നുന്ന പ്രകടനത്തിനൊപ്പം മാതൃസ്ഥാപനമായ ഹോണ്ടയുടെ വിൽപ്പന കണക്കെടുപ്പിലും ഇന്ത്യൻ ഉപസ്ഥാപനമായ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ) തിളങ്ങുന്നു. കഴിഞ്ഞ സെപ്റ്റംബറിലെ കണക്കനുസരിച്ച് ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ ഹോണ്ട മോട്ടോർ കോർപറേഷന്റെ മൊത്തം വിൽപ്പനയിൽ 32% വിഹിതത്തോടെ എച്ച് എം എസ് ഐ ഒന്നാം സ്ഥാനത്താണ്. 2016 ജൂണിലാണു ഹോണ്ടയുടെ ആഗോള വിൽപ്പനയിൽ ഹോണ്ട ഇന്തൊനീഷയെ പിന്തള്ളി എച്ച് എം എസ് ഐ ഒന്നാമതെത്തുന്നത്. തുടർന്നുള്ള മാസങ്ങളിൽ ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്കുള്ള കുതിപ്പാണ് ഇന്ത്യയിലെ ഹോണ്ട കാഴ്ചവച്ചത്.

അതിനുമുമ്പ് 2015 മേയിൽ ഇന്ത്യയിൽ ഏറ്റവുമധികം വിൽക്കപ്പെടുന്ന ഇരുചക്രവാഹനമായി ഹോണ്ടയുടെ ‘ആക്ടീവ’ മാറിയിരുന്നു. പഴയ പങ്കാളിയായ ഹീറോ മോട്ടോ കോർപിന്റെ എൻട്രി ലവൽ ബൈക്കായ ‘സ്പ്ലെൻഡർ’ രണ്ടു പതിറ്റാണ്ടിലേറെ കാലം നിലനിർത്തിയ കിരീടമാണു ഹോണ്ടയ്ക്കായി ‘ആക്ടീവ’ നേടിയെടുത്തത്. 

കഴിഞ്ഞ മൂന്നര വർഷത്തിനിടെ ഹോണ്ടയുടെ മൊത്തം വിൽപ്പനയിൽ എച്ച് എം എസ് ഐയുടെ വിഹിതം 21 ശതമാനത്തിൽ നിന്നാണ് 32 ശതമാനത്തിലെത്തിയത്. 2014 — 15 മുതൽ നടപ്പു സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതി വരെയുള്ള കാലത്തിനിടെയാണ് എച്ച് എം എസ് ഈ 11% വളർച്ച കൈവരിച്ചതെന്നും കമ്പനി സീനിയർ വൈസ് പ്രസിഡന്റ്(സെയിൽസ് ആൻഡ് മാർക്കറ്റിങ്) വൈ എസ് ഗുലേറിയ വിശദീകരിക്കുന്നു. 2014 — 15ൽ ഹോണ്ടയുടെ മൊത്തം വിൽപ്പനയിൽ 24% ആയിരുന്നു എച്ച് എം എസ് ഐയുടെ വിഹിതം; 2015 — 16ലിത് 25% ആയി. കഴിഞ്ഞ സാമ്പത്തിക വർഷത്തോടെ വിഹിതം 27ലുമെത്തി. എന്നാൽ ഈ വർഷം ആദ്യ ആറു മാസത്തിനിടെ അഞ്ചു ശതമാനം വളർച്ചയാണു ഹോണ്ട ഇന്ത്യ രേഖപ്പെടുത്തിയതെന്ന് ഗുലേറിയ അവകാശപ്പെടുന്നു.

ഹോണ്ട കോർപറേഷനെ സംബന്ധിച്ചിടത്തോളവും സുപ്രധാന വിപണിയാണ് ഇന്ത്യ. ഇന്ത്യയിലെ ഇരുചക്രവാഹന വിപണിയെ മൊത്തത്തിൽ തന്നെ മുന്നോട്ടു നയിക്കുന്ന എച്ച് എം എസ് ഐ 120 രാജ്യങ്ങളെ പിന്തള്ളിയാണു ഹോണ്ടയുടെ വിൽപ്പന കണക്കെടുപ്പിൽ ആദ്യ സ്ഥാനത്തെത്തുന്നതെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു. സെപ്റ്റംബറിൽ അവസാനിച്ച അർധ വർഷത്തിലെ വിൽപ്പനയിൽ മുൻവർഷം ഇതേകാലത്തെ അപേക്ഷിച്ച് 47% വളർച്ചയാണ് എച്ച് എം എസ് ഐ നേടിയത്. ഇതോടെ ഇന്ത്യൻ ഇരുചക്രവാഹന വിപണിയിലെ വിഹിതം രണ്ടു ശതമാനം വർധിപ്പിച്ച് 28% ആക്കാനും ഹോണ്ടയ്ക്കായെന്നു ഗുലേറിയ അവകാശപ്പെടുന്നു.