Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാഹന ഷോറൂമിൽ ഉപഭോക്താവിനു മർദനം: വിശദീകരണവുമായി ഡീലർ

jeep-customer Image Captured From Youtube Video

വാഹന ഷോറൂമിൽവെച്ച് ജീവനക്കാർ ഉപഭോക്താവിനെ മർദിക്കുന്നതിന്റെ വിഡിയോ പുറത്തുവന്നതു കഴിഞ്ഞ ദിവസമാണ്. സമൂഹമാധ്യമങ്ങളിൽ വിഡിയോ വൈറലായതിനെ തുടർന്ന് സംഭവത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ഡീലർ. ന്യൂ‍ഡൽഹിയിലെ മോത്തി നഗറിലുള്ള ലാൻഡ്മാർക്ക് ജീപ്പിൽ നടന്ന സംഭവമാണിത്. എന്നാൽ രണ്ടു മാസം മുമ്പ് സെപ്റ്റംബർ 29 നാണ് ഈ സംഭവം അരങ്ങേറിയത് എന്നാണ് ലാൻഡ്മാർക്ക് ജീപ്പ് പറയുന്നത്.

വാഹനത്തിന്റെ പ്രശ്നം പരിഹരിച്ചില്ല എന്നാരോപിച്ചെത്തിയ ഉപഭോക്താവ് ഷോറൂമിലെ സ്ത്രീ ജീവനക്കാരോട് അടക്കം അപമര്യാദയോടെ പെരുമാറുകയും അസഭ്യം പറയുകയും ചെയ്തു. ഉപഭോക്താവിനോട് മാന്യമായി പെരുമാറണം എന്ന് ആവർത്തിച്ച് അഭ്യർഥിച്ചെന്നും ഡീലർ പുറത്തിറക്കിയ വിശദീകരണ കുറിപ്പിൽ പറയുന്നു. തുടർന്ന് പൊലീസിനോടു പരാതിപ്പെട്ടെന്നും പൊലീസെത്തി സ്ഥിതിഗതികൾ ശാന്തമാക്കിയതിനു ശേഷം കേസ് ഒത്തുതീർപ്പിലെത്തിയെന്നും വിശദീകരണത്തിൽ പറയുന്നു. കൂടാതെ അപമര്യാദയോടെയുള്ള പെരുമാറ്റത്തിന് ഉപഭോക്താവ് മാപ്പ് ചോദിച്ചുവെന്നും ഉപഭോക്താവിനെ മർദിച്ച ജീവനക്കാർക്കെതിരെ തക്കനടപടി സ്വീകരിച്ചെന്നും ലാൻഡ്മാർക്ക് ജീപ്പ് വെളിപ്പെടുത്തി. 

Landmark, staff vs customer

വാഹനത്തിന്റെ തകരാർ പരിഹരിക്കുന്നതിനായി 15 ദിവസത്തെ സമയം ആവശ്യപ്പെടുകയും വാഹനം ഗുരുഗ്രാം ഹെഡ് ഓഫീസിലേക്ക് അയയ്ക്കുകയും ചെയ്തു. എന്നാൽ തകരാർ കണ്ടെത്താൻ സാധിക്കാത്തതിനാലാണ് ഉപഭോക്താവ് കയർത്ത് സംസാരിച്ചത്. തുടർന്ന് ഷോറൂം ജീവനക്കാരും ഉപഭോക്താവും തമ്മിലുണ്ടായ വാക്കുതർക്കമാണ് കൈയാങ്കളിയിൽ എത്തിയത്.

ഉപഭോക്താവിന്റെ സുഹൃത്തുക്കളിൽ ഒരാളാണ് വിഡിയോ പകർത്തിയത്. ഉപഭോക്താവിനെ ഷോറൂം ജീവനക്കാരൻ മർദിക്കുന്നതു വിഡിയോയിൽ വ്യക്തമാണ്. വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതിനെ തുടർന്നു വിശദീകരണവുമായി ജീപ്പ് ഇന്ത്യയും രംഗത്തെത്തിയിട്ടുണ്ട്. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത സംഭവമാണ് നടന്നിരിക്കുന്നതെന്നും ഈ സംഭവത്തെ വളരെ ഗൗരവമായിട്ടാണു കാണുന്നതെന്നും കുറ്റക്കാർക്കെതിരെ തക്കനടപടി സ്വീകരിക്കുമെന്നും ജീപ്പ് ഇന്ത്യ അറിയിച്ചിരുന്നു.