Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബി എസ് ആറ് കാറുകൾ തയാറെന്നു വോൾവോ

Volvo Polstar Volvo Polstar

മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ് (ബി എസ് ആറ്) നിലവാരമുള്ള മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിക്കാൻ 2020 ഏപ്രിൽ വരെ കാത്തിരിക്കില്ലെന്നു സൂചിപ്പിച്ചു സ്വീഡിഷ് ആഡംബര കാർ നിർമാതാക്കളായ വോൾവോ. ബി എസ് ആറ് നിലവാരമുള്ള ഇന്ധനം മുമ്പു നിശ്ചയിച്ചതിലും നേരത്തെ വിൽപ്പനയ്ക്കെത്തിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ച സാഹചര്യത്തിലാണ് മലിനീകരണ നിയന്ത്രണത്തിൽ ഉന്നത നിലവാരം പുലർത്തുന്ന വാഹനങ്ങളും ഇതോടൊപ്പം ലഭ്യമാക്കാനുള്ള വോൾവോയുടെ നീക്കം. ഡൽഹിയിലും രാജ്യതലസ്ഥാന മേഖല(എൻ സി ആർ)യിലും ബി എസ് ആറ് ഇന്ധനം എത്തുന്ന മുറയ്ക്ക് ഇതേ നിലവാരമുള്ള എൻജിൻ ഘടിപ്പിച്ച മോഡലുകൾ അവതരിപ്പിക്കാനാണു ചൈനീസ് നിർമാതാക്കളായ ഗീലിയുടെ ഉടമസ്ഥതയിലുള്ള വോൾവോ ഓട്ടോ ഇന്ത്യയുടെ ആലോചന. 

ഭാവിയിലെ വെല്ലുവിളി നേരിടാൻ കമ്പനി സുസജ്ജമാണെന്ന് വോൾവോ ഓട്ടോ ഇന്ത്യ മാനേജിങ് ഡയറക്ടർ ചാൾസ് ഫ്രംപ് വ്യക്തമാക്കി. അതുകൊണ്ടുതന്നെ സർക്കാർ നിശ്ചയിച്ച സമയപരിധി വരെ കാത്തിരിക്കാതെ ബി എസ് ആറ് ഇന്ധനം വിൽപ്പനയ്ക്കെത്തുന്ന മുറയ്ക്ക് ഇതേ നിലവാരമുള്ള എൻജിൻ ഘടിപ്പിച്ച മോഡലുകളും അവതരിപ്പിക്കാനാണു കമ്പനി ഒരുങ്ങുന്നത്. ലോക വിപണികളിൽ വോൾവോ ഇപ്പോൾ തന്നെ യൂറോ ആറ് നിലവാരമുള്ള വാഹനങ്ങൾ വിൽക്കുന്നുണ്ട്. ഇന്ത്യയിൽ ഈ നിലവാരമുള്ള ഇന്ധനം വിൽപ്പനയ്ക്കില്ലാത്തതിനാലാണ് ഇവയുടെ അവതരണം വൈകിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. 

പോരെങ്കിൽ 2019 മുതൽ വൈദ്യുത മോഡലുകൾ മാത്രമാവും പുതുതായി നിരത്തിലിറക്കുകയെന്നും വോൾവോ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇത്തരത്തിൽ പെട്രോളും ഡീസലുമൊക്കെ ഇന്ധനമാക്കുന്ന, പരമ്പരാഗത ശൈലിയിലുള്ള ആന്തരിക ജ്വലന എൻജിനുകളുള്ള മോഡലുകളോടു പൂർണമായും വിട പറയുകയാണെന്ന നിലപാട് സ്വീകരിച്ചിട്ടുള്ളതും വോൾവോ മാത്രമാണ്.

പരിസ്ഥിതിയുടെ സുസ്ഥിരത ലക്ഷ്യമിട്ടു ഭാവിയിൽ വൈദ്യുത മോഡലുകളിൽ അധിഷ്ഠിതമാവും വോൾവോയുടെ കാർ വിൽപ്പനയെന്നു ഫ്രംപ് വിശദീകരിച്ചു. ഇതിനായി സങ്കര ഇന്ധന, വൈദ്യുത മോഡലുകളുടെ സമ്പൂർണ ശ്രേണിയാവും കമ്പനി 2019 മുതൽ ലോക വിപണികളിൽ അവതരിപ്പിക്കുക. ഈ ചുവടുമാറ്റത്തിന്റെ പ്രതിഫലനം ഇന്ത്യയിലും പ്രതീക്ഷിക്കാം. 2025 ആകുമ്പോഴേക്ക് 10 ലക്ഷം വൈദ്യുത കാറുകൾ നിരത്തിലിറക്കുകയാണു വോൾവോയുടെ ലക്ഷ്യം; ഇതു കൈവരിക്കുന്നതിൽ ഇന്ത്യയ്ക്കു നിർണായക പങ്കുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.