Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാവിയെക്കുറിച്ച് അനിശ്ചിതത്വമെന്ന് ടൊയോട്ട മേധാവി

toyota-logo

ആധുനിക സാങ്കേതിക വിദ്യകളുടെ കുത്തൊഴുക്കിൽ കാർ കമ്പനികളുടെ ഭാവി അനിശ്ചിതത്വത്തിലാവുകയാണെന്നു പ്രമുഖ ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ട മോട്ടോർ കോർപറേഷൻ ചെയർമാൻ അകിയൊ ടൊയൊഡ. വൈദ്യുത കാറുകളും ഓട്ടമേഷനും കണക്റ്റഡ് വാഹനങ്ങളുമൊക്കെ ഉയർത്തുന്ന വെല്ലുവിളി വാഹന നിർമാതാക്കളുടെ നിലനിൽപ്പിനു പോലും ഭീഷണി സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം കരുതുന്നു.

വമ്പൻ പരിവർത്തനത്തിനാണു വാഹന വ്യവസായം സാക്ഷ്യം വഹിക്കുന്നത്; സാധാരണ ഗതിയിൽ 100 വർഷത്തിനിടെ മാത്രം സഭവിക്കുന്നതരം മാറ്റങ്ങളാണ് ഇപ്പോൾ നടപ്പാവുന്നതെന്നും ടൊയൊഡ വിലയിരുത്തുന്നു. സഞ്ചാര മേഖലയിൽ വാഹന നിർമാതാക്കൾക്ക് ഇപ്പോഴുള്ള മേൽക്കോയ്മ അടുത്ത നൂറ്റാണ്ടിലുമുണ്ടാവുമെന്നതിന് ഉറപ്പൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജയമോ തോൽവിയോ അല്ല, മറിച്ച് നിലനിൽപ്പോ നാശമോ മാത്രം സംഭവിച്ചേക്കാവുന്ന നിർണായക യുദ്ധത്തിനാണ് ഇപ്പോൾ തുടക്കമായിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

ആഗോളതലത്തിൽ നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ 52 ലക്ഷത്തോളം വാഹനങ്ങളാണ് ടൊയോട്ട വിറ്റത്. എന്നാൽ പരമ്പരാഗത കാറുകളുടെ പകരക്കാരായി ലോകവ്യാപകമായി തന്നെ വൈദ്യുത വാഹനങ്ങൾക്കു പ്രചാരമേറുകയാണ്. ഇന്ത്യയിലാവട്ടെ 2030 ആകുമ്പോഴേക്കു വിൽപ്പന പൂർണമായും വൈദ്യുത വാഹനങ്ങളിലേക്കു മാറ്റാനാണു സർക്കാർ ശ്രമിക്കുന്നത്. കാർ നിർമാതാക്കൾക്കു പരിമിത ജ്ഞാനമുള്ള കണക്റ്റഡ് വാഹന, ഓട്ടണോമസ് ഡ്രൈവിങ് സാങ്കേതികവിദ്യകളും പ്രചുരപ്രചാരം നേടുകയാണ്.

മത്സരത്തിനൊപ്പം ഏകോപനവും അനിവാര്യമാവുന്ന ഘട്ടത്തിലാണ് ഇപ്പോൾ ആഗോളതലത്തിലെ വാഹനവ്യവസായമെന്നും ടൊയൊഡ കരുതുന്നു. വാഹന വ്യവസായത്തിൽ നിന്നു മാത്രമല്ല, മറ്റു മേഖലകളിൽ നിന്നുള്ള കമ്പനികളുമായുള്ള സഹകരണവും അനിവാര്യമാവുകയാണ്. അതുകൊണഅടുതന്നെ മറ്റു കമ്പനികളും വ്യവസായ മേഖലകളുമായി സഹകരിക്കാൻ ടൊയോട്ടയും മുന്നിട്ടിറങ്ങുമെന്ന് അദ്ദേഹം വ്യക്തമാക്കി. 

മലിനീകരണ വിമുക്ത വാഹനം, സുരക്ഷ, ഇൻഫർമേഷൻ ടെക്നോളജി തുടങ്ങിയ മേഖകളിൽ ജാപ്പനീസ് എതിരാളികളായ സുസുക്കി മോട്ടോർ കോർപറേഷനുമായി സഹകരിക്കാൻ ഇക്കൊല്ലം ആദ്യം ടൊയോട്ട തീരുമാനിച്ചിരുന്നു. ഇതിനു പുറമെ ഉൽപന്നങ്ങളും യന്ത്രഘടകങ്ങളും പരസ്പരം പങ്കിടാനും ഇരുവരും സന്നദ്ധത പ്രകടിപ്പിച്ചിരുന്നു.