Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബദൽ ഇന്ധന വാഹന വിൽപ്പനയേറുമെന്നു ബി എം ഡബ്ല്യു

BMW I 8 BMW i8

അടുത്ത വർഷത്തോടെ വൈദ്യുത, സങ്കര ഇന്ധന വാഹന വിൽപ്പന ഗണ്യമായി ഉയരുമെന്ന് ജർമൻ ആഡംബര കാർ നിർമാതാക്കളായ ബി എം ഡബ്ല്യുവിനു പ്രതീക്ഷ. യു എസ് വൈദ്യുത കാർ നിർമാതാക്കളായ ടെസ്ലയെ പോലുള്ള എതിരാളികളോടു കിട പിടിക്കാനുള്ള തീവ്രശ്രമത്തിലാണു കമ്പനിയെന്നും ബി എം ഡബ്ല്യു ഗവേഷണ, വികസന വിഭാഗം മേധാവി ക്ലോസ് ഫ്രോലിച് വെളിപ്പെടുത്തി. 2017ൽ വൈദ്യുത, സങ്കര ഇന്ധന വിഭാഗത്തിൽപെട്ട ഒരു ലക്ഷത്തോളം വാഹനങ്ങൾ വിൽക്കാമെന്നായിരുന്നു പ്രതീക്ഷ. അടുത്ത വർഷം ഇത്തരം വാഹനങ്ങളുടെ വിൽപ്പനയിൽ 10 ശതമാനത്തിലേറെ വളർച്ച ഉറപ്പാണെന്നും ഫ്രോലിച് അറിയിച്ചു.

ഇക്കൊല്ലം ഒക്ടോബർ വരെയുള്ള 10 മാസക്കാലത്ത് വൈദ്യുത — പ്ലഗ് ഇൻ ഹൈബ്രിഡ് വിഭാഗങ്ങളിലായി 78,100 കാറുകളാണു ബി എം ഡബ്ല്യു വിറ്റത്. 2013ൽ ‘ഐ ത്രീ’യുമായി വൈദ്യുത വാഹന വിഭാഗത്തിൽ പ്രവേശിച്ച ബി എം ഡബ്ല്യു 2020 ആകുമ്പോഴേക്ക് ഇത്തരം മോഡലുകൾ വാണിജ്യാടിസ്ഥാനത്തിൽ ഉൽപ്പാദിപ്പിക്കാനുള്ള തയാറെടുപ്പിലാണ്. 2025 ആകുമ്പോഴേക്ക് ഇത്തരത്തിലുള്ള മോഡലുകളുടെ എണ്ണം 12 ആക്കി ഉയർത്താനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.

അതേസമയം വൈദ്യുത കാറുകൾ വികസിപ്പിക്കാൻ കനത്ത ചെലവ് നേരിടുമ്പോഴും വാഹന വിൽപ്പനയിൽ നിന്ന് എട്ടു മുതൽ 10% വരെ ലാഭം നിലനിർത്താനാണു ബി എം ഡബ്ല്യു ശ്രമിക്കുന്നതെന്നും കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഹരാൾഡ് ക്രൂഗർ വ്യക്തമാക്കി.

മൊഡ്യുലാർ ഉൽപ്പാദന സംവിധാനങ്ങളിലൂടെ താരതമ്യേന ചെലവു കുറഞ്ഞതും എന്നാൽ കരുത്തേറിയതുമായ ബാറ്ററികൾ വികസിപ്പിക്കാനാണു വിവിധ വാഹന നിർമാതാക്കൾ ശ്രമിക്കുന്നത്. ഇത്തരം മൊഡ്യുലാർ സംവിധാനങ്ങളുടെ രംഗപ്രവേശം സ്വയം ഓടുന്ന കാറുകൾക്കുള്ള സാങ്കേതികവിദ്യയെയും സഹായിക്കുമെന്നാണു ഫ്രോലിച്ചിന്റെ വിലയിരുത്തൽ.

വൈദ്യുത കാർ വികസനത്തിൽ വർഷാവസാനത്തോടെ ബി എം ഡബ്ല്യുവിനു പുതിയ പങ്കാളിയെ ലഭിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. യൂറോപ്പ്, നോർത്ത് അമേരിക്ക, ഏഷ്യ തുടങ്ങിയ ഭൂഖണ്ഡങ്ങളിലെല്ലാം പങ്കാളികളെ കണ്ടെത്താനാണു ബി എം ഡബ്ല്യുവിന്റെ പദ്ധതി. ഇതുവരെ യു എസിൽ നിന്നുള്ള ഫിയറ്റ് ക്രൈസ്ലറും വാഹനഘടക നിർമാതാക്കളായ ഡെൽഫിയും മാഗ്നയും ജർമൻ കമ്പനിയായ കോണ്ടിനെന്റലുമാണു വൈദ്യുത വാഹന വികസനത്തിൽ സഹകരിക്കാൻ സന്നദ്ധരായിട്ടുള്ളത്.