Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലംബോർഗിനിയുടെ ആദ്യ എസ് യു വി ഉറുസ് ഇന്ത്യയിൽ

Lamborghini Urus Lamborghini Urus

ലംബോർഗ്നിയുടെ ആദ്യ എസ് യു വിയായ ‘ഉറുസ്’ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുക ലോക വിപണികളിൽ അരങ്ങേറ്റം കുറിച്ച് വെറും 38 ദിവസത്തിനകം. ജനുവരി 11നു മുംബൈയിലാണ് ‘ഉറുസി’ന്റെ ഇന്ത്യൻ അരങ്ങേറ്റം നിശ്ചയിച്ചിരിക്കുന്നത്; കാറിന്റെ ആഗോള അവതരണം കഴിഞ്ഞ് വെറും അഞ്ചര ആഴ്ചയ്ക്കുള്ളിൽ.  എസ് യു വി, കൂപ്പെ ക്രോസോവർ, സ്പോർട്സ് കാർ, ആഡംബര കാർ തുടങ്ങിയവയുടെയൊക്കെ സമന്വയമായാണു ഫോക്സ്വാഗൻ ഗ്രൂപ്പിൽപെട്ട ഇറ്റാലിയൻ സൂപ്പർ കാർ നിർമാതാക്കളായ ലംബോർഗ്നി ‘ഉറുസി’നെ വിശേഷിപ്പിക്കുന്നത്. വിലയുടെ കാര്യത്തിൽ വ്യക്തതയൊന്നുമില്ലെങ്കിലും അരങ്ങേറ്റത്തിനു മുമ്പേ ‘ഉറുസി’ന്റെ ആദ്യ ബാച്ച് വിറ്റു തീരുന്ന ലക്ഷണവുമുണ്ട്. അടുത്ത വർഷത്തേക്ക് ഇന്ത്യൻ വിപണിക്ക് അനുവദിച്ച ‘ഉറുസ്’ ഇപ്പോൾ തന്നെ വിറ്റു പോയെന്നും ലംബോർഗ്നി സൂചിപ്പിക്കുന്നു. 

lamborghini-urus-1 Lamborghini Urus

പുത്തൻ മോഡൽ അവതരണത്തിൽ ഇന്ത്യയ്ക്കു കാര്യമായ പരിഗണനയാണ് ലംബോർഗ്നി നൽകുന്നത്. ഇക്കൊല്ലം ആദ്യം ജനീവയിൽ അരങ്ങേറ്റം കുറിച്ച ‘ഹുറാകാൻ പെർഫോമന്റെ’യും ദിവസങ്ങൾക്കുള്ളിൽ ഇന്ത്യയിൽ വിരുന്നെത്തിയിരുന്നു. ‘ഉറുസി’ന്റെ കാര്യത്തിലും ഔപചാരിക അരങ്ങേറ്റത്തിനു മുമ്പേ കാർ ബുക്ക് ചെയ്യാനും ടെസ്റ്റ് ഡ്രൈവ് നടത്താനുമൊക്കെയുള്ള സൗകര്യം ലംബോർഗ്നി ഇന്ത്യയിൽ ലഭ്യമാക്കുന്നുണ്ട്. 

സന്ത്അഗാത ബൊളോണീസിലെ ആസ്ഥാനത്ത് ഇറ്റാലിയൻ പ്രധാനമന്ത്രി പൗളൊ ജെന്റിലൊണി പങ്കെടുത്ത തിളക്കമാർന്ന ചടങ്ങിലായിരുന്നു ലംബോർഗ്നി ‘ഉറുസ്’ അനാവരണം ചെയ്തത്. ‘ഉറുസ്’ ഉൽപ്പാദനത്തിനുള്ള പുത്തൻ ശാലയും കമ്പനി ഇതോടൊപ്പം ഉദ്ഘാടനം ചെയ്തു; പുതിയ ശാല പ്രവർത്തനക്ഷമമാവുന്നതോടെ ‘ഉറുസ്’ഉൽപ്പാദനം ഇരട്ടിയായിട്ടാണ് ഉയരുക. നിലവിൽ പ്രതിവർഷം 3,500 കാർ മാത്രം വിൽക്കുന്ന ലംബോർഗ്നിയുടെ വിൽപ്പന ഗണ്യമായി ഉയർത്താൻ ‘ഉറുസ്’ വഴി തെളിക്കുമെന്നാണു പ്രതീക്ഷ. ആദ്യ വർഷം തന്നെ ഏഴായിരത്തോളം ‘ഉറുസ്’ വിൽക്കാനാണു ലംബോർഗ്നി ലക്ഷ്യമിടുന്നത്; ഇതിൽ എസ് യു വികളോട് പ്രിയമേറെയുള്ള ഇന്ത്യ പോലുള്ള വിപണികളുടെ പങ്ക് നിർണായകമാവും. ഈ സാധ്യത മുൻനിർത്തിയാണു ചൈന, ജപ്പാൻ, ദക്ഷിണ പൂർവ ഏഷ്യ തുടങ്ങിയ വിപണികളെ അപേക്ഷിച്ച് ‘ഉറുസ്’ ഇന്ത്യയിൽ ആദ്യമെത്തുന്നതും. 

lamborghini-urus-2 Lamborghini Urus

‘കയീൻ’ പോലുള്ള മോഡലുകളിലൂടെ പോർഷെ കൊയ്തതിനു സമാനമായ വിജയമാണ് ഇന്ത്യയിൽ ‘ഉറുസി’ലൂടെ ലംബോർഗ്നിയും മോഹിക്കുന്നത്. ‘911’, ‘ബോക്സ്റ്റർ’, ‘കേമാൻ’ തുടങ്ങിയവയ്ക്കൊന്നും കൈവരിക്കാനാവാതെ പോയ നേട്ടമായിരുന്നു ‘കയീൻ’ സ്വന്തമാക്കിയത്. ‘ഉറുസി’ന് ഇന്ത്യയിൽ ആവശ്യക്കാർ ധാരാളമുണ്ടാവുമെന്നതിൽ തർക്കമില്ല; പക്ഷേ ആവശ്യത്തിനൊത്ത് ‘ഉറുസ്’ ലഭ്യമാക്കാൻ ലംബോർഗ്നിക്കു കഴിയുമോ എന്നതാവും വെല്ലുവിളി. 

നാലു ലീറ്റർ, വി എയ്റ്റ്, ട്വിൻ ടർബോ എൻജിനാണ് ‘ഉറുസി’ലുള്ളത്; പരമാവധി 637 ബി എച്ച് പി കരുത്തും 850 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ആക്ടീവ് ടോർക് വെക്ടറിങ് സഹിതമുള്ള ഫോർവീൽ ഡ്രൈവും ഫോർ വീൽ സ്റ്റീയറിങ്ങുമൊക്കെയുള്ള ‘ഉറുസി’നു നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്ന പരമാവധി വേഗം മണിക്കൂറിൽ 305 കിലോമീറ്ററാണ്.