Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ടിഗൊർ ഇ വി’ ടാറ്റ പുറത്തിറക്കി

Tigor EV Tigor EV

ബാറ്ററിയിൽ ഓടുന്ന ‘ടിഗൊർ’ ടാറ്റ മോട്ടോഴ്സ് പുറത്തിറക്കി. കേന്ദ്ര ഊർജ മന്ത്രാലയത്തിനു കീഴിലുള്ള എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡി(ഇ ഇ എസ് എൽ)ൽ നിന്നുള്ള കരാർ പാലിക്കാനായി ഗുജറാത്തിലെ സാനന്ദ് ശാലയിൽ നിന്നാണ് ‘ടിഗൊർ ഇ വി’ സെഡാൻ പുറത്തെത്തുന്നത്. ആദ്യ ബാച്ച് ‘ടിഗൊർ ഇ വി’യുടെ ഫ്ളാഗ് ഓഫ് നിർവഹിക്കാൻ ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരനും ടാറ്റ ഗ്രൂപ് ചെയർമാൻ എമിരറ്റസ് രത്തൻ ടാറ്റയും ടാറ്റ മോട്ടോഴ്സ് മേധാവി ഗ്വന്റെർ ബട്ഷെക്കുമെല്ലാം എത്തിയിരുന്നു. 

വൈദ്യുത പവർട്രെയ്ന് വിദഗ്ധരായ ഇലക്ട്ര ഇ വിയാണ് ‘ടിഗൊർ ഇ വി’ക്കുള്ള വൈദ്യുത ഡ്രൈവ് സംവിധാനങ്ങൾ വികസിപ്പിച്ചത്. ‘നാനോ’ ആധാരമാക്കി കോയമ്പത്തൂർ ആസ്ഥാനമായ ജെയം ഓട്ടമോട്ടീവ്സ് തയാറാക്കുന്ന ‘നിയോ’യ്ക്കുള്ള 48 വോൾട്ട് ഇലക്ട്രിക് സംവിധാനം ലഭ്യമാക്കുന്നതും ഇലക്ട്ര ഇ വിയാണ്. തുടക്കത്തിൽ ഇ  ഇ എസ് എല്ലിനു മാത്രമാണു ‘ടിഗൊർ ഇ വി’ ലഭ്യമാവുക. പൊതുവിപണിയിൽ ‘ടിഗൊർ ഇ വി’ ടാറ്റ മോട്ടോഴ്സ് വിൽപ്പനയ്ക്കെത്തിക്കുമോ എന്നു വ്യക്തമല്ല.

ഇ ഇ എസ് എല്ലിന്റെ ടെൻഡറിൽ ടാറ്റ മോട്ടോഴ്സാണ് ഏറ്റവും കുറഞ്ഞ വില ക്വോട്ട് ചെയ്തത്; 11.20 ലക്ഷം രൂപയ്ക്കു ‘ടിഗൊർ ഇ വി’ നൽകാമെന്നായിരുന്നു ടാറ്റ മോട്ടോഴ്സിന്റെ വാഗ്ദാനം. തുടർന്നു കരാറിൽ പങ്കാളിത്തം നേടാൻ ഇതേ വിലയ്ക്കു ‘ഇ വെരിറ്റൊ’ നൽകാൻ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം)യും നിർബന്ധിതരാവുകയായിരുന്നു.കേന്ദ്ര സർക്കാർ ഓഫിസകളുടെ ഉപയോഗത്തിനായി മൊത്തം 10,000 വൈദ്യുത കാറുകളാണ് ഇ ഇ എസ് എൽ വാങ്ങുന്നത്. ഇതിൽ ആദ്യ ബാച്ചിൽ പെട്ട 500 കാറുകളാണു ടാറ്റ മോട്ടോഴ്സും എം ആൻഡ് എമ്മും ഇപ്പോൾ നിർമിച്ചു നൽകുന്നത്.

ആദ്യ ഘട്ടത്തിൽ 250 ‘ടിഗൊർ ഇ വി’യാണു ടാറ്റ മോട്ടോഴ്സ് കൈമാറുക. 100 കാറുകൾക്കു കൂടിയുള്ള ലറ്റർ ഓഫ് അപ്പോയ്ന്റ്മെന്റും ഉടൻ ലഭിക്കുമെന്നാണു കമ്പനിയുടെ പ്രതീക്ഷ. അവശേഷിക്കുന്ന 150 കാറുകൾ കൈമാറാൻ മഹീന്ദ്രയും നടപടി തുടങ്ങിയിട്ടുണ്ട്.