Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതുവർഷത്തിൽ 4% വരെ വില കൂട്ടാൻ ഫോഡും

Ford EcoSport Ford EcoSport

പുതുവർഷത്തിൽ ഇന്ത്യയിലെ വാഹന വില വർധിപ്പിക്കുകയാണെന്ന് യു എസിൽ നിന്നുള്ള ഫോഡും പ്രഖ്യാപിച്ചു. ഉൽപ്പാദനചെലവ് ഉയർന്നതു പരിഗണിച്ച് ജനുവരി മുതൽ വാഹനങ്ങളുടെ വിലയിൽ നാലു ശതമാനം വരെ വർധനയാണു പ്രാബല്യത്തിലെത്തുകയെന്നും കമ്പനി വ്യക്തമാക്കി.  അടുത്തയിടെ വിൽപ്പനയ്ക്കെത്തിയ ‘ഇകോസ്പോർട്’ അടക്കമുള്ള മോഡലുകൾക്ക് ഈ വില വർധന ബാധകമാവും. പ്രാരംഭ ആനുകൂല്യമെന്ന നിലയിൽ 7.31 ലക്ഷം രൂപയായിരുന്നു പുതിയ ‘ഇകോസ്പോർട്ടി’ന്റെ ഷോറൂം വില; ജനുവരി മുതൽ കോംപാക്ട് എസ് യു വിയുടെ വിവിധ വകഭേദങ്ങളുടെ വിലയിൽ 30,000 രൂപയുടെ വരെ വർധന പ്രതീക്ഷിക്കാമെന്നാണു ഫോഡ് ഇന്ത്യ നൽകുന്ന സൂചന. 

ഉൽപന്ന വിലകളിലെ നിരന്തര ചാഞ്ചാട്ടവും ഉൽപ്പാദന ചെലവിലെ വർധനയും കടത്തുകൂലി ഉയർന്നതുമൊക്കെ പരിഗണിക്കുമ്പോൾ ഇന്ത്യയിൽ കാർ വില ഉയർത്തുകയല്ലാതെ മറ്റു മാർഗമില്ലെന്നു ഫോഡ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ (മാർക്കറ്റിങ്, സെയിൽസ് ആൻഡ് സർവീസ്) വിനയ് റെയ്ന വിശദീകരിച്ചു. ഉപയോക്താക്കൾക്ക് അധിക ബാധ്യത സൃഷ്ടിക്കാതിരിക്കാനായി ഉൽപ്പാദനചെലവിൽ നേരിട്ട വർധനയിൽ സിംഹഭാഗവും കമ്പനി ഏറ്റെടുക്കുകയായിരുന്നെന്നും അദ്ദേഹം അവകാശപ്പെട്ടു. അതിനാലാണു വില വർധന നാലു ശതമാനത്തിൽ ഒതുക്കുന്നതെന്നും റെയ്ന അഭിപ്രായപ്പെട്ടു. 

ഹാച്ച്ബാക്കായ ‘ഫിഗൊ’ മുതൽ സ്പോർട്സ് കാറായ ‘മസ്താങ്’ വരെ നീളുന്നതാണു ഫോഡിന്റെ ഇന്ത്യയിലെ മോഡൽ ശ്രേണി; 4.80 ലക്ഷം മുതൽ 71.62 ലക്ഷം രൂപ വരെയാണ് ഇവയ്ക്ക് ഡൽഹിയിലെ ഷോറൂം വില.  ഇന്ത്യൻ കാർ വിപണിയെ നയിക്കുന്ന മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡും രണ്ടാം സ്ഥാനത്തുള്ള ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡും ഇതു വരെ വാഹന വില വർധന പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മറ്റു പ്രമുഖ നിർമാതാക്കളൊക്കെ ജനുവരിയിൽ വില കൂട്ടാൻ തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്. 

 അസംസ്കൃത വസ്തുക്കളുടെ വിലയേറിയ സാഹചര്യത്തിൽ ജനുവരി മുതൽ ഇന്ത്യയിൽ വിൽക്കുന്ന വാഹനങ്ങളുടെ വിലയിൽ 25,000 രൂപയുടെ വരെ വർധന നടപ്പാവുമെന്നു ടാറ്റ മോട്ടോഴ്സ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അടുത്തയിടെ വിൽപ്പനയ്ക്കെത്തിയ ലൈഫ് സ്റ്റൈൽ കോംപാക്ട് എസ് യു വിയായ ‘നെക്സ’ന് പ്രഖ്യാപിച്ച പ്രാരംഭ വിലയും ഡിസംബർ 31ന് അവസാനിക്കുമെന്ന്  കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. പുതുവർഷത്തിൽ കാർ വില വർധിപ്പിക്കുമെന്നു ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ട കിർലോസ്കർ മോട്ടറും(ടി കെ എം) ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡും പ്രഖ്യാപിച്ചിട്ടുണ്ട്. 

ജനുവരി ഒന്നു മുതൽ പ്രാബല്യത്തോടെ കാർ വിലയിൽ മൂന്നു ശതമാനത്തോളം വർധന നടപ്പാക്കാനാണു ടൊയോട്ടയുടെ നീക്കം. വിവിധ മോഡലുകളുടെ വിലയിൽ കാൽ ലക്ഷം രൂപയുടെ വരെ വർധനയാണു ജനുവരി ഒന്നു മുതൽ ഹോണ്ട നടപ്പാക്കുക. പുതുവർഷത്തിൽ വാഹന വില വർധിപ്പിക്കാൻ ജാപ്പനീസ് നിർമാതാക്കളായ ഇസൂസു മോട്ടോഴ്സ് ഇന്ത്യയും ഫോക്സ്വാഗൻ ഗ്രൂപ്പിൽ പെട്ട ചെക്ക് ബ്രാൻഡായ സ്കോഡ ഓട്ടോ ഇന്ത്യയും ഒരുങ്ങുന്നുണ്ട്. ഇന്ത്യയിൽ വിൽക്കുന്ന മോഡലുകളുടെ വിലയിൽ മൂന്നു മുതൽ നാലു ശതമാനം വരെ വർധനയാണ് ഇസൂസു നടപ്പാക്കുക. ഇന്ത്യയിൽ വിൽപ്പനയ്ക്കുള്ള വിവിധ മോഡലുകളുടെ വിലയിൽ രണ്ടോ മൂന്നോ ശതമാനം വർധനയാണു ജനുവരി ഒന്നു മുതൽ നടപ്പാവുകയെന്നാണു സ്കോഡയുടെ നിലപാട്.