Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീപ് കോംപസിനും വില കൂടും

Jeep Compass Jeep Compass

ഇന്ത്യയിലെ പ്രീമിയം എസ് യു വി വിപണിയിൽ തരംഗം സൃഷ്ടിച്ച ‘ജീപ് കോംപസി’ന്റെ വില വർധിപ്പിക്കാൻ എഫ് സി എ ഇന്ത്യ തീരുമാനിച്ചു. ജനുവരി മുതൽ 80,000 രൂപയുടെ വരെ വർധനയാണ് ‘കോംപസി’നു നിലവിൽ വരിക. അതേസമയം ‘കോംപസി’ന്റെ അടിസ്ഥാന മോഡലിനെ കമ്പനി വിലവർധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വില വർധന നടപ്പായാലും ‘കോംപസി’ന്റെ അടിസ്ഥാന മോഡലിന് 15.16 ലക്ഷം രൂപയാവും ഷോറൂം വില.

‘കോംപസി’ന്റെ മത്സരക്ഷമമായ വിലയെ അവതരണവേള മുതൽ ഉപയോക്താക്കൾ സസന്തോഷം സ്വാഗതം ചെയ്തതാണെന്ന് എഫ് സി എ പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ കെവിൻ ഫ്ളിൻ അറിയിച്ചു. എൻട്രി ലവൽ മോഡൽ ഒഴികെയുള്ള ‘കോംപസി’ന്റെ വകഭേദങ്ങളുടെ വിലയിൽ രണ്ടു മുതൽ നാലു ശതമാനം വരെ വില വർധനയാണു പുതുവർഷത്തിൽ നടപ്പാവുകയെന്നും അദ്ദേഹം വെളിപ്പെടുത്തി. 

കഴിഞ്ഞ ജൂലൈയിലാണു മൂന്നു വകഭേദങ്ങളോടെ ‘കോംപസ്’ നിരത്തിലെത്തിയത്: സ്പോർട്, ലോഞ്ചിറ്റ്യൂഡ്, ലിമിറ്റഡ്. ലോഞ്ചിറ്റ്യൂഡ് വകഭേദത്തിന്റെ ഷോറൂം വില 17.13 ലക്ഷം രൂപ മുതലും ലിമിറ്റഡിന്റേത് 18.68 മുതൽ 21.73 ലക്ഷം രൂപ വരെയുമാണ്.  അരങ്ങേറ്റം കുറിച്ച് നാലു മാസത്തിനകം ‘കോംപസി’ന്റെ മൊത്തം വിൽപ്പന 10,000 യൂണിറ്റ് പിന്നിട്ടതായും എഫ് സി എ ഇന്ത്യ അറിയിച്ചു. കൂടാതെ ഒക്ടോബറിൽ ജപ്പാനിലേക്കും ഓസ്ട്രേലിയയിലേക്കുമായി രഞ്ജൻഗാവിൽ നിർമിച്ച 600 ‘കോംപസ്’ എഫ് സി എ ഇന്ത്യ കയറ്റുമതിയും ചെയ്തിരുന്നു. ജപ്പാനിൽ ‘കോംപസ്’ വിൽപ്പനയ്ക്കു തുടക്കമാവുകയും ചെയ്തു. 

മൊത്തം വിൽപ്പന 10,000 യൂണിറ്റ് വിൽപ്പന പൂർത്തിയാക്കിയ ‘കോംപസ്’ പുതുവർഷത്തിലും മികച്ച പ്രകടനം ആവർത്തിക്കുമെന്നു ഫ്ളിൻ പ്രതീക്ഷ പ്രകടിപ്പിച്ചു.  മാരുതി സുസുക്കിയും ടാറ്റ മോട്ടോഴ്സും മഹീന്ദ്രയുമടക്കം രാജ്യത്തെ പ്രമുഖ വാഹന നിർമാതാക്കളെല്ലാം പുതുവർഷത്തിൽ വാഹന വില വർധിപ്പിക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ മാത്രമാണ് ഇനി വാഹനവില വർധന പ്രഖ്യാപിക്കാനുള്ളത്.