Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാറ്ററി വില 2020ൽ സ്ഥിരതയാർജിക്കുമെന്നു ഹ്യുണ്ടേയ്

hyundai

മൂന്നു വർഷത്തിനകം വൈദ്യുത വാഹന ബാറ്ററി വില സ്ഥിരത കൈവരിക്കുമെന്നു ഹ്യുണ്ടേയ് മോട്ടോർ കമ്പനിക്കു പ്രതീക്ഷ. ബാറ്ററി നിർമാണത്തിനുള്ള തന്ത്രപ്രധാന ഘടകങ്ങളുടെ ലഭ്യത മെച്ചപ്പെടുകയും ഇത്തരം വാഹനങ്ങളുടെ വിപണി ഉണരുകയും ചെയ്യുന്നതോടെ 2020ൽ ബാറ്ററി വില സ്ഥിരതയാർജിക്കുമെന്നാണു ഹ്യുണ്ടേയിയുടെ കണക്കുകൂട്ടൽ. 

ഹ്യുണ്ടേയിയും ഉപസ്ഥാപനമായ കിയ മോട്ടോഴ്സ് കോർപറേഷനും ചേർന്നു 2025നകം പരിസ്ഥിതി മലിനീകരണ സാധ്യത കുറഞ്ഞ 38 മോഡലുകൾ പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്. വ്യത്യസ്ത സാങ്കേതികവിദ്യകളുടെ പിൻബലത്തോടെയാവും ഈ മോഡലുകൾ പുറത്തിറങ്ങുകയെന്നും ഹ്യുണ്ടോയ് മോട്ടോർ സീനിയർ വൈസ് പ്രസിഡന്റ് ലീ കി സാങ് വിശദീകരിച്ചു. 

വിലയുടെ കാര്യത്തിൽ എല്ലാ ഘടകങ്ങളിലും തിരിച്ചടിയാണു നേരിടുന്നതെന്നു ലീ അഭിപ്രായപ്പെട്ടു. ഇതുവരെ ബാറ്ററി വിലകളിൽ ക്രമമായി ഇടിവാണു രേഖപ്പെടുത്തുന്നത്; എന്നാൽ 2020 ആകുമ്പോഴേക്കു വില സ്ഥിരതയാർജിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. 

എതിരാളികളെ അപേക്ഷിച്ച് വൈദ്യുത വാഹന വികസനത്തിൽ ഹ്യുണ്ടേയിയുടെ രംഗപ്രവേശം വൈകിയെന്നാണു നിരീക്ഷകരുടെ വിലയിരുത്തൽ. ദീർഘദൂര സഞ്ചാരശേഷിയുള്ള വൈദ്യുത വാഹനം അടുത്ത വർഷം അവതരിപ്പിക്കാനാവുമെന്നാണു ഹ്യുണ്ടേയിയുടെ പ്രതീക്ഷ; അപ്പോഴും ഈ മേഖലയിൽ ജനറൽ മോട്ടോഴ്സ് കോർപറേഷനെയും ടെസ്ല ഇൻകോർപറേറ്റഡിനെയുമൊക്കെ അപേക്ഷിച്ച് ഏറെ പിന്നിലാണു ഹ്യുണ്ടേയ്. 

വൈദ്യുത കാർ ബാറ്ററി നിർമാണത്തിനു വേണ്ട നിക്കൽ, കൊബാൾട്ട്, ലിതിയം തുടങ്ങിയവയുടെ വില വരുംവർഷങ്ങളിൽ കുതിച്ചുയരുമെന്നാണു പ്രവചനങ്ങൾ. പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കാൻ വിവിധ രാജ്യങ്ങൾ വൈദ്യുത വാഹന വിൽപ്പന പ്രോത്സാഹിപ്പിക്കാൻ ഒരുങ്ങുന്ന സാഹചര്യത്തിൽ ബാറ്ററികളുടെ വില ഉയരാനാണു സാധ്യത.

വൈദ്യുത വാഹനങ്ങളെ സംബന്ധിച്ചിടത്തോളം ബാറ്ററികളാണു തന്ത്രപ്രധാന ഘടകം; ഈ സാങ്കേതികവിദ്യ പ്രചരിക്കുന്നതിൽ ബാറ്ററി വിലയ്ക്കു നിർണായക പങ്കുമുണ്ട്. 2016 വരെയുള്ള അഞ്ചു വർഷത്തിനിടെ ലിതിയം അയോൺ ബാറ്ററി വിലയിൽ 60 ശതമാനത്തോളം ഇടിവു നേരിട്ടിരുന്നു; ഉൽപ്പാദനം വ്യാപകമായതാണു വില കുറയാൻ വഴി തെളിച്ചത്.