Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഇൻസൈറ്റ്’ തിരിച്ചെത്തിക്കാൻ ഹോണ്ട

Honda Insights Honda Insights

ഗ്യാസ് — ഇലക്ട്രിക് സങ്കര ഇന്ധന സെഡാൻ അനാവരണം ചെയ്യാൻ ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട ഒരുങ്ങുന്നു. അടുത്ത മാസത്തെ ഡെട്രോയ്റ്റ് ഓട്ടോ ഷോയിലാവും  അഞ്ചു പേർക്കു യാത്ര ചെയ്യാവുന്ന പുതിയ ബദൽ ഇന്ധന മോഡലിന്റെ അരങ്ങേറ്റം ഹോണ്ട നിർവഹിക്കുക.

പുത്തൻ കോംപാക്ട് കാറിലൂടെ ‘ഇൻസൈറ്റ്’ എന്ന പേരു തിരികെ കൊണ്ടുവരാനും ഹോണ്ട ആലോചിക്കുന്നുണ്ട്. നിലവിൽ നിരത്തിലുള്ള സങ്കര ഇന്ധന മോഡലുകളോടു കിട പിടിക്കുന്ന ഇന്ധനക്ഷമതയാണു പുതിയ കാറിലൂടെ ഹോണ്ടയുടെ വാഗ്ദാനം. വിലയോ കൃത്യമായ ഇന്ധനക്ഷമതയോ ഒന്നും വെളിപ്പെടുത്താത്ത കാർ അടുത്ത വേനൽക്കാലത്തു യു എസിൽ വിൽപ്പനയ്ക്കെത്തിക്കാനാണു ഹോണ്ടയുടെ നീക്കം. കാഴ്ചയിൽ വിചിത്ര രൂപമുള്ള, ഇരട്ട ഡോർ കാറായിരുന്നു പഴയ ‘ഇൻസൈറ്റ്’; 1999ൽ നിരത്തിലെത്തിയ കാറിനു ഹൈവേ നിലവാരമുള്ള നിരത്തുകളിൽ ഗ്യാലന് 70 മൈൽ(അതായത് ലീറ്ററിന് 29.76 കിലോമീറ്റർ) ആയിരുന്നു ഇന്ധനക്ഷമത. 

അതേസമയം പുതുതായി നിരത്തിലെത്തുന്ന ‘ഇൻസൈറ്റി’നു നാലു വാതിലുണ്ടാവുമെന്നു ഹോണ്ട വ്യക്തമാക്കുന്നു. ഇരട്ട മോട്ടോർ ഹൈബ്രിഡ് സംവിധാനവും കാറിന്റെ സവിശേഷതയാവും. പരമ്പരാഗത കാറുകൾ വാങ്ങുന്നവരെ ആകർഷിക്കാൻ പോന്ന സൗകര്യങ്ങളും സംവിധാനങ്ങളും പ്രകടനക്ഷമതയുമൊക്കെയാവും പുത്തൻ ‘ഇൻസൈറ്റി’ന്റെ സവിശേഷത. 2030 ആകുമ്പോഴേക്ക് മൊത്തം ഉൽപന്നശ്രേണിയുടെ മൂന്നിൽ രണ്ടും ഭാഗികമായെങ്കിലും വൈദ്യുതിയിൽ ഓടുന്ന തരത്തിലേക്കു പരിവർത്തനം ചെയ്യാനുള്ള പദ്ധതിയുടെ ഭാഗമാണു ഹോണ്ടയുടെ പുതിയ ‘ഇൻസൈറ്റ്’. ഈ സ്വപ്നത്തിന്റെ ആദ്യ ദൃശ്യാവിഷ്കാരമാവും ഡെട്രോയ്റ്റിലെ നോർത്ത് അമേരിക്കൻ ഇന്റർനാഷനൽ ഓട്ടോ ഷോയിൽ അനാവൃതമാവുക.