Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഡിസ്കവർ 110’ തിരിച്ചെത്തുന്നു; വില 50,500 രൂപ

Bajaj Discover 125 Bajaj Discover 125, Representative Image

കമ്യൂട്ടർ ബൈക്കായ ‘ഡിസ്കവർ 110’ തിരിച്ചെത്തിക്കാൻ ബജാജ് ഓട്ടോ ലിമിറ്റഡ് ഒരുങ്ങുന്നു. ഇതോടെ ബജാജിന്റെ ഇരുചക്രവാഹന ശ്രേണിയിൽ കമ്യൂട്ടർ ബൈക്കുകൾ ആറെണ്ണമാവും; ‘ഡിസ്കവർ’ ബ്രാൻഡിലെ രണ്ടാമത്തെ ബൈക്കുമാവുമിത്. ‘സി ടി 100 ബി’, ‘പ്ലാറ്റിന 100’, ‘ഡിസ്കവർ 125’, ‘വി 12’, ‘വി 15’ എന്നിവയാണു ബജാജ് കമ്യൂട്ടർ വിഭാഗത്തിൽ വിൽപ്പനയ്ക്കെത്തിക്കുന്നത്.

‘പ്ലാറ്റിന 100’, ‘ഡിസ്കവർ 125’ ബൈക്കുകൾക്കിടയിലാവും ‘ഡിസ്കവർ 110’ ഇടംപിടിക്കുക. ആകർഷകമായ വിലയ്ക്ക് രൂപഭംഗിയുള്ള ബൈക്ക് ലഭ്യമാക്കാനാണ് പുതിയ ‘ഡിസ്കവറി’ലൂടെ ബജാജ് ഓട്ടോ ലക്ഷ്യമിടുന്നത്. പുതുവർഷത്തിൽ രണ്ട് ‘ഡിസ്കവർ’ മോഡലുകളിലും മാറ്റ് ബ്ലാക്ക് നിറത്തിലുള്ള അഞ്ചു സ്പോക്ക് അലോയ് വീലുകൾ ഇടംപിടിക്കും; ഇതുവരെ സിൽവർ നിറത്തിലുള്ള ഫൈവ് സ്പോക്ക് അലോയ് വീലാണ് 125 സി സി ‘ഡിസ്കവറി’ലുണ്ടായിരുന്നത്. കൂടാതെ ബൈക്കുകളിൽ പുത്തൻ ഗ്രാഫിക്സും ബജാജ് ഓട്ടോ ലഭ്യമാക്കും.

സൗകര്യങ്ങളിലും സംവിധാനങ്ങളിലും സമ്പന്നമായിട്ടാവും ‘ഡിസ്കവർ 110’ എത്തുകയെന്നാണു സൂചന. ഡിജി — അനലോഗ് ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, ഇലക്ട്രിക് സ്റ്റാർട്ടർ, കറുപ്പ് നിറമുള്ള സൈക്കിൾ ഘടകങ്ങൾ, ഹാൻഡ്ൽ ബാറിന്റെ അഗ്രത്തിലെ വെയ്റ്റ്, പിഗ്ഗിബാക്ക് റിസർവോയർ സഹിതം ഇരട്ട ഷോക് അബ്സോബർ തുടങ്ങിയവയൊക്കെ ബൈക്കിലുണ്ട്. ഓപ്ഷനൽ വ്യവസ്ഥയിൽ ഡിസ്ക് ബ്രേക്കും ബൈക്കിൽ ലഭ്യമാവും.

അതേസമയം ബൈക്കിലെ ഡി ടി എസ് ഐ എൻജിനു കാര്യമായ പുതുമയൊന്നും അവകാശപ്പെടാനില്ല. കാര്യക്ഷമത മെച്ചപ്പെടുത്താനായി ചില്ലറ പരിഷ്കാരങ്ങൾ വരുത്തിയ 110 സി സി എൻജിന് 9.5 ബി എച്ച് പി വരെ കരുത്തും 9.5 എൻ എം വരെ ടോർക്കും സൃഷ്ടിക്കാനാവും. ‘ഓൾ ഡൗൺ’ ഷിഫ്റ്റ് ശൈലിയിൽ നാലു സ്പീഡ് ഗീയർബോക്സാവും ബൈക്കിന്റെ ട്രാൻസ്മിഷൻ. 

ഹീറോ മോട്ടോ കോർപിന്റെ ‘പാഷൻ പ്രോ’, ‘എക്സ് പ്രോ’, ടി വി എസ് ‘വിക്ടർ 110’ തുടങ്ങിവയോടു മത്സരിക്കാനെത്തുന്ന പുതിയ ‘ഡിസ്കവറി’ന് പുണെ ഷോറൂമിൽ 50,500 രൂപയാവും വില; ചുരുക്കത്തിൽ പ്രധാന എതിരാളികളെ അപേക്ഷിച്ച് 3,000 — 4,000 രൂപ വിലക്കുറവുമായാവും ‘ഡിസ്കവറി’ന്റെ വരവ്. ബജാജിന്റെ പരിഷ്കരിച്ച മോഡൽ ശ്രേണിക്കൊപ്പം ഈ മാസം തന്നെ പുതിയ ‘ഡിസ്കവറും’ വിപണിയിലെത്തുമെന്നാണു പ്രതീക്ഷ.