Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടൊയോട്ട മുൻ പ്രസിഡന്റ് ടൊയോഡ അന്തരിച്ചു

Tatsuro Toyoda Tatsuro Toyoda

ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ടയെ ആഗോളതലത്തിൽ പ്രബലശക്തിയായി വളർത്തുന്നതിൽ സുപ്രധാന പങ്കുവഹിച്ച കമ്പനി മുൻ പ്രസിഡന്റ് തത്സുരൊ ടൊയോഡ വിടചൊല്ലി. 1990 കാലഘട്ടത്തിൽ കമ്പനിയുടെ വളർച്ചയിൽ നിർണായക സംഭാവന നൽകിയ ടൊയോഡയുടെ അന്ത്യം 88—ാം വയസ്സിലായിരുന്നു. 

കമ്പനി സ്ഥാപകനായ കിയ്ചിരൊ ടൊയോഡയുടെ മകനായ തത്സുരൊ 1980 — 1990 കാലത്താണു ടൊയോട്ടയുടെ രാജ്യാന്തര പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ നേതൃത്വം നൽകിയത്. 1992 — 1995 കാലത്ത് കമ്പനി മേധാവിയുമായിരുന്നു അദ്ദേഹം; ഇക്കാലത്താണു രാജ്യാന്തര വിപണികളിൽ ടൊയോട്ട നിർണായക സ്വാധീനം കൈവരിച്ചത്.

യു എസ് എതിരാളികളായ ജനറൽ മോട്ടോഴ്സുമായുള്ള പങ്കാളിത്തത്തിൽ 1980കളുടെ മധ്യത്തിൽ കലിഫോണിയയിൽ സ്ഥാപിച്ച ന്യൂ യുണൈറ്റഡ് മോട്ടോർ മാനുഫാക്ചറിങ് ഇൻകോർപറേറ്റഡി(എൻ യു എം എം ഐ)ന്റെ ആദ്യ പ്രസിഡന്റുമായിരുന്നു ടൊയോഡ. ടൊയോട്ട ജപ്പാനിൽ പിന്തുടർന്നു വന്ന കാര്യക്ഷമതയേറിയ ഉൽപ്പാദനപ്രക്രിയ വിദേശത്തും ആവർത്തിക്കാനാവുമെന്നു തെളിയിച്ച ശാലയായിരുന്നു എൻ യു എം എം ഐ. 

ഈ ശാല വിജയമായതോടെയാണു യു എസിൽ കൂടുതൽ നിക്ഷേപത്തിനും അസംബ്ലി, വാഹനഘടക നിർമാശാലകൾ സ്ഥാപിക്കാനും ടൊയോട്ട സന്നദ്ധമായത്. നിലവിൽ 10 നിർണാ കേന്ദ്രങ്ങളാണു ടൊയോട്ടയ്ക്കു യു എസിലുള്ളത്. കമ്പനി പ്രസിഡന്റ് സ്ഥാനത്തു നിന്ന് 1995ലാണു ടൊയോഡ വിട പറഞ്ഞത്. ന്യൂമോണിയ ബാധിതനായ ടൊയോഡ ഡിസംബർ 30ന് അന്ത്യശ്വാസം വലിച്ചെന്നു ടൊയോട്ട മോട്ടോർ കോർപറേഷൻ അറിയിച്ചു. അയാകൊ ടൊയോഡയാണു തത്സുരൊയുടെ ഭാര്യ.