Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒറ്റ ചാർജിൽ 650 കിലോമീറ്റർ ഓടാൻ ഇമോഷൻ, ടെസ്‌ലയുടെ എതിരാളി

EMotion EMotion

എലോൺ മസ്കിനെയും ടെസ്‌ലയെയും പോലുള്ള വൈദ്യുത ആഡംബര കാർ നിർമാതാക്കളെ നേരിടാൻ ഹെനറിക് ഫിസ്കർ എത്തുന്നു. 1.29 ലക്ഷം ഡോളർ(ഏകദേശം 82.16 ലക്ഷം രൂപ) വിലമതിക്കുന്ന ആഡംബര, വൈദ്യുത കാറുമായിട്ടാവും ബി എം ഡബ്ല്യുവിന്റെയും ആസ്റ്റൻ മാർട്ടിന്റെയുമൊക്കെ ഡിസൈനറായിരുന്ന ഫിസ്കറുടെ വരവ്. 

ലാസ് വേഗസിലെ കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോ(സി ഇ എസ്)യിലാണു ഫിസ്കറുടെ ‘ഇമോഷൻ’ അരങ്ങേറ്റം കുറിച്ചത്. ‘ഇമോഷനി’ലൂടെ വാഹനലോകത്തേക്കുള്ള മടക്കം കൂടിയാവും ഫിസ്കർ മോഹിക്കുന്നത്; 2013ൽ അദ്ദേഹം അവതരിപ്പിച്ച ആദ്യ കാർ അധികം വൈകാതെ പിൻവലിക്കേണ്ടി വന്നിരുന്നു. 

ഇത്തരം തിരിച്ചടികൾ ആവർത്തിക്കാതിരിക്കാൻ പ്രത്യേക ശ്രദ്ധ പുലർത്തിയാണ് ഫിസ്കർ ഇൻകോർപറേറ്റഡ് ‘ഇമോഷ’നെ പടയ്ക്കിറക്കുന്നത്. സ്പോർട് കാറിന്റെ കാഴ്ചപ്പകിട്ടും ചിത്രശലഭത്തെ അനുസ്മരിപ്പിക്കുന്ന വാതിലുകളും സെമി ഓട്ടണോമസ് ഡ്രൈവിങ് സംവിധാനവുമൊക്കെയായി എത്തുന്ന കാറിന് ഒറ്റത്തവണ ചാർജ് ചെയ്താൽ 400 മൈൽ(650 കിലോമീറ്റർ) ഓടാനുമാവും. ആഡംബര സെഡാനുകളുടെ ഭാവിയെന്ന് ഫിസ്കർ അവകാശപ്പെടുന്ന ‘ഇമോഷൻ’ ഉടമസ്ഥരിലെത്താൻ രണ്ടു വർഷം വേണ്ടിവരുമെന്നാണു പ്രതീക്ഷ. എക്സ്റ്റൻഡഡ് ഡ്രൈവിങ് റേഞ്ച് പോലുള്ള സൗകര്യങ്ങൾ കൂടിയാവുന്നതോടെ ഇപ്പോൾ വൈദ്യുത കാറുകളിൽ മതിപ്പില്ലാത്തവരും ‘ഇമോഷൻ’ തേടിയെത്തുമെന്നു ഫിസ്കർ കരുതുന്നു.

സഞ്ചാരപരിധി ദീർഘിപ്പിക്കാൻ ഉതകുന്ന ബാറ്ററി സാങ്കേതികവിദ്യ വികസിപ്പിക്കാനും ഫിസ്കർക്കു പദ്ധതിയുണ്ട്. ഒപ്പം അതിവേഗം ചാർജാവുന്ന ബാറ്ററിയിലാണു ഫിസ്കറുടെ നോട്ടം. ഒൻപതു മിനിറ്റിൽ 125 മൈൽ കൂടി ഓടാൻ വേണ്ടത്ര ചാർജ് നേടുന്ന ബാറ്ററി വികസിപ്പിക്കുകയാണു ഫിസ്കറുടെ ദൗത്യം. പോരെങ്കിൽ ഒറ്റ മിനിറ്റിൽ പൂർണ ചാർജ് കൈവരിക്കുന്ന ഖരാവസ്ഥയിലുള്ള ബാറ്ററിയും വികസനഘട്ടത്തിലാണെന്നു ഫിസ്കർ അവകാശപ്പെടുന്നു.

കൂടാതെ ടെസ്‌ലയെ പോലെ ‘ഇമോഷ’നു പിന്നാലെ കുറഞ്ഞ വിലയ്ക്കു ലഭിക്കുന്ന വൈദ്യുത വാഹനവും ഫിസ്കറുടെ സ്വപ്നങ്ങളിലുണ്ട്. 40,000 ഡോളർ(ഏകദേശം 25.48 ലക്ഷം രൂപ) വിലയ്ക്കു ലഭിക്കുന്ന കാറാണു കമ്പനി ലക്ഷ്യമിടുന്നത്. ഇതോടൊപ്പം ‘ഓർബിറ്റ്’ എന്ന പേരിൽ സ്വയം ഓടുന്ന ഷട്ട്ൽ ബസ് പുറത്തിറക്കാനും ഫിസ്കർക്കു പദ്ധതിയുണ്ട്.