Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈദ്യുത കാറുകൾക്ക് ഗോവയിൽ നികുതിയില്ല

electric-car

പരിസ്ഥിതിയെ മലിനമാക്കാത്ത വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇത്തരം വാഹനങ്ങളെ ഗോവ സർക്കാർ റോഡ് നികുതിയിൽ നിന്ന് ഒഴിവാക്കി. ഇതോടെ രാജ്യത്തു തന്നെ വൈദ്യുത വാഹനങ്ങൾക്ക് നികുതി ഇളവ് അനുവദിക്കുന്ന അപൂർവം സ്ഥാനങ്ങളിലൊന്നായി ഗോവ മാറിയെന്നും ഗതാഗത ഡയറക്ടർ നിഖിൽ ദേശായി അറിയിച്ചു. മലിനീകരണത്തെ ചെറുക്കുകയെന്ന ലക്ഷ്യത്തോടെയാണു ഗോവ ഇത്തരം വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ വർഷം പത്തിൽ താഴെ വൈദ്യുത വാഹനങ്ങൾ മാത്രമാണു ഗോവയിൽ റജിസ്റ്റർ ചെയ്യപ്പെട്ടത്. 

നേരത്തെ വൈദ്യുത വാഹനങ്ങൾക്ക് പച്ച നിറമുള്ള നമ്പർ പ്ലേറ്റുകൾ ലഭ്യമാക്കാനുള്ള സാധ്യത പരിശോധിക്കുമെന്നു ‘നീതി ആയോഗ്’ പ്രഖ്യാപിച്ചിരുന്നു. kഒപ്പം ബാറ്ററിയിൽ ഓടുന്ന വാഹനങ്ങൾക്ക് മൂന്നു വർഷക്കാലത്തേക്ക് ടോൾ ഒഴിവാക്കാനും സൗജന്യ പാർക്കിങ് അനുവദിക്കാനും ആലോചനയുണ്ട്. പാർപ്പിട, ഷോപ്പിങ്, ഓഫിസ് സമുച്ചയങ്ങളിലെ പാർക്കിങ് സ്ഥലത്തിന്റെ 10% വൈദ്യുത വാഹനങ്ങൾക്കായി നീക്കിവയ്ക്കാൻ നിർദേശിക്കാനും ഇതുസംബന്ധിച്ച കരട് നയത്തിൽ ശുപാർശയുണ്ട്.

നിലവിൽ ആറുതരം നമ്പർ പ്ലേറ്റുകളാണ് രാജ്യത്തുള്ളത്. വെള്ള പശ്ചാത്തലത്തിൽ കറുത്ത അക്ഷരങ്ങളുള്ളത് സ്വകാര്യ വാഹനങ്ങൾക്കാണ്. മഞ്ഞ പശ്ചാത്തലത്തിൽ കറുത്ത അക്ഷരങ്ങളുള്ളവ വാണിജ്യ വാഹനങ്ങളും. കൂടാതെ സ്വയം ഓടിക്കാനായി വാടകയ്ക്കു ലഭിക്കുന്ന വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് കറുത്ത പ്രതലത്തിൽ മഞ്ഞ അക്ഷരങ്ങളിലാണ്. വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന ഇത്തരം വാഹനങ്ങൾ ഓടിക്കാൻ വാണിജ്യ ലൈസൻസ് ആവശ്യവുമില്ല. നീല പശ്ചാത്തലത്തിൽ വെള്ള അക്ഷരങ്ങളുള്ളവയാവട്ടെ എംബസി വാഹനങ്ങളാണ്. ഇതിനു പുറമെ രാഷ്ട്രപതിയും സംസ്ഥാന ഗവർണർമാരും ഉപയോഗിക്കുന്നതു ചുവപ്പ് നമ്പർ പ്ലേറ്റുകളാണ്. 

ഇവയ്ക്കു പുറമെ സൈനിക വാഹനങ്ങളുടെ ഉപയോഗത്തിനായി പ്രത്യേക നമ്പർ പ്ലേറ്റും നിലവിലുണ്ട്; ഇത്തരം പ്ലേറ്റുകളിൽ ആദ്യത്തെയോ മൂന്നാമത്തെയോ അക്ഷരം മുകളിലേക്കു ചൂണ്ടിയ അമ്പിന്റെ ആകൃതിയിലാവുമെന്നതാണു പ്രത്യേകത. രാജ്യത്തെ നഗരങ്ങളിലെ പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കാനും ക്രൂഡ് ഓയിലിനെ ആശ്രയിക്കുന്നതു കുറയ്ക്കാനും ലക്ഷ്യമിട്ടാണു രാജ്യം വൈദ്യുത വാഹനങ്ങളിലേക്കു തിരിയുന്നത്. 2030 ആകുമ്പോഴേക്ക് ബാറ്ററിയിൽ ഓടുന്ന വാഹനങ്ങൾ വ്യാപകമാക്കാനാണു കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.