Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്തുകൊണ്ട് ജീപ്പ് കോംപസ് സൂപ്പർ ഹിറ്റായി ?

Jeep Compass Jeep Compass

വിപണിയില്‍ എത്തിയ കാലം മുതലേ ജീപ്പ് സൂപ്പര്‍ഹിറ്റാണ്. ഓരോ മാസവും വില്‍പ്പനക്കണക്കുകൾ‌ മുന്നോട്ട് കുതിക്കുന്നു. ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം വിപണിയിലെത്തിയ ജീപ്പ് കോംപസ് ആവേശത്തോടെയായിരുന്നു സ്വീകരിക്കപ്പെട്ടത്. ഇന്ത്യയിൽ വിപണനം ആരംഭിച്ചതിന് ശേഷം റാംഗ്ലറും ചെറോക്കിയും പുറത്തിറക്കിയെങ്കിലും വില കൂടുതലായത് ജീപ്പ് പ്രേമികളെ നിരാശപ്പെടുത്തിയിരുന്നു. അമേരിക്കൻ നിർമാതാക്കളായ ജീപ്പ് ഇന്ത്യയില്‍ നിര്‍മിക്കുന്ന ആദ്യ എസ് യു വിയായ കോംപസ് ഇന്ത്യയില്‍ ഹിറ്റായത് എങ്ങനെ?

ജീപ്പ് ഒരു നൊസ്റ്റാള്‍ജിയ

നമ്മൾ ഇന്ത്യക്കാർക്ക് ജീപ്പ് ഒരു നൊസ്റ്റാൾജിയയാണ്. സൈനികാവശ്യത്തിനെത്തിയ എത്തിയ വില്ലീസ് ജീപ്പ് ഇന്ത്യക്കാരുടെ മനസിൽ ഇടം പിടിച്ചു. പിന്നീട് മഹീന്ദ്രയായി മാറിയെങ്കിലും ജീപ്പിനെ നാം കൈവിട്ടില്ല. വില്ലീസ് ജീപ്പിന്റെ രൂപത്തിൽ ഇന്നും നിരത്തിൽ കാണുന്ന വാഹനങ്ങൾ അതിന് ഉദാഹരണമാണ്. ജീപ്പിന്റെ ബ്രാൻഡ് മൂല്യം ഉയർത്തിക്കാട്ടിയായിരുന്നു അമേരിക്കയിൽ നിന്ന് എഫ്സിഐ ജീപ്പ് ബ്രാൻഡിനെ ഇന്ത്യയിലെത്തിച്ചത്. ആദ്യ രണ്ട് മോഡലുകളുടെ വില ജീപ്പ് ആരാധകരെ നിരാശരാക്കിയെങ്കിലും കോംപസ് എല്ലാവരേയും ഞെട്ടിച്ചു. പ്രാരംഭ വില സൃഷ്ടിച്ച തരംഗം വിൽപ്പനയിൽ എത്തിക്കാനും കമ്പനിക്കായി. പുറത്തിറങ്ങി ആറു മാസം കഴിയുമ്പോൾ എകദേശം 13500 കോംപസുകളാണ് ഇന്ത്യൻ നിരത്തിലെത്തിയത്.

പുതിയ രൂപം

എസ്‌ യു വി സെഗ്‌മെന്റിലെ കണ്ടുമടുത്ത വാഹനങ്ങളിൽ നിന്നൊരു മാറ്റമായിരുന്നു ജീപ്പ് കോംപസ്. പുതുമയുള്ള സ്റ്റൈല്‍ കോംപസിന് ഗുണം ചെയ്തു. ജീപ്പിന്റെ ൈലനപ്പിലെ ഏറ്റവും സ്റ്റൈലുള്ള വാഹനങ്ങളിലൊന്നാണ് കോംപസ്. ഒഴുക്കുള്ള രൂപവും മികച്ച ഡിസൈനിങ്ങും മസ്കുലറായ ബോഡിയും കോംപസിന് വിപണിയിൽ മേൽകോയ്മ നൽകി.

കുറഞ്ഞ വില

പുറത്തിറങ്ങുന്നതിന് മുൻപ് 20 മുതൽ 22 ലക്ഷം വരെയാണ് വില പ്രതീക്ഷിച്ചിരുന്നതെങ്കിലും 15 ലക്ഷം എന്ന പ്രാരംഭ വില കോംപസിനെ ജനകീയമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. പ്രീമിയം എസ് യു വികളെ മാത്രമല്ല എക്സ്‌യുവി 500, ഹെക്സ്, ക്രേറ്റ തുടങ്ങിയ വാഹനങ്ങൾക്കു ജീപ്പിന്റെ വില ഭീഷണി സൃഷ്ടിച്ചു.

ധാരാളം ഫീച്ചറുകള്‍

എതിരാളികളുമായി താരതമ്യം ചെയ്യുമ്പോൾ ധാരാളം ഫീച്ചറുകളുമായാണ് ജീപ്പ് കോംപസ് വിപണിയിലെത്തിയത്. ആറ് എയർബാഗുകൾ തുടങ്ങി എബിഎസ്, ഇപിഎസ്, ട്രക്ഷൻ കൺട്രോൾ, ഹിൽഹോൾ‌ അസിസ്റ്റ് കൺട്രോൾ, നാലു വീൽ ഡ്രൈവ് തുടങ്ങി ധാരാളം ഫീച്ചറുകളുണ്ട് കോംപസിൽ.

പെട്രോൾ– ഡീസൽ മോഡലുകൾ

എസ്‌യുവികൾ എന്നാൽ ഡീസൽ വാഹനങ്ങൾ എന്നാണ് പൊതുവേയുള്ള ധാരണ. എന്നാൽ ജീപ്പ് കോംപസ് വിപണിയിലെത്തിയത് പെട്രോൾ, ഡീസൽ എൻജിനുകളുമായിട്ടാണ്. പെട്രോൾ‌ എൻജിൻ കോപംസിന് വിപണിയിൽ നൽകിയ മുൻതൂക്കം കണ്ടിട്ടു തന്നെയാണ് മഹീന്ദ്ര എക്സ്‍‌യുവിയുടെ പെട്രോൾ പതിപ്പ് പോലും വിപണിയിലെത്തിച്ചത്.